Jyothy Sreedhar

കത്തിരി

ചെന്നൈയിലെ കത്തിരിമാസം. ഒരു മോര്‍ച്ചറിയിലെ ഐസ് കൂനയില്‍ എന്ന പോലെ ഞാന്‍ ഉറങ്ങുന്നു. ചൂടും തണുപ്പും മഴയും എന്നെ തൊടാന്‍ ശ്രമിക്കുന്നു. പക്ഷെ, താപത്തെ ശ്വാസം മുട്ടിച്ചു ശവമാക്കി അടുത്ത മുറിയില്‍ കൊണ്ടിടുന്നു. വീണ്ടും ശയനമുറിയിലെ മരവിപ്പില്‍ ശവമായ്‌ കിടക്കുന്നു. ജീവനുള്ള മരങ്ങളെ വെട്ടിമാറ്റി ജീവനില്ലാത്ത കെട്ടിടങ്ങള്‍ പടുത്തുയര്‍ത്തപ്പെട്ട പരിസരം. ജലവും വായുവും ഇല്ലാതാവുന്നു. അവയെ, അടുക്കളയിലെ അടുപ്പത്തെ അഗ്നി വിഴുങ്ങുന്നു. എന്നിട്ട് തലച്ചോറിനെ വേവിക്കുന്നു. അല്പം വെട്ടവും കാറ്റും അരിച്ചിറങ്ങുന്നതിനെ ഓടി നടന്ന് എലി വിഴുങ്ങുന്നു. ജീവനില്ലാത്ത ടിവിയില്‍ ജീവിതങ്ങള്‍ എന്ന് തെറ്റിദ്ധരിപ്പിച്ച് പാവകള്‍ കൂത്താടുന്നു. നിര്‍ജ്ജീവമായ അക്ഷരങ്ങളില്‍ വികാരങ്ങള്‍ കുത്തിവച്ച് അവരുടെ പുനര്‍ജ്ജന്മങ്ങളില്‍ ഞാന്‍ പലിശ വക്കുന്നു. എന്നിട്ട് വാക്കിനൊടുവില്‍ കുത്തിട്ട് അവയെ കൊല ചെയ്യുന്നു. മഴയെ പ്രതീക്ഷിച്ച് എകയായ്‌ ഒരു കാര്‍മേഘം. അതിന്റെ ഗര്‍ഭമലസുമ്പോള്‍ തീക്ഷ്ണനോട്ടങ്ങളില്‍ സൂര്യാഗ്നി. അത് പ്രാക്കുകള്‍ ഏറ്റ് ഇല്ലാതെയാകുന്നു. മണ്ണിനെ മണ്ണോടു ചേര്‍ത്ത് ടൈലുകള്‍ ചവിട്ടുകള്‍ ഏറ്റുവാങ്ങുന്നു. ചുവടുകള്‍ക്കടിയില്‍ ഞെരിഞ്ഞമര്‍ന്ന് ശ്വാസം കിട്ടാതെ ജീവന്‍ വെടിയുന്നു. എല്ലാം മരിക്കുന്നു. ഗര്‍ഭിണിയെ സംസ്കരിച്ച് മുകളില്‍ ആകാശം ശൂന്യം. താഴെ മരിച്ച മണ്ണിന്റെ മരിച്ച ഭൂമി. ചുറ്റും അന്ത്യശ്വാസമെടുക്കുന്ന വായു. മരിച്ചുവോ… ഞാനും?