Jyothy Sreedhar

ദൂരം

എന്‍റെ ഇന്ദ്രിയങ്ങള്‍ക്കും എനിയ്ക്കുമിടയിലെ ദൂരമാണ് നീ. അല്ലെങ്കില്‍ അവയെ ചേര്‍ക്കുന്ന അടുപ്പം. കണ്ണുകള്‍ കൊണ്ടല്ല നീയെന്ന കാഴ്ചയെ ഞാന്‍ കാണുന്നത്. എന്‍റെ കണ്‍പോളയ്ക്കും കണ്ണുകള്‍ക്കുമിടയിലെ സുവ്യക്തമായ കാഴ്ചയില്‍ എനിക്കു കാണാവുന്നത് നിന്നെ മാത്രമാണ്- നിന്‍റെ ചേഷ്ടകള്‍, നിന്‍റെ പുഞ്ചിരി, നിന്‍റെ കണ്ണുകള്‍, നിന്‍റെ രൂപം, നിന്‍റെ പൌരുഷമുള്ള ഗൌരവം, നിന്‍റെ കളിയായുള്ള കുട്ടിത്തം... പിന്നെ, എന്നെയുള്‍ക്കൊള്ളുവാന്‍ ഇരുവശത്തേയ്ക്കും വിടര്‍ന്ന നിന്‍റെ രണ്ടു കയ്യുകള്‍. അതിനിടയില്‍ ഞാന്‍ കേള്‍ക്കുവാന്‍ ഹൃദയമിടിപ്പുകളൂറി വന്ന നിന്‍റെ വിരിഞ്ഞ നെഞ്ച്. എന്‍റെ കേള്‍വിയ്ക്ക് പിന്നിലെ പൌരുഷശബ്ദമാണ് നീ. ഭൂമിയുടെ അലര്‍ച്ചയ്ക്കെതിരെ ഞാന്‍ ചെവി പൊത്തുമ്പോഴാണ് നിന്നെ ഞാന്‍ ഏറെയും കേള്‍ക്കാറ്. നിന്‍റെ മൌനത്തില്‍ നിന്നടര്‍ന്നു വീണ പ്രണയമുറിവാക്യങ്ങളടക്കം; എനിയ്ക്കു തരാതെയെങ്കിലും ചുണ്ടുകള്‍ക്കിടയില്‍ തത്തിയ നിന്‍റെ ചുംബനശബ്ദമടക്കം. എന്‍റെ രോമങ്ങള്‍ക്കൊരിഞ്ചു മേലെ നിന്‍റെ ശ്വാസം തഴുകുമ്പോള്‍, സ്പര്‍ശത്തെക്കാളേറേ ശൃംഗാരമാര്‍ന്ന ഒരു ചെറുശ്വാസക്കാറ്റായി പ്രണയമടക്കം നീ മാറുമ്പോള്‍, സ്പര്‍ശവും സ്പര്‍ശവും തമ്മില്‍ വ്യത്യാസമുണ്ടാകുന്നു, ദൂരവും. ഇടയില്‍ നീ എന്ന ഒരാള്‍ ദൂരത്തിന്റെ നിര്‍വചനമാകുന്നു. ഹൃദയബുദ്ധികള്‍ തോറ്റ ഒരിടത്ത് എവിടെയെന്നറിയാത്ത സ്വര്‍ഗ്ഗംപോലെ, എന്നിലോ, എനിക്കപ്പുറമോ, മനസ്സെന്ന ഒന്നുള്ളത് എന്‍റെ പഞ്ചേന്ദ്രിയങ്ങളുടെ തോല്‍വിയാകുന്നു; നിന്‍റെ ജയവും.