Jyothy Sreedhar

പറയാത്ത പ്രണയം

നിന്നോട്‌ എനിയ്ക്കും പ്രണയമെന്ന്
പറഞ്ഞെങ്കിലെന്നോർക്കാറുണ്ട്‌.
അങ്ങനെയാകുമ്പോൾ,
അർത്ഥം രണ്ടുണ്ട്‌.
ഒന്ന്, നിന്നെ എനിയ്ക്കിഷ്ടമെന്ന്.
രണ്ട്‌, എന്നെ നിനക്കിഷ്ടമെന്ന്
പകൽ പോലെ
എനിയ്ക്‌കു‌ വ്യക്തമെന്ന്.

പക്ഷെ,
പറയാത്ത പ്രണയം തിളയ്ക്കുന്ന
നിന്റെ കണ്ണുകളിൽ
എനിയ്ക്കു‌ മാത്രം വായിക്കാവുന്ന
ഒരു ലിപിയിൽ
നിന്റെ ഹൃദയം എഴുതപ്പെടാറുണ്ട്‌‌.
പിടിക്കപ്പെടുമ്പോൾ,
നിന്റെ കണ്ണുകളിൽ
ഭാവമാറ്റങ്ങളുണ്ടായേക്കും.
ശബ്ദം കൊണ്ടു ഭഞ്ജിക്കപ്പെട്ടതിൽ
നിന്റെ മുഴങ്ങുന്ന നിശബ്ദത
എന്നോട്‌ പരിഭവിച്ചേക്കും.
ഒരു കുറ്റക്കാരനായി
നീ തലകുനിച്ചേക്കും.

അതിനാൽ വേണ്ട.
നിന്നിൽ ഞാൻ ഇഷ്ടപ്പെടുക
പറയാതെയും പ്രണയം പറഞ്ഞ്‌,
അതു തിരിച്ചറിയിപ്പിച്ച്‌,
മറുപടി ചോദിച്ച്‌,
അതും ശ്രദ്ധിച്ച്‌‌,
കേട്ടുവെന്നറിയിച്ച്‌,
കണ്ണുകൾ കൊണ്ട്‌ എന്റെ കൈപിടിച്ച്‌,
സ്വന്തമെന്നോതി നെഞ്ചോടു ചേർക്കുന്ന
നിന്റെ കണ്ണുകളുടെ
ചാതുര്യത്തെയാണ്‌.
എന്നും പുഞ്ചിരിയോടെന്നെ
പരാജയപ്പെടുത്തി
ലോകം ജയിച്ചെന്ന മട്ടിൽ
എന്നോട്‌ യാത്രചൊല്ലി
എന്നെ ആവാഹിച്ചെടുക്കുന്ന
നിന്റെ അഗാധമായ
കൃഷ്ണമണികളെയാണ്‌.

അതിനാൽ,
ഞാൻ പ്രണയം പറയുമെങ്കിൽ,
“ഞാൻ നിന്നെ പ്രണയിക്കുന്നു”-
വെന്നു മാത്രമാകും എന്റെ വാക്യം.

അങ്ങനെയാകുമ്പോൾ,
എന്നിലെ പരാജിതയുടെ
കുനിഞ്ഞ ശിരസ്സിൽ
നീ കാണാതെ,
എന്റെ ലജ്ജയും
എനിയ്ക്കൊളിപ്പിക്കാനാകും.