Jyothy Sreedhar

ചില പ്രണയങ്ങള്‍

ചില പ്രണയങ്ങള്‍ തുറന്നുപറയേണ്ടതില്ല. അതിനായ്‌ വാക്കുകള്‍ തപ്പേണ്ടതില്ല. കൂട്ടിലിട്ട കിളിയെപോലെ ഓരോ നിമിഷവും കൊഞ്ചിക്കേണ്ടതില്ല. നഷ്ടപ്പെടുമെന്ന ഭയത്തില്‍ സ്വത്വത്തെ മറന്ന് അതിനെ മിനുക്കേണ്ടതില്ല.

ചില പ്രണയങ്ങള്‍ ശിശുവിന്‍റെ കവിളിലെ ചുവന്ന തുടിപ്പുപോലെ പറയാത്ത വാക്കുകളില്‍ നിറഞ്ഞു നില്‍ക്കും. അവ തുളുമ്പില്ല.

സ്ത്രീയെങ്കില്‍, പൊട്ടിത്തെറിക്കുന്ന താണ്ഡവങ്ങള്‍ക്കിടയില്‍, വെറുതെ തട്ടിക്കൂട്ടുന്ന പിണക്കങ്ങള്‍ക്കിടയില്‍, അവളുടെ, പ്രണയാതുരമായ കടക്കണ്ണിന്‍റെ ചിലങ്കശബ്ദം കാതോര്‍ത്താല്‍ കേള്‍ക്കാം. വാഗ്വാദങ്ങള്‍ക്കിടയില്‍, അതറിയുന്നവന്‍ അവളുടെ പുരുഷനും.

അവര്‍ക്ക് പ്രണയസന്ദേശങ്ങള്‍ എഴുതേണ്ടതില്ല. അവരുടെ പിണക്കങ്ങളില്‍, ഇണക്കത്തിനായുള്ള പ്രതീക്ഷയാണ്. അവരുടെ വിരഹം, ഒരു കൂടിച്ചേരലിന്‍റെ ചുംബനത്തിനായുള്ള കാത്തിരിപ്പാണ്; ഒരു ഗാഡാലിംഗനത്തിന്‍റെ സ്വപ്‌നങ്ങള്‍ നിറഞ്ഞവ. അവര്‍ക്ക്‌ പ്രണയം പറയേണ്ടതില്ല. പറയുവാന്‍ അറിയാതെയും ചേഷ്ടകളിലത്രയും അവര്‍ പ്രണയം നിറയ്ക്കും.

അവരാണ്, പരസ്പരം പൂര്‍ണ്ണമായും അവരെ മനുഷ്യരാക്കുന്നത്, ശരീരങ്ങളാക്കുന്നത്, തമ്മില്‍ പുണര്‍ന്ന ആത്മാക്കളാക്കുന്നത്.

അവര്‍ക്ക് വ്യര്‍ത്ഥമായ വാക്കുകള്‍ക്കായി തപ്പേണ്ടതില്ല. ഭാഷകള്‍ ജനിക്കുന്നതിന്‍ മുന്‍പ്‌ അവരുണ്ടായിരുന്നു, ഭൂമിയുടെ പ്രതീക്ഷയില്‍.

അതിനാല്‍, നീ പ്രണയം പറയേണ്ടതില്ല. നിശബ്ദതകള്‍ എനിക്കിഷ്ടമാണ്.

അതിലാണ്, എന്‍റെ കേള്‍വി നിന്‍റെ നാവോളം കൂര്‍ത്തതാകുന്നത്; മറിച്ചും.