Jyothy Sreedhar

ചിക്കന്‍കറി

ആ കോഴി ചത്തു. ഈ കവിതയ്ക്ക് തൊട്ടുമുന്‍പ്. രുചിയേറുന്ന ശവമാണ് അടുപ്പത്ത്. മരണത്തിന്റെ ആന്തലില്‍ അഗ്നി ജീവിതമൊടുക്കുന്നു. ഓരോ നാളമായ് അതിന്‍റെ ജന്മാവസാനം. അവര്‍ക്കിടയില്‍ ചുവടുകട്ടിയുള്ള ചീനച്ചട്ടി. മനുഷ്യനുള്ള വിരുന്ന് അടപ്പിനടിയില്‍ വേവുന്നു. ശവത്തെ കൊല്ലുന്ന അഗ്നിയും അഗ്നിയെ കൊല്ലുന്ന ശവവും പ്രതികാരത്തില്‍ മത്സരിക്കുന്നു. അതിനിടയില്‍ പാടപോലുയര്‍ന്ന മണം വലിച്ചെടുത്തു ഞാന്‍ ആസ്വദിക്കുന്നു. മനസ്സില്‍ ഭര്‍ത്താവിന്റെ പുഞ്ചിരി. ഭാര്യയ്ക്ക് പാചകത്തിന്റെ നിര്‍വൃതി. അതെ. എനിക്ക് മനുഷ്യസ്വഭാവം. മണ്ണിനടിയില്‍ നിന്ന്‍ ജീവന്‍റെ തേങ്ങല്‍. എന്റെ കൈപ്പിടിയില്‍ വേരറ്റ ഇഞ്ചിയും ഉള്ളിയും. പ്രാകൃതന്റെ പണിപ്പുരയില്‍ പൊടിപൊടിയായ വേറെയും ജന്മങ്ങള്‍. കൂടെ വികാരത്തെ എരിയിക്കാന്‍ പച്ചമുളകുകള്‍. അടുപ്പത്ത് ചുടലപ്പറമ്പാണ്. മൃതശരീരങ്ങള്‍ ഒരേ ചട്ടിയില്‍. എരിവും ചൂടും മൃതിയും ഒന്നാകുന്നു. അതിനെ ദഹിപ്പിക്കുന്ന അഗ്നിയും ശവമാകുന്നു. ഞാന്‍ ശവം തീനി. അഥവാ മനുഷ്യന്‍.