Jyothy Sreedhar

നീയില്ലായ്മ

നീയില്ലായ്മയെന്നാൽ
സർവ്വവുമില്ലായ്മയാണ്‌.

ഒരു തമോഗർത്തം പോലെ,
മരണത്തിനും എത്താൻ കഴിയാതെ
എനിയ്ക്ക്‌ സ്വയം നഷ്ടപ്പെടുന്നയൊരിടം.

അതിനാൽ,
നീയില്ലായ്മയെന്നാൽ, എനിയ്ക്ക്‌
ഞാനുമില്ലായ്മയാണെന്ന്
നീയറിയുക.

കുടഞ്ഞെറിയാൻ കഴിയാതെ
അകലമെന്ന അസ്വസ്ഥതയെ
ഞാൻ പേറുമ്പോൾ
നീയും അത്‌ പങ്കിടുക.

ദൂരം കൊണ്ട്‌ വിരഹിതരായ നമുക്ക്‌
നമ്മുടെ തീവ്രമായ അസ്വസ്ഥതകളാൽ
അകലങ്ങളിൽ‌ ഒരുമിക്കാം.

പിന്നെ,
സർവ്വവുമില്ലായ്മയിലൂടെ ഒരുമിച്ച്,
അകലങ്ങളിലെ,
നമുക്കു ചുറ്റുമുള്ള തമോഗർത്തങ്ങളിൽ‌ ഇല്ലാതെയാകാം.

അങ്ങനെ ഒരിക്കൽ,
മൂർച്ചിച്ച്‌ തീക്ഷ്ണമാകുന്ന
നമ്മുടെ വിരഹത്തിന്റെ അഗ്നിപാതകൾ
സന്ധിച്ചൊന്നായിടുമ്പോൾ
അതിന്റെ മദ്ധ്യത്തിലാണ്‌
നാം വീണ്ടും കണ്ടുമുട്ടേണ്ടത്‌.

അവിടെ പുഷ്പങ്ങളുണ്ടാവില്ല.
അത്യുഷ്ണത്തിൽ അവ കരിഞ്ഞിരിക്കും.
അതിനാൽ വസന്തവും ഉണ്ടാവില്ല.
മഴ നമ്മിലേയ്ക്കെത്താൻ കഴിയാതെ
മേഘത്തിന്റെ ഭ്രൂണത്തിൽ തന്നെ
ആത്മത്തെ ഹത്യ ചെയ്തിരിക്കും.
സുഖകരമായ ഊഷ്മാവിനെ
നീ പ്രതീക്ഷിക്കരുത്‌.

ഉണ്ടാവുക,
ആ ഉഷ്ണത്തെ ചെറുക്കാൻ കഴിയുന്ന
നമ്മൾ മാത്രമാകും.

അന്നേരം,
അതിനേക്കാൾ താപമുള്ള
നിന്റെ നെഞ്ചിന്റെ ചൂടിലേയ്ക്ക്‌
ഓടിയണച്ച്‌,
ഞാൻ തല ചായ്ക്കാനൊരുങ്ങുമ്പോൾ
എന്നെ തടഞ്ഞ്‌,
അതിനേക്കാൾ അഗ്നിയുള്ള
ചുമ്പനം കൊണ്ട്‌
നീയെന്നെ വരവേൽക്കുക.