Jyothy Sreedhar

ഒളിവ്

ഈ തണുത്ത രാത്രിയില്‍, എനിക്കെതിരെയിരുന്ന്‍, എന്‍റെ ഗാനങ്ങളെ കേട്ട്, എന്‍റെ കവിതകള്‍ നോക്കി, കുസൃതിയോടെ, മുഖം തരാതെ, നീ ചിരിക്കുന്നു. ഞാന്‍ പാടുന്ന ഗാനങ്ങളെന്നും നിനക്കുള്ള- യെന്റെ പ്രണയസന്ദേശങ്ങളാകുമ്പോള്‍, അതു നീയറിയുന്നതായ്‌ നിന്‍റെ കണ്ണുകളെഴുതുന്നു. കവിതയിലെ അലസമായയെന്റെ കയ്യക്ഷരത്തില്‍ നിന്‍റെ വിരലുകള്‍ മൃദുവായ് തഴുകുമ്പോള്‍, നിന്‍റെ കൈയ്യിലെ ചൂടുകലര്‍ന്ന തണുപ്പ് ഞാനെന്‍റെ വിരലുകളിലറിയുന്നു. അടക്കിയ, നിശബ്ദമായ പുഞ്ചിരിയോടെ, മറ്റെന്തോ പറയുവാന്‍ നീ ശ്രമിക്കുമ്പോള്‍ നിന്നില്‍ നിന്നു വേര്‍പെടുന്ന മൌനമിറങ്ങി നമുക്ക് മദ്ധ്യേയൊരു ഗാനത്തില്‍, പിന്നെ ആര്‍ദ്രമായൊരു കവിതയി- ലെന്‍റെ മൌനത്തെ ഗാഡമായ് പുണരുന്നു. ബന്ധമില്ലാവാക്കുകള്‍ വിതറി നമുക്കിടയില്‍ നിറയ്ക്കുമ്പോള്‍, തമ്മില്‍ പുണര്‍ന്ന നമ്മുടെ മൂകപ്രണയ- മിടയില്‍ നമ്മുടെ രൂപമെടുക്കുന്നു, നമ്മളാകുന്നു. നാമതു കണ്ടും, നമ്മളെയൊളിയ്ക്കുന്നു.