Jyothy Sreedhar

ഒറ്റവരിക്കുറിപ്പ്‌

രാത്രികളോളം,
പിന്നെ സ്വപ്നങ്ങളോളം മിണ്ടിയാലും
പറയണ്ട, പങ്കുവയ്ക്കണ്ട നമുക്ക്‌,
നാം പ്രണയത്തിലാണെന്ന
ഒറ്റവരിക്കുറിപ്പുകൾ.
പറഞ്ഞു കിതച്ചാലും
പറയാനാവില്ലവയ്ക്ക്‌
ആഞ്ഞടിയ്ക്കുന്ന,
നമ്മുടെ പ്രണയത്തിന്റെ
ഒരു കുഞ്ഞിരമ്പലെങ്കിലും.

ഞാനിഷ്ടപ്പെടുന്നത്‌,
കൂടെയുള്ളപ്പോൾ
നിന്നെ‌ കേൾക്കുന്നതിൽ നിന്ന്
വഴികൾ തെറ്റി സഞ്ചരിച്ച്‌,
നിന്റെ കണ്ണുകളിലെത്തി,
അതിനുള്ളിലെ ആഴങ്ങളിൽ
ഒടുവിൽ നീന്തിത്തുടിയ്ക്കുന്ന
മത്സ്യകന്യകയായ്‌ മാറുവാനാണ്‌.

ഞാനിഷ്ടപ്പെടുന്നത്‌,
ഒരു കാന്തികശക്തിയിൽ
നിന്റെ കൈകളോട്‌ അടുക്കുവാൻ
പിടച്ചു കുതിയ്ക്കുന്ന
എന്റെ കൈകളിലെ
വിലക്കുകൾ ഭേദിക്കുവാനാണ്‌.

ഞാനിഷ്ടപ്പെടുന്നത്‌,
രാത്രിയിരുട്ടിൽ
ഞാൻ പോലും കാണാതെ
എന്റെ കൺതടങ്ങൾ
മാത്രമറിയുന്ന നനവായി
നിന്നോടുള്ള വിരഹത്തെ
ഒഴുക്കി, ഒതുക്കുവാനാണ്‌.

ഞാനിഷ്ടപ്പെടുന്നത്‌,
നീ നടന്നകലുമ്പോൾ
പിന്നെയും പിന്നെയും
നിന്നെയെത്തിനോക്കി,
അതിരുകളെ ഭേദിച്ച അവസാനനോട്ടത്താൽ
നിന്നെ മിഴികളിൽ നിക്ഷേപിക്കുവാനാണ്‌.

ഞാനിഷ്ടപ്പെടുന്നത്‌,
നീയില്ലാത്ത ഇടങ്ങളിൽ നിന്ന്
എന്നെ വെട്ടിമാറ്റുവാനാണ്‌,
അവിടെ ഞാനുമില്ലെന്ന്
ഉറക്കെ വിളിച്ചോതുവാനാണ്‌,
നിന്റെ അസ്സാന്നിധ്യത്തിൽ
ഉരുകിയലിഞ്ഞ്‌ ഇല്ലാതാകുവാനാണ്‌.

ഞാനിഷ്ടപ്പെടുന്നത്‌,
നിന്നെ അറിയിക്കാതെ, പറയാതെ,
സ്വയം കുടഞ്ഞു പ്രണയിക്കുവാനാണ്‌.
ഞാനിഷ്ടപ്പെടുന്നത്‌,
നിന്റെ പ്രണയമറിഞ്ഞിട്ടും,
ആ അറിവിനെ പങ്കുവയ്ക്കാതിരിക്കുവാനാണ്‌.
ഞാനിഷ്ടപ്പെടുന്നത്‌,
നമ്മൾ തമ്മിലുള്ള ഇത്തിരിയകലത്തിൽ
പ്രണയാഗ്നിയെ കൊളുത്തുവാനാണ്‌;
നമ്മുടെ ശ്വാസങ്ങളാലൂതി
അതിനെയെന്നും ആളിക്കുവാനാണ്‌.

ചില സന്ദേശങ്ങൾ
നിന്റെ ചെവികൾക്കുള്ളതല്ല;
കണ്ണുകൾക്കുള്ളതല്ല.
എന്നെന്നേയ്ക്കുമായി
നിന്റെ ഹൃദയഭിത്തിയിൽ
അള്ളിയിരിക്കേണ്ടവയാണ്‌.

ഇരിക്കെട്ടെടോ,
തന്റെ ശ്വാസങ്ങൾ
അവിടെയല്ലേ ജനിയ്ക്കുന്നതും
നാഡിത്തുമ്പുകളിൽ വരെ
താളമായി മാറുന്നതും?