Jyothy Sreedhar

കടല്‍

ഒരു തിരമാലയായിട്ടാണ്‌
അന്ന് നീ വന്നത്‌.

ദൂരെ നിന്ന് നോക്കിയപ്പോൾ
നിന്റെ പൗരുഷത്തെ കണ്ട്‌
ഞാൻ കൊതിച്ചുപോയത്‌
ഓർമ്മയിലുണ്ട്‌‌.‌

ഒളിഞ്ഞും തെളിഞ്ഞും
ഉയർന്നും താഴ്‌ന്നും
നീയെന്നെ നോക്കിയിരുന്നു.‌

അടുത്തു വരും തോറും
എന്നിലേയ്ക്ക്‌ താഴ്‌ന്ന്,
നുരഞ്ഞുപതഞ്ഞ്,‌
എന്റെ കാലടികളെ
നീ സ്വന്തമാക്കുമെന്ന്
അന്നെനിയ്ക്ക്‌ തോന്നി.

പിന്നെ,
ഒരു കുശുമ്പു പോലെ
എന്റെ കാൽ തൊട്ട
മണൽത്തരികളെയൊക്കെ
നീ വകഞ്ഞുമാറ്റിയത്‌ കണ്ട്
ഞാൻ പൊട്ടിച്ചിരിച്ചു.

ഈ ഭൂമിയിൽ നിന്നും വേർപ്പെട്ട്‌‌
ഞാൻ നിന്റേത്‌ മാത്രമാകുകയാണെന്ന്, പക്ഷെ,
ഞാൻ അറിഞ്ഞുകൊണ്ടിരുന്നു.

എന്നെയും കൊണ്ടു നീ പോയത്‌
ആരെയും കാണിക്കാതെ
നിന്റെ ആഴങ്ങളിൽ കാത്തുവച്ച
നിന്റെ സ്വർഗ്ഗത്തിലെ
രാജകുമാരിയാക്കുവാനാണ്‌.

നിന്നിൽ നിന്ന് ജീവശ്വാസമെടുക്കുവാനാണ്‌.

നിന്നിൽ മാത്രമായി ഒഴുകുവാനാണ്‌.

നിന്റെ മുത്തുച്ചിപ്പികളിൽ
നീ സൂക്ഷിച്ച സ്വപ്നങ്ങളെ
ഒന്നൊന്നായി തുറന്ന്
നാണിക്കുവാനാണ്‌.

എന്റെ ദുഃഖങ്ങളെയാവാഹിച്ച്‌
നിന്റെ ഭാഗമാക്കുവാനാണ്‌.

ശ്വാസമെടുക്കാതെ ചുമ്പിക്കുവാനാണ്‌.

ഒരു കടലോളം പ്രണയം
എനിക്കേകുവാനാണ്‌‌.

നിന്നിലേയ്ക്കിറങ്ങിയാൽ
ആകാശം ഒരു മറവിയാകുന്നു.
നിന്റെ അനന്തതയോട്‌ പൊരുതാനാകാതെ
അത്‌ തോൽക്കുന്നത്‌
ഞാനറിയുന്നു.

നിന്റെ വശങ്ങളിൽ അടുക്കിവച്ച
കൊച്ചു തിട്ടകൾ പോലെ ‘ലോകം’.

പക്ഷെ,
ഭൂമി നീയാണ്‌,
കടലും.