Jyothy Sreedhar

നീയാകണം!

പുറംതോലിൽ കുത്തിയിറങ്ങി
എന്റെ ഓരോ അണുവും
നീയാകണമെന്ന വാശിയുണ്ടോ?

ഉണ്ടായിരിക്കണം!
അല്ലെങ്കിൽ,
ഈ അകന്നിരിപ്പ്‌ എന്തിനാണ്‌!

നീയില്ലെങ്കിൽ,
നീ സർവ്വവുമായി മാറലാണെന്ന്
ഞാൻ പറയേണ്ടതുണ്ടോ?

പൊടുന്നനെ, ചുറ്റുമുള്ളതെല്ലാം
എത്ര തിടുക്കത്തിലാണ്,
വീറോടെ മത്സരിച്ചു
നിന്നെ നിറയ്ക്കുന്നത്!

കാതും കണ്ണുമടച്ചു പൂട്ടിയാലും
ഉൾക്കിണറിൽ നിന്ന്
തീവ്രദാഹത്തോടെ
നിന്നെത്തന്നെ വിഴുങ്ങുകയാണ്
എന്‍റെതെന്നു ഞാൻ
ഇത്രനാളും കരുതിയ
ഇന്ദ്രിയങ്ങൾ!

പിടഞ്ഞ്,
നിന്നിൽ നിന്ന്, നിന്നോടു തന്നെ
മോചനം യാചിക്കുമ്പോഴും
ഉള്ളിൽ പിന്നിലേക്കുള്ള നോക്ക്.

ഒടുവിൽ നിന്റെ,
നനവുകൾ കത്തിച്ചാവിയാക്കിയ
ചുണ്ടിൻ പലകയിൽ,
അന്നു കത്തിയ ചുംബനങ്ങളിലൊന്നിനെ
ആണിയടിച്ചു പ്രതിഷ്ഠിച്ച്
എന്റെ പാരതന്ത്ര്യത്തെയോർത്ത്
എന്റെ അഹങ്കാരം.

അകന്നിരിപ്പിൽ
നിന്നോട് കുപിതയായും,
പിണങ്ങിയും, തോറ്റം പറഞ്ഞും,
കരഞ്ഞും, കെഞ്ചിയും
സദാ നിന്നിൽ തന്നെ ചുറ്റുന്ന
എന്റെ മനസ്സ്.

നീയണിയാൻ ശ്രമിച്ച
നിസ്സഹായതയുടെ നാട്യത്തെ
പകയോടെ വെട്ടിമാറ്റി
നിന്റെ പ്രണയം
ഞാൻ തുറന്നുകണ്ടപ്പോൾ
തളർന്നു വീഴുന്ന തീക്ഷ്ണത.

മൂഢനാണ് നീ!
നിന്റെ നാസദ്വാരങ്ങളിൽ സദാ
ഞാൻ തുളഞ്ഞു കയറുമ്പോൾ,
ചിന്തയിൽ മിന്നൽ പോലെ
ഞാൻ തെളിഞ്ഞു വീശുമ്പോൾ
നിന്നിൽ നിന്ന് ഞാൻ അകന്നിരിക്കുവാൻ
നീ കല്പിക്കുന്നുവോ?

അകന്നിരിക്കുകയെന്നാൽ
അത്രമേൽ ദാഹത്തോടെ
ചേർന്നിരിപ്പാണ്,
ഇഴയിണക്കമാണ്,
ലയനമാണ്.

മഴ മുതൽ മണ്ണു വരെ
നിന്റെ ഗന്ധമാകലാണ്.
ഇടിമുഴക്കങ്ങൾ, ഇലയനക്കങ്ങൾ,
നീ എന്ന കേൾവിയാകലാണ്.

നമ്മുടെ പ്രണയം അഗ്നിപർവ്വമാണ്.
ഒടുവിലത് പൊട്ടിയൊലിക്കുന്ന ദിനം
അതിൻ ലാവയിലൊഴുകിയിറങ്ങി
അതിൽ തന്നെ ചുടുകണങ്ങളായി
നാം ഒടുങ്ങണമെന്നതാണ്
ഏറ്റവും തീക്ഷ്ണമായ എന്റെ സ്വപ്നവും!
പിന്നെയീ ഭൂമി പോലും
കേവല വിസ്മൃതിയായ്‌ മാറുമ്പോൾ
അവസാന താളിൽ
നമ്മളുണ്ടാകണമെന്നും.

ഈ തീക്ഷ്ണമായ സ്വപ്നങ്ങളെയാണോ,
എന്റെയുള്ളിൽ തിളയ്ക്കുന്ന
ഞാനായ നിന്നെയാണോ,
നിന്റെ തണുത്തുറഞ്ഞു
മഞ്ഞായ മൗനം കൊണ്ട്
നിനക്ക് തോൽപിക്കേണ്ടത്‌?