Jyothy Sreedhar

കളിച്ചങ്ങാതി

ബാല്യത്തിലെന്നോടോപ്പമില്ലാതിരുന്ന- യെന്റെ കളിച്ചങ്ങാതിയാണു നീ. എന്‍റെ കുഞ്ഞു വിരലും കോര്‍ത്ത്, ഇല്ലാത്ത സ്വപ്നവീഥിയില്‍ നാളെയുടെ മഴയും കാത്ത് എന്നോടൊപ്പം നടക്കാത്തവന്‍. കുസൃതികാട്ടി പിണക്കിക്കരയിച്ച്, പിന്നെ സുന്ദരിപ്പാവയെ തരാത്തവന്‍. നുണക്കുഴിയില്‍ വിരലമര്‍ത്തി മുഖത്ത് കുഴിയെന്ന് കളിയായി പറയാത്തവന്‍. വെയില്‍ച്ചൂടിനെ തോല്‍പ്പി- ച്ചെന്‍റെ മുഖം മറയ്ക്കുന്ന, നീണ്ട നിഴലാവാത്തവന്‍. നാം നടാത്ത ചെടിയിലെ പൂക്കളില്‍ നി- ന്നെനിയ്ക്കു വസന്തം തരാത്തവന്‍. രാത്രിയില്‍ കറുത്ത മാനം നോക്കി കൊച്ചുവിരല്‍ ദൂരേയ്ക്ക് ചൂണ്ടി അമ്പിളിമാമനെ കാട്ടാത്തവന്‍. ബാല്യത്തിലെയെന്റെ സാമീപ്യ- മാവാതെ ദൂരെയൊളിച്ചവന്‍. കാലം തെറ്റിയ തണുപ്പി- ലിന്റെ കൈപ്പുതപ്പാവാത്തവന്‍. ചെറുമഴയില്‍ നിന്നൊരു തുള്ളിയെടു- ത്തെന്‍റെ കണ്ണില്‍ മേല്ലെയുതിര്‍ക്കാത്തവന്‍. ആ തുള്ളിയ്ക്കിടയിലൂടെ കണ്‍തുറക്കുമ്പോള്‍ അതിലെ തിളക്കമാവാത്തവന്‍. പിന്നെയിന്ന്‍, അന്നത്തെയില്ലാത്ത ബാല്യത്തില്‍ നിന്ന്‍ ദൂരെയീ ചെറുമഴ പെയ്യുമ്പോള്‍, കാറിലെ ചില്ലിലാ തിളക്കത്തെ ചൂണ്ടി, താടിയില്‍ തൊട്ടു കൊഞ്ചിച്ച്, ഒരു കൈപ്പുതപ്പിലെയ്ക്കെന്നെ ചേര്‍ത്ത്, എന്‍റെ അധരങ്ങള്‍ക്ക് ബാല്യമേകുന്നവന്‍.