Jyothy Sreedhar

കാലഘട്ടങ്ങളിലൂടെ, കാഴ്ചകളിലൂടെ...

ഇന്നലെ ടിവിയില്‍ 'മണിച്ചിത്രത്താഴ്' കാണുമ്പോള്‍ മനസ്സ് ഓട്ടോമാറ്റിക് ആയി നടത്തിയ ഒരു ഫ്ലാഷ് ബാക്ക് ആണ് ഈ എഴുത്തിനുള്ള പ്രചോദനം. 'മണിച്ചിത്രത്താഴ്' ഞാന്‍ ഒരു ആവേശത്തോടെ കണ്ടത് ദൂരദര്‍ശനില്‍ ഒരു ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് അത് വന്നപ്പോഴാണ്. അന്നൊക്കെ ആകെ ഉള്ള ദൂരദര്‍ശനില്‍ ഞായറാഴ്ച എന്താണ് സിനിമ എന്ന് നോക്കാന്‍ ആണ് പത്രം നോക്കുന്നത് പോലും. എന്‍റെ വീട്ടില്‍ നിന്ന് സിനിമയ്ക്ക് തിയേറ്ററില്‍ പോകുന്ന പരിപാടി തീരെ ഇല്ലായിരുന്നു. ആകെ, അക്കാലത്ത് തിയേറ്ററില്‍ കണ്ട ഓര്‍മ 'മിന്നാരം' ആണ്. അത് കസിന്‍സ് പോകുന്നു എന്ന് പറഞ്ഞ് എന്നെയും കൂടെ കൂട്ടിയത് കൊണ്ട്, തിയേറ്ററില്‍ കണ്ടു. പിന്നെ 'ഇരട്ടക്കുട്ടികളുടെ അച്ഛന്‍'- അത് ഒരു കസിന് കൂട്ടുപോയത്. പിന്നെ തിയേറ്ററില്‍ കണ്ടത് 'നിറം' ആയിരുന്നു, അടുത്ത വീട്ടിലെ ആന്‍റിയുടെ കൂടെ. അങ്ങനെ സ്വന്തം കുടുംബവുമായി സിനിമ കണ്ടിട്ടില്ല എന്നാണ് ഓര്‍മ. വീട്ടില്‍ ആര്‍ക്കും സിനിമയോട് അങ്ങനെ വലിയ ഒരു സ്നേഹം ഒന്നും ഇല്ലായിരുന്നു. ഞാന്‍ ആണെങ്കില്‍ മണ്ണിലും ഗ്രൌണ്ടിലും ആണ് സമയം ചെലവഴിക്കുന്നത്. എല്ലാവരും ഉണ്ടെങ്കില്‍ ക്രിക്കറ്റ്, ആരും ഇല്ലേല്‍ ചെളി കുഴച്ച് ഉണ്ടാക്കുന്ന ഡിന്നര്‍. പിന്നെ പാവക്കളികള്‍. അതിനിടയില്‍ സിനിമ ഒരു വലിയ ചിന്തയേ ആയിരുന്നില്ല. അങ്ങനെ ഉള്ള എനിക്ക്, സിനിമ കാണുക എന്നത് ഞായറാഴ്ച വൈകിട്ട് നാല് മണിയ്ക്ക് ദൂരദര്‍ശനില്‍ വരുന്നത് മാത്രമാണ്. എത്ര നേരത്തെ അറിയാന്‍ കഴിയുമോ അത്രയും നേരത്തെ നോക്കും ആ ആഴ്ചത്തെ സിനിമ എന്താണെന്ന്. കണ്ടതോ, കാണാന്‍ താത്പര്യമില്ലാത്തതോ ആയ സിനിമ ആണെങ്കില്‍ തോന്നുന്ന നിരാശ താങ്ങാന്‍ പറ്റുമായിരുന്നില്ല. "എന്‍റെ ഒരാഴ്ച പോയി" എന്നും പറഞ്ഞു നടക്കുമായിരുന്നു. അടുത്ത ഞായറാഴ്ച വരെ നോക്കി നോക്കി ഉള്ള കാത്തിരിപ്പ്... ഓര്‍ക്കുമ്പോള്‍ അത്തരം ഒരു കാലം ഉണ്ടായിരുന്നു എന്നത് തന്നെ അത്ഭുതകരമായി തോന്നുന്നു. പിന്നെ ആയിരുന്നു ഏഷ്യാനെറ്റിന്‍റെ വരവ്. അമ്മയുടെ ഒരു കൂട്ടുകാരിയുടെ വീട്ടില്‍ പോയപ്പോഴായിരുന്നു ഏഷ്യാനെറ്റ് ഞാന്‍ ആദ്യമായി കണ്ടത് എന്നോര്‍ക്കുന്നു. അന്ന് അവര്‍ തമ്മില്‍ വിശേഷങ്ങള്‍ പറയുമ്പോള്‍ ഒരു ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ്‌ പോലെ നൂറു കണ്ണ് തുറന്ന പോലെ ഞാന്‍ ഏഷ്യാനെറ്റ് കണ്ട് കൊണ്ടിരുന്നു. അമ്മയുടെ കൂട്ടുകാരിയുടെ മകളോട് ഞാന്‍ അന്ന് ഒരു ആനസംശയം ചോദിച്ചു, "അതേയ്... ഈ ഏഷ്യാനെറ്റ് കൂടുതല്‍ കാണുമ്പോള്‍ കൂടുതല്‍ കാശാവുമോ?" "ആ, നമ്മള്‍ കാണുന്നതിനാ കാശ്." "അവരെങ്ങനാ അറിയുക നമ്മള്‍ എത്ര നേരം കാണുന്നു എന്ന്?" "മണ്ടീ, അവരുടെ ഓഫീസില്‍ ഓരോരുത്തരുടെയും 'മീറ്റര്‍' ഉണ്ട്. അതില്‍ കാണാന്‍ പറ്റും. ആകെ കുറച്ചു പേര്‍ക്കല്ലേ ഏഷ്യനെറ്റ് ഉള്ളൂ. അപ്പൊ നോക്കാന്‍ എളുപ്പമല്ലേ?" ഞാന്‍ ആ ചേച്ചിയുടെ ജാഡയും ചേര്‍ത്ത് അത് അപ്പാടെ വിഴുങ്ങി. അവര്‍ക്കൊക്കെ എത്ര ബില്‍ വരുന്നുണ്ടാവും എന്ന് ഇടയ്ക്കിടയ്ക്ക് ആലോചിച്ചു. ഞാന്‍ അവിടെ ഇരുന്ന് ഏഷ്യാനെറ്റ് കണ്ടതിന് ഒരുപാട് കാശ് പോയാല്‍ അവര്‍ എന്നെ വഴക്ക് പറയുമോ എന്നും ഓര്‍ത്തു. ഇതെല്ലാം ചെന്ന് സ്കൂളില്‍ പറയാനും മടിച്ചില്ല. ക്ലാസില്‍ ചുറ്റും ഇരുന്നവരൊക്കെ അത് വിശ്വസിച്ചിരുന്നു എന്ന് തോന്നുന്നു. "കേബിള്‍ എടുത്തു താ, എനിക്കും കാണണം ഏഷ്യാനെറ്റ്" എന്നും പറഞ്ഞു നടന്നു അച്ഛന്‍റെ പുറകെ. കഴിയുമ്പോഴൊക്കെ സോപ്പിട്ടു. എത്ര നേരം വേണം എങ്കിലും അതിനു വേണ്ടി ഞാന്‍ പഠിക്കുന്നതായി ആക്റ്റ് ചെയ്യാന്‍ റെഡി ആയിരുന്നു. ഒടുക്കം കേബിള്‍ എന്‍റെ വീട്ടിലും വന്നു. വെളുത്ത നിറത്തില്‍ ഉള്ള ഒരു പ്ലഗ് ഞാന്‍ അഭിമാനത്തോടെ നോക്കി. പറ്റുന്നവരോടൊക്കെ പറഞ്ഞു കേബിള്‍ കിട്ടിയെന്ന്‍. അന്ന് "ഓ..എന്‍റെ വീട്ടിലും കേബിള്‍ എടുത്തിട്ട് കുറെ നാളായി" എന്ന് പറഞ്ഞവര്‍ക്കൊക്കെ കുശുംബാണെന്ന് ഞാന്‍ വെറുതെ അങ്ങ് മനസ്സില്‍ ഉറപ്പിച്ചു. കുറെ നാള്‍ അങ്ങനെ ഏഷ്യാനെറ്റ് താങ്ങി നടന്നു. പിന്നീട്, ഏഷ്യാനെറ്റിനു പുറകെ മറ്റു ചാനലുകളും വന്നു. സിനിമകള്‍ തമ്മില്‍ തിരഞ്ഞെടുക്കാന്‍ കഴിയുന്ന ഒരു അവസ്ഥ. ഞായറാഴ്ചകള്‍ ഒരു ആഘോഷമായി. ഒരിക്കല്‍ രണ്ടു സിനിമകള്‍ ഒരുമിച്ചു വന്നപ്പോള്‍, ഞാനും ചേട്ടനും തമ്മില്‍ ഒരു വഴക്ക്. എനിക്ക് കാണേണ്ടത് 'സല്ലാപം' ആയിരുന്നു എന്നതാണ് ഓര്‍മ. ചേട്ടന് വേറെ ഒന്ന്. അന്ന് നല്ല ഉഗ്രന്‍ അടി ആയി ഞാനും ചേട്ടനും തമ്മില്‍. ആ 'അതിഘോരമായ' അടിയില്‍ ഞാന്‍ റിമോട്ട് വലിച്ചെറിഞ്ഞു, ചേട്ടന്‍ കേബിള്‍ പ്ലഗ് എടുത്ത് ചുഴറ്റി നിലത്തടിച്ച് അതിനെ കൊന്നു. ദേഷ്യത്തില്‍ ഞാന്‍ അയലത്തെ വീട്ടിലേക്ക് പോയി. അവിടെ ഇരുന്നു സിനിമ മുഴുവനും കണ്ട് തീര്‍ത്ത്‌ തിരികെ വന്നു. ആ കാലവും കഴിഞ്ഞ്, ഇന്ന് 24 മണിക്കൂറും സിനിമയുള്ള ചാനലുകള്‍, എണ്ണിത്തീരാത്ത എത്രയോ ചാനലുകള്‍, ന്യൂസ് ചാനലുകള്‍, മ്യൂസിക് ചാനലുകള്‍, അന്യഭാഷാ ചാനലുകള്‍, ഓരോ ദിവസവും പൊട്ടി മുളയ്ക്കുന്ന ചാനലുകള്‍... തിയേറ്ററില്‍ വന്ന് ഒരു മാസം കഴിയുമ്പോഴേ ഏതെങ്കിലും ചാനലില്‍ സിനിമകള്‍ വരുന്നു. ഓരോ ആഘോഷ ദിവസത്തിനും ഷെഡ്യൂള്‍ നോക്കി വച്ചാല്‍ മതി. ഏതു കഴിഞ്ഞ് ഏതു വയ്ക്കണം എന്ന പ്ലാനുകള്‍. കുറച്ചു കാലം മുന്‍പ് വരെ അങ്ങനെ ആയിരുന്നു. ഓണത്തിനും മറ്റും രാവിലെ മുതല്‍ ടിവിയുടെ മുന്നില്‍ കുത്തി ഇരിക്കും. ഭക്ഷണം എടുത്ത് ചിലപ്പോള്‍ ടിവിയുടെ മുന്നില്‍ തന്നെ കഴിക്കും. ചിലപ്പോള്‍ അല്‍പ സ്വല്പം വഴക്ക്. വീട്ടിലെ മറ്റൊരാള്‍ക്ക് കാണേണ്ടത് വേറൊരു സിനിമ. അതില്‍ വരുന്ന ക്ലാഷ്. ആഘോഷ ദിവസങ്ങളില്‍ റിമോട്ട് കരസ്ഥമാക്കുക എന്നത് ലക്ഷ്യമാണ്‌. കിട്ടിയാല്‍ പിന്നെ ബാത്ത്റൂമില്‍ പോകുമ്പോഴും റിമോട്ടും കൊണ്ടുപോകും. റിമോട്ടും കൊണ്ടുള്ള എന്‍റെ നടപ്പ് കണ്ട് ഒരിക്കല്‍ ചേട്ടന്‍ ചോദിച്ചു, "ഇതെന്താ ഒളിമ്പിക്സ് ദീപശിഖയോ!" എന്ന്. കാലം പിന്നെയും മാറി. സുഹൃദ്വലയങ്ങള്‍ രൂപപെട്ട് തിയേറ്ററില്‍ പോയി സിനിമകള്‍ കാണുക എന്നത് ശീലമായി. നല്ല അസ്സല്‍ സിനിമാ സ്നേഹിയായ ഒരു ഭര്‍ത്താവിനെയും കിട്ടി. കേരളം വിട്ടു ചെന്നൈയില്‍ എത്തി അവിടെ താമസിക്കുമ്പോള്‍ മലയാള സിനിമ അവിടെ റിലീസ് ചെയ്യുക എന്നത് ഒരു ഗൃഹാതുരത്വം ആയി. അതുകൊണ്ട്, ഓരോ ആഴ്ചയിലെ റിലീസുകള്‍ നോക്കി വയ്ക്കും. മിക്ക വീക്കെന്‍ഡിലും സിനിമകള്‍ കാണും. നല്ലതാവണം എന്ന് നിര്‍ബന്ധമൊന്നും ഇല്ല. പക്ഷെ തിയേറ്ററില്‍ മലയാള സിനിമയ്ക്ക് പോയിരിക്കുമ്പോള്‍ മലയാളികള്‍ ചുറ്റും മലയാളം പറയുന്നത് കേള്‍ക്കുന്നത് ഒരു ഹരമായിരുന്നു. അങ്ങനെ ചെന്നൈയില്‍ ടിവിയ്ക്ക് മുകളില്‍ തിയേറ്റര്‍ സ്ഥാനം ഉറപ്പിച്ചു. ഇടയ്ക്ക് നാട്ടില്‍ എത്തുമ്പോള്‍ അവിടെയും സുഹൃത്തുക്കളുടെ കൂടെ പോയി സിനിമ കാണും. ചെന്നൈയില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് വന്നപ്പോള്‍ ആ ഗൃഹാതുരത്വം കുറച്ച് അസ്തമിച്ചു. അത്യാവശ്യം ഇഷ്ടം തോന്നുന്ന സിനിമകള്‍ മാത്രം കാണുക എന്ന പതിവായി. ചാനലുകള്‍ ധാരാളം സിനിമകള്‍ വരുന്നത് കൊണ്ട് വലിയ പ്രത്യേകത തോന്നുന്നതേ ഇല്ല. ആഘോഷ ദിവസങ്ങളില്‍ പ്രത്യേക ആഹാരം പാചകം ചെയ്യാനാണ് ഇന്ന് ചാനലുകള്‍ കാണുന്നതിനേക്കാള്‍ കൂടുതല്‍ ഇഷ്ടം. പോരാഞ്ഞ് ഇത് അടുത്ത ദിവസങ്ങള്‍ ഒക്കെ വരുമല്ലോ എന്ന ഉറപ്പുള്ള ഒരു വിശ്വാസവും. അതുകൊണ്ട് സിനിമകള്‍ കാണാത്തത് ഒരു നഷ്ടബോധവും തരുന്നില്ല എന്ന നിലയിലെത്തി കാര്യങ്ങള്‍. സിനിമകളിലൂടെ, ചാനലുകളിലൂടെ കാലഘട്ടങ്ങള്‍ മാറിയത് ഒരു ഫ്ലാഷ്ബാക്ക് പോലെ ഇടയ്ക്ക് ഓര്‍ക്കാറുണ്ട്. ഒരു വിരല്‍ സ്പര്‍ശത്തില്‍ ചാനലുകളും സിനിമകളും നിറയുമ്പോഴും അന്നത്തെ 'മണിച്ചിത്രത്താഴ്' ഇന്നും ടിവിയില്‍ സൂപ്പര്‍ഹിറ്റ്. നഷ്ടബോധങ്ങളില്‍ ആദ്യം വരുന്നതും തിയേറ്ററില്‍ മണിച്ചിത്രത്താഴ് കാണാന്‍ സാധിച്ചില്ല എന്ന നിരാശ. എത്ര പുതിയ സിനിമകള്‍ നിരന്നാലും അത്തരം പഴയ ക്ലാസിക് ചിത്രങ്ങളില്‍ തന്നെ ഒടുവില്‍ എത്തി നില്‍ക്കുന്നു നമ്മള്‍. ദൌര്‍ലഭ്യങ്ങളില്‍ ഒരു അപൂര്‍വ സൗന്ദര്യം ഉണ്ടെന്നു തോന്നിപ്പോകുന്നത് ദൂരദര്‍ശനും ഞായറാഴ്ചയും ഒക്കെ ഓര്‍മ്മകളില്‍ നിറയുമ്പോഴാണ്, ചിന്തകള്‍ അവസാനിക്കാന്‍ അനുവദിക്കാതെ...