Jyothy Sreedhar

ഓഷോ

കറുത്ത നിയമങ്ങളാല്‍ വൃണപ്പെട്ട് അന്നും അവള്‍ കരഞ്ഞിരുന്നുവെന്ന് ഓഷോ കുറിക്കുന്നു... അത് വായിക്കുന്ന എന്നില്‍ 'അഗ്നിസാക്ഷി'യിലെ ഗംഗ ഒഴുകുവാന്‍ വെമ്പുന്നു... എന്നിട്ടും ശിവന്റെ ജടയില്‍ അവള്‍ കുരുങ്ങുന്നു. അവളെ തൊട്ടുപുണരാന്‍ വേഗമായ് നീളുന്ന കയ്യിനോട് "അവളെ പ്രണയിക്കൂ" എന്ന് പറയുന്നു. പ്രണയമെന്തെന്നറിയാതെ പരിഭവിക്കുന്ന മാതൃകാസ്ത്രീയുടെ കണ്ണുനീര്‍ എന്റെ അബോധത്തിനെ നനച്ചോഴുകുന്നു. അവള്‍ നിഗൂഡമെന്ന് കളിയായി പറയുന്ന കാര്യമൊളിപ്പിച്ച വാക്ക് അവളെ കുത്താതെ വഴിയില്‍ തടുക്കുന്നു. വാക്ക് വായുവില്‍ പൊങ്ങി നില്‍ക്കുമ്പോള്‍ അക്ഷരദിശകളെ അവള്‍ കാണുന്നു. ഞെട്ടലോടെ അറിയുന്നു. സ്നേഹിക്കപ്പെടുന്നതിനെക്കാള്‍ അവളെ സ്നേഹിക്കുന്നതാണ് മഹത്വം എന്ന് സ്നേഹലിപിയില്‍ എഴുതുന്നു. ഒരിറ്റുനീരില്‍ നിന്ന് തുടങ്ങുന്നു കടല്‍വഴി- യെന്നവള്‍ പറയുമ്പോള്‍ അതിലേറെയും കണ്ണീരരുവികള്‍. കാമം പ്രണയാഭിനയത്തിനു പിന്നിലെ കശക്കിയ പകിടസംഖ്യയിലെ അക്കം. അതില്‍ വീഴുന്നു അവളുടെ ചാരിത്ര്യമെന്ന് മഹാഭാരതം.

ഇന്നലെയുടെ കാട്ടുവഴിയിലും മരീചികയെ അവള്‍ തേടിയിരുന്നുവെന്നു ഇന്ന് ഞാന്‍ അറിയുന്നു. രാമനൊപ്പം മുള്‍വഴിയില്‍ നടന്ന സീത ലക്ഷമണനായി മനസ്സില്‍ നീറിയ ഊര്‍മിളയുടെ മനസ്സിന്‍റെ ഉടല്‍. അതിലൂടെ സ്ത്രീത്വം വളര്‍ന്നു... കാലങ്ങള്‍ പിന്നിടുമ്പോഴും കഥാപാത്രങ്ങള്‍ ഓര്‍മിക്കപ്പെട്ടു. പാതി ചാരിയ വാതിലിനു പിന്നില്‍ ഒരു കണ്ണ് വെളിച്ചത്തിലേക്ക് തിരുകി അവള്‍ യുഗങ്ങളോളം നിന്നു. നിയമലംഖനത്തില്‍ പുറത്തേക്കുള്ള വാതില്‍ കാരണവര്‍ കൊട്ടി തുറക്കുമ്പോള്‍ മാറാലനൂലിലൂടെ ദൃശ്യമായത് വെളിച്ചം. അവള്‍ നടന്നത് മുകളിലേക്ക് കണ്ണുംനട്ട്. അവിടെ അവള്‍ കാണാതിരുന്ന വെളിച്ചം സംഭ്രമത്തോടെ അവളെ വീക്ഷിച്ചു. ഭൂമിയിലെങ്കിലും അവളുടെ കാലടികള്‍ മേഘങ്ങളില്‍ പതിഞ്ഞ് കാല്‍പ്പാടുകള്‍ സൃഷ്ടിച്ചു. സൂര്യനെ പിന്നില്‍ മറച്ച് അവളുടെ കാലടികള്‍ മനുഷ്യജന്മത്തില്‍ പെയ്തുകൊണ്ടിരുന്നു. ഋതുക്കള്‍ ഉണരുമ്പോള്‍ അതില്‍ അവളുടെ പ്രണയം പൂക്കളായും കായ്കളായും ജന്മമെടുത്തു. സ്ത്രീയെന്ന ഭൂമിയുടെ ആഴത്തില്‍ തന്‍റെ ബോധമനസ്സ് സമര്‍പ്പിച്ച് ഓഷോ സംതൃപ്തനാകുന്നു. ഇന്ന് അവള്‍ പ്രണയിക്കപ്പെടുന്നു. അവള്‍ പ്രണയിക്കുന്ന അളവോളം... ഓഷോ മയങ്ങുന്നു... പരിണാമങ്ങള്‍ അറിഞ്ഞ്...