Jyothy Sreedhar

ഖണ്ഡം

നല്ല നിലാവെട്ടത്ത് തിളങ്ങുന്നു എന്ടെ പ്രിയപ്പെട്ട കണ്ണാടി. അതില്‍ നോക്കുമ്പോള്‍ ഞാന്‍ എന്നെ സ്നേഹിക്കുന്നു. വെറുക്കുന്നു... പിന്നെയും... ഞാന്‍ പലവുരു പറയുന്നു 'ഞാന്‍' എന്ന വാക്ക്. അഹംഭാവം എന്ന മുദ്രയ്ക്കു പിന്നില്‍, പൊട്ടിചിതറിയിട്ടും തെറിച്ചു പോകാതെ ഒന്നായി മുറുകെ പിടിക്കുന്നു- ഞാന്‍ 'ഞാനെ'. പൂര്‍ണ്ണതയ്ക്കായ് മത്സരിക്കുന്ന രണ്ടക്ഷരങ്ങള്‍... അവയ്ക്ക് പിന്നില്‍ പൂര്‍ണ്ണതയ്ക്ക് മുന്നില്‍ സ്വയം തോറ്റു ഈ ഞാന്‍. മങ്ങിയ വെയിലിന്റെ കാരുണ്യത്തില്‍ നീണ്ടു നിവരാന്‍ ശ്രമിക്കുന്ന നിഴല്‍ ഞാന്‍. സൂര്യചന്ദ്രന്മാര്‍ ഗ്രഹങ്ങളുമായ് നിന്നു ചൂതാട്ടം നടത്തുന്ന ജീവിതം എന്റേത്. കാശിനു കളിച്ചാല്‍ ഓട്ടക്കാലണയ്ക്ക് വില പേശാം ഈ ശ്വാസങ്ങള്‍. എന്നിട്ടും വാങ്ങുവാന്‍ ആളില്ലാതെ എന്ടെ പഴയ സ്ലെയ്റ്റ്കഷണങ്ങള്ക്കിടയില്‍, എന്ടെ കവിതകള്‍ക്കിടയില്‍, എനിക്ക് അന്യമായ താരാട്ടുകള്‍ക്കിടയില്‍ വന്യമായ് ഞാന്‍ കിടന്നു...കൂടെ 'ഞാനും'. മഴ കോരിചൊരിയുന്നു... ഞാന്‍ കവിതകള്‍ കുറിക്കുന്നു... അതില്‍ എന്ടെ ജീവിതം ചീയുന്നു... പരിസരത്തില്‍ ദുര്‍ഗന്ധം പരത്തി ലക്ഷ്യബോധമില്ലാതെ വായുവില്‍ ലയിക്കുന്നു എന്ടെ ആത്മാവ്. ഒടുക്കം അതിനെയും ചേര്‍ത്ത് ചവറ്റുകുട്ടയില്‍ നിറയ്ക്കുന്നു കുറെ ഖണ്ഡസത്യങ്ങള്‍. പറക്കുന്ന തലമുടിക്കൊപ്പം ആത്മാവ് പറക്കുമെന്ന് അമ്മ പറഞ്ഞിരുന്നു. എന്ടെ തലമുടിയിഴകള്‍ ജന്മങ്ങള്‍ താണ്ടുന്നു. പ്രപഞ്ചത്തില്‍ അലയുന്നു. ചൊവ്വയുടെ ഗര്‍ത്തങ്ങളില്‍ ഇരുന്ന് നല്ല കാലത്തിനായി തെണ്ടുന്നു. ക്ഷീണിതരുടെ കൂര്‍ക്കംവലികള്‍ നിസ്സഹായരുടെ ചെവിക്കല്ല് പൊളിക്കുന്നു. ഉറക്കം ഉപേക്ഷിച്ച് പ്രണയത്തിന്റെ പുതപ്പിനുള്ളില്‍ ശ്വാസ താളങ്ങളെ അമര്‍ത്തുന്നു. അപ്പോഴും നക്ഷത്രങ്ങള്‍ കണ്ണ് ചിമ്മുന്നു- ഞാന്‍ കാണാന്‍ മറക്കുന്ന ആകാശത്തെ സുന്ദരമാക്കി... പോകേണ്ടിയിരുന്നില്ല എന്നുള്ളപ്പോള്‍ പോകാനും വരേണ്ടിയിരുന്നില്ല എന്നുള്ളപ്പോള്‍ വരാനും ബന്ധങ്ങള്‍... സമസ്യ. പൂരണത്തില്‍ ഞാന്‍ പിന്നോട്ടാണ്. കേള്‍ക്കുന്നതും കാണുന്നതും മണക്കുന്നതും തുളകളിലൂടെ ഉള്ളില്‍ ഒന്നായി ലയിക്കുന്നു. വേര്‍തിരിക്കാന്‍ ആവാതെ എന്തൊക്കെയോ... രാത്രി അന്ധകാരത്തിനുള്ളില്‍ നുണകള്‍ പറയുന്നു ഭാവനകള്‍ എന്ന വ്യാജേന... ഞാന്‍ കണ്ണ് തുറന്നു സ്വപ്‌നങ്ങള്‍ കാണുമ്പോള്‍ കോഴികള്‍ കൂവാതെ സൂര്യന്‍ ഉദിക്കുന്നു. അലാറമുകള്‍ കൂട്ടമായ്‌ മുഴങ്ങുന്നു അയല്പക്കത്ത്. എന്ടെ മൊബൈല്‍ മുഴങ്ങുന്നില്ല. ഉറങ്ങാം നമുക്കിനി...