Jyothy Sreedhar

നിന്റെ കണ്ണുകൾ

നിന്റെ കണ്ണുകളിൽ എന്റെ കാത്തിരിപ്പിന്റെ ഭൂതകാലം പതഞ്ഞുയർന്ന് നിന്റെ മൂല്യം ഓർമ്മിപ്പിക്കുന്നു, നിന്നിലേയ്ക്കെത്താൻ ഞാൻ താണ്ടിയ രാത്രികളും പകലുകളും ഋതുക്കളുമടക്കം. ഇനിയും ഞാൻ താണ്ടുവാനുള്ള യോജനകളുടെ ഭൂപടവുമതിലുണ്ട്‌. പിന്നെ, നിന്നോടൊത്തുള്ള നിമികളാണ്‌ എന്റെ ജന്മത്തിന്റെ ദൈർഘ്യമെന്നു ചൊല്ലുന്ന എന്റെ ജീവിതഘടികാരവുമുണ്ട്‌. നിന്റെ കണ്ണുകളിൽ മരിക്കാതിരിക്കാനായ്‌ കൊതിച്ച്‌ അമൃതിനായ്‌ കൈനീട്ടിയ എന്റെ അതിഗാഡപ്രണയത്തിന്റെ നിശ്ചലചിത്രമുണ്ട്‌. നിന്റെ ഹൃദയത്തിൽ കൊളുത്തുവാൻ എന്റെ ഹൃദയം കൊതിച്ച്‌, അതിനായ്‌ വച്ച താക്കോൽ വെടിഞ്ഞയൊരു പൂട്ടുണ്ട്‌. എന്റെ കണ്ണുകളിൽ നിന്നു പുറപ്പെട്ട്‌ കാഴ്ചയുടെ ഒരു നേർവ്വഴിയിലൂടെ നിന്റെ കണ്ണുകളെ സ്വന്തമാക്കാൻ തീവ്രമായ്‌ ഞാൻ കൊതിച്ചപ്പോൾ നീ ലിഖിതമാക്കിയ 'വേണ്ടെ'ന്ന വാക്കുണ്ട്‌. നിന്റെ കണ്ണുകൾ കൊലപാതകികളാണ്‌; മൃതസഞ്ജീവനിയും.