Jyothy Sreedhar

തുറന്നു പറയാതെ...

ഒരു ചെറുചിരിയോടെ, എന്നെ സ്നേഹിക്കുന്നു എന്ന് നീ പറയുമ്പോള്‍, തുറന്നു പറയാന്‍ എനിക്കാവുന്നില്ല നിന്നെ ഞാനും സ്നേഹിക്കുന്നുവെന്ന്, നീ തൊട്ടരികില്‍ നില്‍ക്കുമ്പോഴും. പക്ഷെ, രാത്രിയുടെ മധ്യത്തില്‍ നീ ചൂണ്ടുന്ന വിരലിനപ്പുറം ഞാന്‍ കാണുന്നതാണെനിക്ക് ചന്ദ്രന്‍. ഉച്ചവെയിലില്‍, എനിക്ക് നിഴലേകി നീ നില്‍ക്കുമ്പോള്‍, നിനക്ക് പുറകില്‍ എരിഞ്ഞടങ്ങുന്നതാണെനിക്ക് സൂര്യന്‍. ഇടയില്‍ നീ എന്ന പ്രപഞ്ചം. അതിനപ്പുറം, ഏതു ഭൂമി വേണമെനിക്ക്; എതാകാശവും...?