Jyothy Sreedhar

ഒരു പെണ്ണെഴുത്ത്

ഈ എഴുത്തിനു പ്രേരകമായ മലയാള മനോരമയിലെ ഒരു ലേഖനത്തെ മനസ്സാ ധ്യാനിച്ച്‌ കൊണ്ട് തുടങ്ങുന്നു. ആണുങ്ങളെ ഇരുത്തി എഴുതുകയല്ല. ഇത് പലയിടത്തും ആണുങ്ങള്‍ക്ക് ഒരു പെണ്ണെഴുതുന്ന കത്താണ്, ചിലയിടത്ത് അതൊരു അപേക്ഷ. ഒരു നര്‍മത്തിന് ചിലയിടങ്ങളില്‍ കളിയാക്കലുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിലര്‍ക്ക് രസിച്ചെന്നു വരില്ല. അവര്‍ക്കും അല്ലാത്തവര്‍ക്കും കമന്റ്സ് എന്ന ജാലകം തുറന്നു കിടക്കട്ടെ. അപ്പോള്‍ ഞാന്‍ അങ്ങ് തുടങ്ങുവാ. പണ്ട് മുതലേ കേട്ട് കേള്‍വിയുള്ളതാണ്, പെണ്ണുങ്ങള്‍ക്ക്‌ ഒരുങ്ങാനുള്ള സമയ ദൈര്‍ഘ്യം. ശരിയാണ്. അങ്ങനെ ഒക്കെ ആയിരുന്നു കാര്യങ്ങള്‍. പെണ്ണുങ്ങള്‍ക്ക്‌ ആടയാഭരണങ്ങള്‍ വാങ്ങി വരുമ്പോഴേക്കും ഒരു പേഴ്സ് മൊത്തം കാലിയായി കഴിഞ്ഞിരിക്കും. 'പണ്ട്' എന്നൊരു വാക്ക് ഞാന്‍ ഉപയോഗിച്ചിരുന്നു എന്ന് ഓര്‍മിപ്പിക്കട്ടെ. ഇപ്പോള്‍ എല്ലാം കണക്കാ. ആണുങ്ങള്‍ക്ക് ഒരു ഷര്‍ട്ടും ജീന്‍സും അതിനു വേണ്ടുന്ന ഷൂസും ഒക്കെ മേടിക്കുമ്പോഴും ബില്‍ കണ്ടു അന്തം വിടാന്‍ പറ്റും എല്ലാവര്ക്കും. പിന്നെ ഒരുക്കം... പെണ്ണുങ്ങളെ തള്ളി നീക്കി കണ്ണാടിയുടെ മുന്നില്‍ ഒരു അന്തവും കുന്തവുമില്ലാതെ സമയം ചെലവഴിക്കാത്ത ആണുങ്ങള്‍ എത്ര ഉണ്ടാവും ഈ ലോകത്ത്? പോക്കറ്റില്‍ കൈ ഇട്ടാലാണോ ഇട്ടില്ലെങ്കിലാണോ ഗ്ലാമര്‍, വാച്ച് ഇടതു കയ്യില്‍ ആണോ വലതു കയ്യില്‍ ആണോ മാച്ച്, അത് എത്ര ഇറക്കത്തില്‍ ഇടണം, കൂളിംഗ്‌ ഗ്ലാസ്‌ കണ്ണിലോ നെറ്റിയിലോ മുടിയിലോ വക്കേണ്ടത് എന്ന് തുടങ്ങി അവസാനം ഷൂസ് ഇട്ടതിനു ശേഷം കണ്ണാടിയുടെ മുന്‍പില്‍ ഒരു ഫാഷന്‍ വാല്‍ക് കൂടി നടത്തിയാലേ അവരുടെ കാര്യം ഒരു തീരുമാനം ആകൂ. ഒരുങ്ങിക്കോളൂ ഒരുങ്ങിക്കോളൂ വേണ്ടുവോളം ഒരുങ്ങിക്കോളൂ... അടുത്ത കല്യാണത്തിന് "ഈ പെണ്ണുങ്ങളുടെ ഒരു കാര്യം എന്ന് പറയാതിരുന്നാ മതി"! ഡ്രസ്സിന്റെ കാര്യം പറഞ്ഞപ്പോഴാ ഓര്‍ത്തത്‌... പുതിയ ഒരു ട്രെന്‍ഡ് ഇറങ്ങിയിട്ടുണ്ട്. ഞാന്‍ അതിനെ ഒരു അര സൂപ്പര്‍മാന്‍ സ്റ്റൈല്‍ എന്ന് വിളിക്കും. കാരണം മറ്റൊന്നും അല്ല, ലോ വേസ്റ്റ് ജീന്‍സ്‌ ഇട്ടിട്ട് കൂടെ ഒരു ചെറിയ കുട്ടി ഷര്‍ട്ട് ഇട്ട്, അടിവസ്ത്രം കേറ്റി ഇട്ട് പ്രദര്‍ശിപ്പിക്കുന്ന രീതി. പെണ്‍കുട്ടികളുടെ മുന്നില്‍ വന്ന് എന്തെങ്കിലും എടുക്കാന്‍ കുനിഞ്ഞാല്‍ കേമമായി! കഴിഞ്ഞ ദിവസം വായിച്ചു പത്രത്തില്‍... അത്തരം കുറെ എണ്ണങ്ങളെ പോലീസ് കൈകാര്യം ചെയ്തത്. കൂടെ പൊതുവായ പ്രതികരണങ്ങളും ഉണ്ടായി. അതില്‍ നിന്നാണ് കൂടുതല്‍ ആളുകള്‍ക്കും ആ കാഴ്ച അസഹ്യം ആണെന്ന് എനിക്ക് മനസ്സിലായത്‌. പോലീസ് കേസുകള്‍ വരെ ഫയല്‍ ചെയ്തിട്ടുണ്ടത്രെ. എനിക്ക് ഭേഷാ പിടിച്ചു ആ വാര്‍ത്ത. അത്തരം പ്രദര്‍ശനം ചെയ്‌താല്‍ എല്ലാം ആയി, ഒരു വലിയ സ്റ്റൈല്‍മന്നന്‍ ആയി എന്നൊക്കെ വിചാരിക്കുന്ന പയ്യന്മാര്‍ ഉണ്ട്. പ്രത്യേകിച്ച് കോളെജ് പയ്യന്മാര്‍. ഇതൊക്കെ ആരെ തോല്‍പ്പിക്കാന്‍ ആണ് എന്റെ കുട്ടികളേ! കോളേജ് പയ്യന്മാര്‍... അവര്‍ ഉഗ്രന്‍ കഥാപാത്രങ്ങള്‍ ആണ്. ഷൈന്‍ ചെയ്യാന്‍ വേണ്ടി എന്ത് കോപ്രായവും ചെയ്തു കൂട്ടുന്നവര്‍. ഇത്തരം 'ട്രെണ്ട്സും', കൂടെ ഒരു സിഗരറ്റും, ഒരു കുപ്പി മദ്യവും, കടിച്ചാല്‍ പൊട്ടാത്ത തെറി വാക്കുകളും, ചുരുട്ടിയ മുഷ്ടിയും ഉണ്ടെങ്കില്‍ 'പുരുഷന്‍' ആയി എന്ന് വിചാരിക്കുന്ന വെറും ടിന്റുമോന്മാര്‍. ഒന്ന് പറഞ്ഞാല്‍ രണ്ടിന് കയ്യോങ്ങി "കൊങ്ങയ്ക്ക്‌ പിടിക്കും" ഇവന്മാര്‍. ആ പ്രായത്തിനാവും 'തെറിക്കുന്ന പ്രായം' എന്ന് കാരണവന്മാര്‍ പറയുന്നത്. മദ്യം എന്നതിനെ പറ്റിയും എനിക്ക് അല്പം പറയാനുണ്ട്. കുടിച്ചോളൂ, വിരോധമില്ല. പക്ഷെ അല്പം കുടിച്ചത് കൊണ്ട് പിന്നെ വീട്ടില്‍ ചെന്ന് എല്ലാരെയും ചീത്ത പറയുകയും പണ്ട് മുതല്‍ മനസ്സില്‍ കൊണ്ട് നടന്ന കാര്യങ്ങള്‍ പുലമ്പുകയും ഒക്കെ ചെയ്യുന്നവര്‍ വെറുപ്പിന് പാത്രങ്ങള്‍ ആകുന്നു. പിന്നെ, കൂടെ ഇരിക്കുന്നവര്‍ എത്തരക്കാര്‍ ആണെന്നും ഒരു ബോധ്യം ഉണ്ടായാല്‍ നന്ന്. കുടിക്കുന്ന സ്ത്രീകള്‍ ഉണ്ടെന്നു കരുതി ഏതു സ്ത്രീകളുടെ കൂടെയും ഇരുന്നു മദ്യപിക്കുന്നതില്‍ തെറ്റില്ല എന്ന് വിചാരിക്കുന്നത് മോശം ആണ്... കുടിക്കാന്‍ അപ്പോള്‍ താല്പര്യമില്ലാത്തവരെ പരിഹസിച്ചു കുടിക്കാന്‍ നിര്‍ബന്ധിക്കുന്നതും വളരെ മോശം. ഇത് വരെ കുടിക്കാത്തവരെ അതിനു ക്ഷണിക്കുന്നവരെ എനിക്ക് പുച്ഛമാണ്. ഇതൊക്കെ ഒഴിവാക്കിയാല്‍ ആര്‍ക്കും ഒരു പ്രശ്നവും ഇല്ലാതെ ഒരാള്‍ സമാധാനമായി കുടിക്കുന്നതില്‍ ആര്‍ക്കു വിരോധം! അല്ലേ? ഇനി അടുത്തത് പ്രേമം ആണ്. വന്ന് വന്ന് പ്രണയം എന്നതിന് ഒരര്‍ത്ഥവും ഇല്ലാതെയായിരിക്കുന്നു. ചെറിയ ക്ലാസ്സുകളിലെ പയ്യന്മാര്‍ വരെ ഇപ്പോള്‍ ഏതു പെണ്‍കുട്ടിയെയും ഒന്നു വളച്ച് നോക്കുന്നത് പതിവാണ്. നിനക്കെത്ര ലൈന്‍ ഉണ്ട് എന്നതിന്റെ ഉത്തരം അവര്‍ക്ക് ഒരു അഭിമാന പ്രശ്നം ആയിരിക്കുന്നു. അതുകൊണ്ട് തന്നെ എണ്ണം അല്പം കേറ്റി പറയുക എന്നത് നിര്‍ബന്ധിതമാണ്... അല്ലെങ്കില്‍ അവിടെ ചോദ്യം ചെയ്യപ്പെടുക അവന്റെ 'ആണത്തം' ആണ്. നാലാം ക്ലാസ്സിലെ കുട്ടികള്‍ വരെ ഈ ലെവല്‍ ആണ്... ഗ്രാമ്മറും സ്പെല്ലിങ്ങും ഒക്കെ പഠിച്ചു വരുന്ന പ്രായത്തില്‍ പാവങ്ങള്‍ ലവ് ലെറ്റര്‍ എഴുതുന്നത്‌ കാണുമ്പോള്‍ സിലബസിന്റെ കട്ടി ഓര്‍ത്തു തലയില്‍ കൈ വച്ച് പോകും നമ്മള്‍. തമാശയായി പറഞ്ഞാല്‍ ഇങ്ങനെ ആണെങ്കിലും അല്പം ഗൌരവപരമായ ഒരു വശം ഉണ്ടതിന്. പ്രണയത്തിന്റെ പരിശുദ്ധി കൈമോശം വന്നിരിക്കുന്നു ഏതോ മുന്‍ തലമുറ മുതല്‍. പിന്നെ, പെട്ടെന്ന് തട്ടിക്കൂട്ടി 'ഇതെന്റെ കസിന്‍ ആണ് ടീച്ചറേ' എന്ന് പറയുക വഴി ഇപ്പോള്‍ ശരിക്കുള്ള കസിന്‍സ് വരെ സംശയദൃഷ്ടികള്‍ ഏല്‍ക്കേണ്ടി വരും. എന്തിനാണ് ഇതൊക്കെ! പരിശുദ്ധമായി പ്രണയിക്കുക ഒരു ഭാഗ്യമാണ്. നിയമങ്ങള്‍ ബാധിക്കാതെ, നിബന്ധനകള്‍ക്ക് വിധേയമാകാതെ, ആരെയും ബോധ്യപ്പെടുത്താനില്ലാതെ, അറിയാതെ ഉരുത്തിരിയുന്ന ഒരു പ്രണയം. അതിനു വേണ്ടി കാത്തിരിക്കുന്നതിലും ഒരു സുഖം ഉണ്ട് എന്ന് ഈ വേഷംകെട്ടലുകള്‍ക്കിടയില്‍ കുട്ടികള്‍ അറിഞ്ഞാല്‍ കൊള്ളാം. ഞാന്‍ ഇതെല്ലാം എഴുതുന്നത്‌ നാളെ മുതല്‍ എല്ലാവരും ഇതൊക്കെ അനുസരിച്ച് നടക്കും എന്ന വിചാരം കൊണ്ടൊന്നുമല്ല. എന്റെ ഒരു കാഴ്ചപ്പാടിനെ പറ്റി തുറന്നു എഴുതി എന്നേ ഉള്ളു. പെണ്ണുങ്ങള്‍ ഇതൊക്കെ വച്ച് നോക്കുമ്പോള്‍ എത്രയോ ഭേദം എന്ന് ഞാന്‍ പറയുകയോ വിശ്വസിക്കുകയോ ചെയ്യുന്നില്ല. ഞാന്‍ പറഞ്ഞ ഓരോ ഘടകത്തിനും ഒരു പെണ്‍വശം കൂടിയുണ്ട്... അതും അസഹ്യം എന്ന് ഞാന്‍ സമ്മതിക്കുന്നു. ഇതെല്ലാം പറയുന്ന ഞാന്‍ ഒരു പുണ്യാളത്തിയും അല്ല. പക്ഷെ ചിലരെങ്കിലും ഓര്‍ക്കില്ലേ എന്താവും ഇതിനെ പറ്റി പെണ്‍കുട്ടികള്‍ ആലോചിക്കുക എന്ന്? അവര്‍ക്കുള്ള ഒരു ചെറിയ ഉത്തരം ആണിത്... അതും എന്റെ പേരും ഒപ്പും ചേര്‍ത്ത എന്റെ കാഴ്ചപ്പാട്... അത്ര മാത്രം.