Jyothy Sreedhar

ഗുരുത്വാകർഷണം

ഭൂമിയുടെ
ഏറ്റവും അഗാധമായ
ഒരു ഗർത്തത്തിലേക്ക്,
ഗുരുത്വാകർഷണം പേറി,
ആരാലും കാണപ്പെടാതെ
ഒരു മൊട്ടുസൂചി പോലെ
താഴേയ്ക്ക്,
താഴേയ്ക്ക്
വീണുകൊണ്ടിരിക്കണം.

ഭാരം കുറഞ്ഞുകൊണ്ടിരിക്കും.
കൊടും താപത്താൽ വെന്തുരുകും.
പിന്നെയും യാത്ര തുടരുമെങ്കിൽ
അതിനൊടുവിൽ,
ഭൂമിയുടെ കൃത്യം മദ്ധ്യത്തിലെത്തും.
അവിടെ,
ഭാരങ്ങൾ ഇല്ലാതെ ഒഴുകുമെന്നാണ്
അറിയുന്ന ശാസ്ത്രം.

അവിടെ നിന്നും തുടരുമ്പോൾ
എങ്ങോട്ടെന്ന ചോദ്യമുണ്ട്.
പിന്നെ തുടർന്നാലും
തുടർച്ചയാകില്ല.
വഴി തെറ്റും. ഭാരം കൂടും.
തീയണയും. തണുക്കും.
മരവിക്കും.
ഭൂമിയുടെ മാറിൽ നിന്ന്
പുറത്തേയ്ക്ക് വച്ച
ഓരോ അടിയുമോർത്ത്
സ്വയം ശപിക്കും.

ശേഷം,
ദേഹത്തിന് ഭാരം കൂടുമ്പോൾ
ഭൂമിയുടെ മാറിനെ ഓർക്കും.
ദേഹം കുടഞ്ഞെറിഞ്ഞ
ആത്മബന്ധനത്തിൻ്റെ
ഭാരമില്ലാത്ത,
സ്വച്ഛമായ ഒഴുക്കിനെ
അതിൻ്റെ ഇല്ലായ്മയിൽ
ഓർക്കുക എന്നത്
ആ അഗ്നിയിൽ തന്നെ
ദഹിക്കുന്നതിന് തുല്യമാണ്.

ശരിയാകും.
നിന്നോട് പിണങ്ങിയിരിക്കുമ്പോൾ
എന്നിൽ നിന്നടരുന്ന
ഓരോ കണ്ണീർത്തുള്ളിയും
ആ ചൂടിൻ്റെ,
സ്വച്ഛമായ ഒഴുക്കിൻ്റെ
ഓർമ്മ മാത്രമാണ്.