Jyothy Sreedhar

നിലാവിന്‍റെ സുഗന്ധം

നിലാവിനു കീഴെ- യെന്നും പ്രണയമുണ്ട്.

നമ്മുടെ മാത്രം ശബ്ദം, രാത്രിയുടെ നിശബ്ദത, ഒരു ചെറുമഴയില്‍ അതിന്‍റെ 'ശ്'കാരം. ഒരിളംതെന്നലില്‍ ശൂന്യതയുടെ ചലനം.

നിലാവിനു കീഴിലാണ് എന്നോട് ചേര്‍ന്ന് നീയിരുന്ന് വിശേഷങ്ങള്‍ പറയാറ്. നിന്‍റെ സംസാരങ്ങളെ കണ്ണുചിമ്മാതെ ഞാന്‍ കണ്ടുകേള്‍ക്കാറുള്ളത് നിന്നെയറിയിക്കാറില്ല.

നിന്‍റെ ശരീരഭാഷ, ആംഗ്യങ്ങള്‍, ഉച്ചരിക്കുന്ന വാക്കുകള്‍, നീ കൊടുക്കുന്ന ഭാവം, നിന്‍റെ കണ്ണുകളിലെ ആകാംക്ഷ - നീയുച്ചരിക്കുന്നയോരോ വാക്കും ഒരു രാജാവിനെപ്പോലെ നീ സ്വന്തമാക്കുന്നു. നിന്‍റെയോരോ വാക്കിന്‍റെയും ഭൂമിക നീയാകുന്നു.

നീ പറയുന്ന വാക്കുകള്‍ക്കൊപ്പം നിന്‍റെ നിശ്വാസത്തോടലിഞ്ഞുചേരുന്ന ക്ഷീണമുള്ള ഒരു ചെറുഗന്ധമുണ്ട്. നിന്‍റെ ഹൃദയത്തിനുള്ളില്‍ നിന്നുവരുന്ന വാക്കുകളുടെ സുഗന്ധമെന്നു ഞാന്‍ നിര്‍വചിക്കുന്നയൊന്ന്‍.

ഓരോ വാക്കിനുമൊപ്പം നിന്‍റെ കൈ ചലിക്കുമ്പോള്‍ നീ വകഞ്ഞു മാറ്റുന്ന കാറ്റില്‍ നിന്‍റെ കയ്യിന്‍റെ ഗന്ധമുണ്ട്. അതില്ലയെങ്കില്‍, വായു നിര്‍ജ്ജീവമെ- ന്നെനിക്കു തോന്നാറുണ്ട്.

ഒടുവില്‍ നിന്‍റെ വിയര്‍പ്പ് തിങ്ങി എന്‍റെ ശ്വാസത്തില്‍ അലിയുമ്പോഴാണ് നിന്‍റെ സാമീപ്യത്തിന്‍റെ അനുഭൂതി എനിക്കു പൂര്‍ണ്ണമാകുന്നത്. ആ വിയര്‍പ്പോടെ, ഒരു കയ്യാലെന്നെ നീ ചേര്‍ത്തുപിടിക്കുമ്പോഴാണ് നീയാണെന്‍റെ ലോകമെന്നു തോന്നാറ്.

പക്ഷെ, നിലാവിനു സുഗന്ധമുണ്ട് എന്നുച്ചത്തില്‍ പറഞ്ഞത് നീ മാത്രമാണ്.