Jyothy Sreedhar

ജയം

എഴുതണമെന്ന് ഒരു ആഗ്രഹം. ആദ്യത്തെ ചിന്ത ദൂരത്തെക്കുള്ള ഒരു ബസ്‌. വികാരം അനിശ്ചിതം. അതിനൊപ്പം സഞ്ചരിക്കാന്‍ ആവാതെ എന്ടെ കാലുകള്‍ കുഴയുന്നു. പ്രകാശങ്ങള്‍ പോരാടുന്ന സന്ധ്യയില്‍ ചിന്തകള്‍ ദൂരങ്ങളെ കുടഞ്ഞെറിയുന്നു. അപ്രാപ്യമായ ഒരു ഉച്ചസ്വപ്നം എന്ടെ കണ്ണുകളില്‍ നിറഞ്ഞാടുന്നു. ഞാന്‍ അതിനെ സ്നേഹിക്കുന്നു. സത്യം ആപേക്ഷികം. ശരികള്‍ സംശയാസ്പദം. ഒന്നാം ക്ലാസ്സിലെ റബ്ബര്‍ കൊണ്ട് എനിക്കായി കുറിച്ചതെല്ലാം മായ്ക്കാന്‍ ശ്രമിക്കുന്നു . ശാസ്ത്രങ്ങള്‍ എഴുതിയ പേനയിലെ കറുത്ത മഷി മായാന്‍ കൂട്ടാക്കാതെ കൂടുതല്‍ തെളിയുന്നു. അതിന്റെ പിന്നാമ്പുറങ്ങളില്‍ ഡിസംബറിന്റെ മഞ്ഞു പോലെ മുഖങ്ങള്‍. അരികില്‍ കോതിവരച്ച മങ്ങിയ ഒരു മൂന്നക്ഷരവാക്ക് ഒരു പ്രാവിന്റെ ജനനത്തില്‍ തുടങ്ങി ഒരു കയത്തിന്റെ അന്ത്യത്തില്‍ എത്തിച്ചേരുന്നു. നടുക്ക് വൃണത്തിന്റെ ജീവസ്സ്. അതില്‍ ഞാന്‍ മയങ്ങുന്നു. സ്വപ്‌നങ്ങള്‍... അത് ചാടിക്കടക്കുന്നു- അക്ഷരങ്ങളുടെ അതിരുകളെ. ജയിക്കുന്നു വേര്‍തിരിവുകളെ. സമൂഹത്തെ. തെളിയിക്കപ്പെടാത്ത ഗുണപാഠകഥകളെ. എന്നെ.