Jyothy Sreedhar

നേര്‍പാതികള്‍


പ്രണയമെന്നു കേട്ടാൽ
ഭയമാണ്‌,
ധൈര്യവും.

വിരോധാഭാസങ്ങൾ സമ്മാനിച്ചുകൊണ്ട്‌
നീ കടന്നു വന്നതു മുതൽ
ഉള്ളിൽ ഒരു ലഹളയുണ്ട്‌.
ശരീരം നേർപാതിയായി
തമ്മിൽ സദാശണ്ഠയാണ്‌.

നിന്റെ നാമം എഴുതപ്പെട്ട
എന്റെ ഡയറിത്താളിലേയ്ക്ക്‌
ഒരു കണ്ണെത്തിനോക്കുന്നു,
വായിക്കാൻ തിരക്കുകൂട്ടുന്നു.
മറുകണ്ണ്‌ ശകാരിക്കുന്നു.
പ്രയാസപ്പെട്ട്‌ ദൃഷ്ടിയെ തിരിയ്ക്കുന്നു.
ആ താളിൽ നിന്റെ നാമത്തിനു മേൽ
ഒരു കൈ തഴുകുമ്പോൾ
മറുകൈ നിന്നെ പൊത്തുന്നു;
ധൃതിയിൽ താൾ മറിച്ചോടുന്നു.
ഒരു കാത്‌ കൂർത്തിരിക്കുന്നു,‌
എന്തോ കേൾക്കുവാനെന്ന പോലെ,
സദാനേരവും.
കേൾവിയുടെ കൈവഴികൾ
അതിൽ നിന്ന് പുറപ്പെടും.
നിന്റെയോ, നിന്നെക്കുറിച്ചുള്ളതോ
ആകുന്ന വാക്കുകളെ വാരിപ്പെറുക്കും.
മറുകണ്ണുമായുള്ള ഗൂഢാലോചനയിൽ
മറുകാത്‌ ആ കേൾവിയെ വിലക്കും.
ഒരു കാൽ നിന്നിലേയ്ക്ക്‌ നടക്കും,
മറുകാൽ പുറകോട്ടടി വയ്ക്കും.
ഒരു നാസദ്വാരം നീയെന്ന ശ്വാസമെടുക്കും,
മറ്റേത്‌ നിന്നെ പുറന്തള്ളും.

ഈ ദേഹം മുഴുവനും യുദ്ധമാണ്‌,
നിനക്കു വേണ്ടി.
പാതികളായി തിരിച്ചാൽ,
ഒന്ന് നിന്റേതും, മറ്റേതെന്റേതുമാകുന്നില്ല.
ഒന്ന് ചത്തൊടുങ്ങുകയേ ഉള്ളൂ.
ഞാൻ വസിക്കുമെങ്കിലത്‌
ഓരോ അണുവും നിന്റേതായ പാതിയിൽ.