Jyothy Sreedhar

കടല്‍ മനപ്പൂര്‍വം ആയ ദൂരം

മെഴുകുതിരിവെളിച്ചവുമായി തുറിച്ചു നോക്കി ആകാശം... ആകെ ഇരുണ്ടു. മഴ പെയ്തു. ആത്മാക്കളെ ആവാഹിച്ച് അവര്‍ക്കായി കരയുന്ന കാക്കകളെ അവഹേളിച്ച്... കുഞ്ഞിച്ചിറകുകള്‍ ക്ഷീണിച്ചും ആഞ്ഞു തുഴയുന്ന കിളികളെ ശപിച്ച്‌. കണ്ണീരുണങ്ങാന്‍ വിരിച്ചിട്ട വെള്ളതുണികളെ വീണ്ടും നനച്ച്. ക്ഷമിക്കുക... ഞാന്‍ അത് കാണുന്നു... നിന്റെ ക്രൂരത. അറിഞ്ഞോ അറിയാതെയോ ഉള്ളത്. എന്ടെ ഉള്ളില്‍ അഗ്നി. പുറത്തു മഴ. മുന്നില്‍ കടല്‍ മനപ്പൂര്‍വം ആയ ദൂരം. അതില്‍ എന്ടെ ദുഖങ്ങളുടെ  അസ്ഥികൂടം ഒഴുകുന്നത്‌ ഞാന്‍ കാണുന്നു- തലയോട്ടിയില്ലാതെ. ലക്ഷക്കണക്കിന്‌ പൊടിമീനുകള്‍ അലമുറയിടുന്നു. അര്‍ത്ഥങ്ങളെ സ്വന്തമാക്കി അലയടിക്കുന്ന ഈ കടലിനോടു എനിക്ക് പറയാനില്ല ഒന്നും. ക്ഷമിക്കുക, നീ പതഞ്ഞു സ്പര്‍ശിക്കുന്ന മറുകരയെ ഞാന്‍ സ്നേഹിക്കുന്നു... നിന്നെക്കാള്‍ അഗാധമായ എന്ടെ ചിന്തകളിലൂടെ... നിന്നെക്കാള്‍ വിസ്തൃതമായ എന്ടെ സ്വപ്നങ്ങളിലൂടെ...