Jyothy Sreedhar

കുട്ടപ്പന്

കാലേ കുളിച്ചു കുറി തൊട്ട്, ദൈവങ്ങളെ തൊഴുത്, വഴിപാടുകളെടുത്ത്, ആല്‍മരചോട്ടിലെ വായു ഭക്ഷിച്ച് പുറത്തെത്തിയാല് കുട്ടപ്പന്‍ ചോദിക്കും: "ദൈവമുണ്ടോ?" (പുച്ഛഭാവം.)   ചിന്തയുടെ നര വളര്‍ന്നു. എഴുത്തിന്റെ താടി ഇടതൂര്‍ന്നു. കണ്ണുകള്‍ ഉള്ളിലേക്ക് കുഴിഞ്ഞിട്ടും, തൊലി ചുക്കിച്ചുളിഞ്ഞിട്ടും, എന്റെ കുട്ടപ്പനിപ്പോഴും ബാല്യം.   നവരസവിദ്വാന്‍. കണ്ണീരൊഴുക്കി രമണനായി കോപത്തില്‍ ദുര്‍വാസാവായി പ്രണയത്തില്‍ ഷാജഹാനായി കാമത്തില്‍ ഗന്ധര്‍വനായി കേളിയില്‍ കൃഷ്ണനായി ശാന്തനാം ക്രിസ്തുവായ്‌ ‘രസികന്‍’ ആകും എന്റെ കുട്ടപ്പന്‍.   എന്റെയാരാണ് ഈ കുട്ടപ്പന്‍! എന്റെ ഗര്‍ഭസ്ഥശിശു. പിന്നെ നിലവിളിച്ചു പിറക്കുന്ന എന്റെ മകന്‍. എന്റെ മുലപ്പാലില്‍ വളരുന്നവന്‍.   ചിലപ്പോള്‍ എന്റെ താങ്ങായ എന്റെയച്ചന്‍. എന്നെ വാല്‍സല്യത്തില്‍ പൊതിയുന്നയെന്റെ സോദരന്‍. എന്റെ കുടുംബം. എന്റെ ബാല്യം.   എന്റെ പ്രണയം സ്വന്തമാക്കുന്ന എന്റെ പ്രണയിതാവ്. എന്നെ കാമിച്ച്, എന്നെയൊന്നാക്കുന്ന കാമുകന്‍. വികാരമൂര്‍ച്ചയേകുന്നവന്‍. എന്റെ രതി.   എന്തും പറയുന്നയെന്റെ സുഹൃത്ത്‌. ഞാന്‍ ആരാധിക്കുന്ന ഒരു വിഗ്രഹം. കൂത്താടുന്ന ഒരു പാവ. എന്നെ കൊല്ലുന്ന എന്റെ കാലന്‍. ഏഴു ജന്മങ്ങള്‍ കടക്കുന്നവന്‍. എന്റെ കുട്ടപ്പന്‍.   ദശാവതാരമല്ല, പുനര്‍ജ്ജന്മാനുഭവം. ഒരു ജന്മത്തില്‍ തന്നെ വ്യക്തിത്വങ്ങള്‍ പലത്. മരിച്ചാല്‍ അവയവങ്ങള്‍ പഠനദ്രവ്യങ്ങള്‍. പരീക്ഷണവസ്തുക്കള്‍. കുട്ടപ്പന്‍ വിഭജിക്കപ്പെടും. പലതായി... പലയിടങ്ങളിലായി.   അപ്പോള്‍ കുട്ടപ്പന്‍ പറയും: “ഞാന്‍ നിങ്ങള്‍ക്കുള്ളത്. എന്നെ കീറിമുറിക്കുക. എനിക്ക് പുതു ജന്മം നല്‍കുക.”   നിങ്ങള്‍ അറിയുക-   എന്റെ കവിതയാണ് എന്റെ കുട്ടപ്പന്‍. എന്റെ കുട്ടപ്പനാണ് എന്റെ കവിത.   ഓര്‍ക്കുക! കുട്ടപ്പന്റെ ഈ ജന്മവും!