Jyothy Sreedhar

കാവ്യമോക്ഷം

അക്ഷരങ്ങള്‍
തേനീച്ചക്കൂട്ടിലെ അറകള്‍ പോലെ.

ആദ്യ തേന്‍തുള്ളി
എന്‍റെ കുഞ്ഞുനാവില്‍ വച്ച്,
അമ്മ എന്നില്‍
ആദ്യാക്ഷരം കുറിച്ചുവെന്നു
സങ്കല്പം.

അന്നം തരുമ്പോള്‍, അമ്മ ഈരടികളേറെ പാടിയെന്നും സങ്കല്‍പ്പം. അന്ന്, അമ്മയുടെ വിരല്‍തുമ്പില്‍ ഞാന്‍ അമ്പിളിമാമനെ കണ്ടുവെന്നും സങ്കല്‍പ്പം. കുഞ്ഞോര്‍മ്മകളില്‍ ഇമ്പമിട്ട് ഇളം കവിതകളുണ്ട്- ഓമനത്തിങ്കളും അങ്കണത്തൈമാവും, കനകച്ചിലങ്കയുടെ കിലുക്കവും. കളിക്കൊഞ്ചലുകള്‍ മാറുംകണക്ക്‌ തീതുപ്പുന്ന വ്യാളിയെ പോലെ അമ്മയുടെ ശബ്ദം പരുഷകവിതകളെയുതിര്‍ത്തു. തഴംബുള്ള കവിതകളില്‍ നിന്ന് ഭാവങ്ങളെ ചൂഴ്ന്നെടുത്ത് അമ്മയുടെ കണ്ണില്‍ പോലും അഗ്നി കൊളുത്തി വന്നത് ദ്രാവിഡരാജകുമാരിയും നാറാണത്തുഭ്രാന്തനും. അവയ്ക്കിപ്പോഴും അമ്മയുടെ ശബ്ദം. ഈണത്തിന് അമ്മ കൊടുത്ത വ്യതിയാനം. എന്നില്‍ ദാഹം പ്രതിഷ്ഠിച്ചതമ്മയാണ്- തേനൂറുന്ന കവിതകളോട്, പിന്നെ, തേനീച്ചകള്‍ കുത്തുന്ന കവിതകളോടും. ചുള്ളിക്കാടും സച്ചിദാനന്ദനും എന്‍റെ ദേവകവികളെന്നു ഞാന്‍ വിരല്‍ ചൂണ്ടുമ്പോള്‍, ചുറ്റും പരന്ന വെള്ളിവെളിച്ചത്തില്‍ ഒരു മാലാഖയെ പോലെ, അവള്‍- എന്‍റെ നന്ദിത. വേദനയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് കരഞ്ഞു പിറന്ന കവിതകളെ എടുത്ത്‌, എന്‍റെ തീരാലാഭമായി, തീരാനഷ്ടമായി, എന്‍റെ നന്ദിത. എന്‍റെ ആത്മാവെന്നു ഞാന്‍ വിളിക്കുമ്പോള്‍, തെല്ല് ലജ്ജയോടെ, ചെറുപുഞ്ചിരിയോടെ, എന്‍റെ കണ്‍മുന്നില്‍, എന്‍റെ നന്ദിത. എമിലിയെയും സില്‍വിയയെയും മറന്ന്, എന്‍റെ സങ്കല്‍പറാണിയായി, എന്‍റെ... നന്ദിത. എന്‍റെ ആത്മാവ് അവളായ് അവതരിക്കുമ്പോള്‍, സ്വര്‍ഗ്ഗത്തെ ഞാന്‍ സ്പര്‍ശിക്കുന്നു. ഇനി തിരികെ നടക്കണം. ഓരോ പടിയായി... തിരികെ. ചെന്നെത്തേണ്ടുന്നത്, അമ്മയുടെ മടിത്തട്ടില്‍. അവിടെ നിന്ന്, അമ്മയുടെ ശബ്ദത്തിലേക്കുള്ള ചാലിലേയ്ക്ക്‌ ഒരു ശുഭ്രരൂപമായ്‌ ഉയര്‍ന്നു ലയിക്കണം. സീതയ്ക്കായ്‌ സ്വയം പിളര്‍ന്ന ഭൂമീദേവിയെ പോല്‍, അമ്മയെന്നെ ഉള്‍ക്കൊള്ളും. തീര്‍ച്ച! അക്ഷരങ്ങള്‍ തേനീച്ചക്കൂട്ടിലെ അറകള്‍ പോലെ. അമ്മയുടെ കണ്ഠത്തില്‍ എന്നേയ്ക്കുമായി കുരുങ്ങിയ തേന്‍തുള്ളിയായ്‌ പരിണമിച്ച്, എനിക്കു കാവ്യമോക്ഷം.