Jyothy Sreedhar

ഞാൻ ഒരുങ്ങുകയാണ്

ഞാൻ ഒരുങ്ങുകയാണ്‌,
എന്റെ പ്രണയത്തെ
നിന്റെ മുന്നിൽ തുറന്നു വച്ച്‌
ഒരു കുംബസാരക്കൂട്ടിലെന്ന പോലെ
പരിശുദ്ധയാകാൻ;
ഒന്നൊഴിയാതെ,
മുൻപു പറഞ്ഞ കള്ളങ്ങളെ ചികഞ്ഞ്‌
നിന്റെ‌ മുന്നിൽ ഏറ്റുപറയുവാൻ,
പിന്നെ, പറയാത്ത സത്യങ്ങളെ
ഒന്നൊന്നായ്‌ പറഞ്ഞുതീർക്കുവാൻ,
ഞാൻ ഒരുങ്ങുകയാണ്‌.

നീ അത്ഭുതപ്പെട്ടേക്കും.
നിനക്കും എനിയ്ക്കുമിടയിൽ
നീ അറിയാതിരുന്ന ഈ ദൂരത്തെ‌
വിശ്വസിക്കാൻ നിനക്കു കഴിഞ്ഞേക്കില്ല.
നീ പൊട്ടിത്തെറിച്ചേക്കും.
അപ്പോൾ, ഞാൻ തലകുനിച്ച്‌
ഒരു കുറ്റവാളിയെ പോലെ നിന്നേക്കും.
എന്നോട്‌ ക്ഷമിയ്ക്കുക.
തെറ്റുകൾ എന്റേതാണ്‌.
ആ ദൂരത്തെ ഒരേറ്റുപറച്ചിലിനാൽ
വേരോടെ പിഴുതിയെറിയുവാൻ,
നിന്നോട്‌ ഏറ്റവുമടുത്താകുവാൻ,
നമ്മുടേതാകുന്ന നാളേയ്ക്കായി
ഞാൻ ഒരുങ്ങുകയാണ്‌.

ചിലപ്പോൾ,
നീ പുഞ്ചിരി തൂകിയേക്കും.
പറയാതെയും നീയറിയുവാൻ
വാക്കുകൾക്കിടയിൽ, മൂളലുകൾക്കിടയിൽ
ഞാൻ വിട്ട വിടവുകൾ അനവധിയാണ്‌.
എങ്കിലും നീയറിഞ്ഞുവെന്ന് തീർച്ചയില്ല.
ഒരു കുംബസാരത്തിനു ശേഷമുള്ള
ശാന്തതയെ, തെളിഞ്ഞ മനസ്സിനെ
ഞാൻ ഉറ്റുനോക്കുന്നുണ്ട്‌.
ആ കുഞ്ഞോളങ്ങളിൽ ഒരു സ്നാനത്തിനായ്‌
ഞാൻ കൊതിയ്ക്കുന്നുണ്ട്‌.
അതിനാൽ,
നമുക്കിടയിൽ കറുത്തദൂരമില്ലാത്ത
തെളിഞ്ഞ ഒരു പകലിനായ്‌
ഞാൻ ഒരുങ്ങുകയാണ്‌.

എങ്ങനെയെന്ന കണക്കുകളില്ല.
ആഡംബരങ്ങളുണ്ടാവില്ല.
അലങ്കാരവസ്തുക്കളെ കാണില്ല.
നിറങ്ങളോ മഴയോ സന്ധ്യയോ ഉണ്ടാകില്ല.
സത്യങ്ങൾ കുത്തിനിറച്ച
എന്റെ മനസ്സു മാത്രമുണ്ടാകും.
ഒരാശ്വാസമെന്തെന്നാൽ,
ഇത്രനാളും വേണ്ടിയിരുന്ന അനാവശ്യമായ സൂക്ഷ്മതയെ
എനിയ്ക്ക്‌ ഇനി വലിച്ചെറിയാം എന്നതാണ്‌.
പിന്നെയുള്ള നിമിഷങ്ങൾ
നമുക്കിടയിലെ തെളിനീരിനെ,
ശുദ്ധശ്വാസം നിറയ്ക്കുന്ന ആൽമരങ്ങളെ,
തൂവെള്ളയായ തുമ്പപ്പൂക്കളെ
പ്രകടമാക്കും.
ഞാനും നീയും
ശുദ്ധമായി ശ്വസിയ്ക്കും.
നിറഞ്ഞ്‌, തുറന്ന്, പുഞ്ചിരിയ്ക്കും.
പരിശുദ്ധമായ പ്രണയത്തിന്റെ
പിരിയാനാകാത്ത രണ്ടു നാളങ്ങളാകും.

ഞാൻ ഒരുങ്ങുകയാണ്‌, പ്രിയസ്നേഹിതാ,
നാളെയാൽ ഒരു പരിവർത്തനം കുറിച്ച്‌
കൽപിത ദൂരങ്ങളെ ഇല്ലാതാക്കുവാൻ,
നിന്റെ ഹൃദയമിടിപ്പോളമെത്തി
അതിന്റെ ദുന്ദുഭീനാദത്തിൽ
എന്റെ പ്രപഞ്ചത്തിന്റെ ആദിനാദവും കേട്ട്‌
നീയെന്ന പ്രണയത്തിലേയ്ക്കുണരുവാൻ,
നിന്റെ മുന്നിൽ
പരിശുദ്ധമായ, നഗ്നമായ,
ഒരു ആത്മനാളമായ്‌ മാറി
എന്റെ ജന്മത്തിനൊരു പുതുജന്മം നൽകുവാൻ.

നാളെ, സത്യത്തിന്റെ മുള്ളുകളാൽ
നിനക്ക്‌ നോവുമെങ്കിൽ
നിന്നെ ഞാൻ ശുശ്രൂഷിച്ചുകൊള്ളാം.
മുറിവുകളെ ഗാഢചുംബനങ്ങളാൽ കരിച്ച്‌
നിന്നെ സുഖമാക്കി കൊള്ളാം.
എന്റെ പ്രണയതീക്ഷ്ണതയെ ഏറ്റുവാങ്ങുവാൻ
നിന്റെ നെഞ്ചിന്റെ താപത്തെ സജ്ജമാക്കുക.
ഇഷ്ടമെങ്കിൽ,
അവിടെ എന്നെ പ്രതിഷ്ഠിക്കുക.
ശേഷം, നിന്നുള്ളിലെ എന്നെ
പകലോളം, രാവോളം കാക്കുവാൻ
നിന്റെയാ നെഞ്ചിൽ തന്നെ തലചായ്ക്കുവാൻ
എന്നെ അനുവദിയ്ക്കുക.
നിന്റെ താപത്തെ, മിടിപ്പുകളെ,
നെഞ്ചിന്റെ പൗരുഷത്തെ
എനിയ്ക്കു നൽകുക.
ഞാൻ ഒരുങ്ങുകയാണ്‌.