Jyothy Sreedhar

നിദ്ര

വര്‍ത്തമാനങ്ങള്‍ തോരാതെ പറഞ്ഞ്, നിന്‍റെ പാതിയടഞ്ഞ ശബ്ദം കേട്ട്, ഉണര്‍വ്വിന്റെ അവസാനനിമിയും നിന്നോട് പങ്കുവ- ച്ചോരോ രാത്രിയും ഞാന്‍ നിദ്രയിലേയ്ക്കു വഴുതുമ്പോള്‍, നിന്നില്‍ നിന്നുള്ള വേര്‍പാട് ഞാന്‍ അറിയാറുണ്ട്. നിന്നോടുള്ള നഷ്ടബോധം എനിക്കേറെയും തോന്നാറ് ഉറങ്ങും മുതല്‍ ഉണരും വരെയാണ്. ഇടയില്‍ കണ്ണുറക്കുന്ന നിമിഷങ്ങളില്‍ പാതിബോധത്തിലും ഞാന്‍ ചെയ്യുക നിന്നെ സ്പര്‍ശിക്കുക എന്നതാണ്; നിന്‍റെ വിരലിനോടെന്‍റെ വിരലുടക്കി നിന്‍റെ സാന്നിധ്യമുറപ്പാക്കുക എന്നതാണ്. ഹൃദയമിടിയ്ക്കുന്ന നിന്‍റെ നെഞ്ചുമുതല്‍, എന്നെയുള്‍ക്കൊള്ളുന്ന നിന്റെയിടതുകൈ വരെയുള്ള വിടവില്‍ തലചേര്‍ത്തുറങ്ങുമ്പോള്‍ അതിനുള്ളില്‍ വിടരുന്ന സ്വപ്നങ്ങളില്‍ നിന്‍റെ മുഖം കണ്ട്, ഞാനവയെ സ്വന്തമാക്കാറുണ്ട്. നിന്നോടോപ്പമുള്ള രാത്രിയെ, പകലിനെ, നിദ്രയെ, നിന്നെ വരയ്ക്കുന്ന സ്വപ്നങ്ങളെ, ഞാന്‍ സ്നേഹിയ്ക്കുന്നു. അവയില്‍ നിന്‍റെ നെഞ്ചിലെ ചൂട് ചേര്‍ക്കപ്പെട്ട്, ചുറ്റുമുള്ള സാങ്കല്‍പ്പികശൈത്യത്തെ കൂടുതല്‍ ഭംഗിയുള്ളതാക്കുന്നു. എന്നെ നിന്നോട് കൂടുതല്‍ ചേര്‍ക്കുന്നു. അന്നേരം, ദൂരെയൊരിടത്ത്, എന്‍റെ പേരിട്ട തലയിണയെ പുണര്‍ന്ന്, എന്‍റെ വിരലില്‍ നിന്‍റെ വിരല്‍ കോര്‍ത്ത്‌, എന്‍റെ മുടിയെ തഴുകി നിശ്വസിച്ച്, നീ ഉറങ്ങുന്നുവെന്ന് ഞാന്‍ അറിയാറുണ്ട്.