Jyothy Sreedhar

എഴുതപ്പെടാത്തത്

എഴുതിയ കവിതകളെക്കാൾ, എഴുതാത്ത കവിതകൾ അതിമധുരങ്ങളെന്നു ഞാനറിയുന്ന ദിനങ്ങളാണിവ. എഴുതപ്പെടാത്ത കവിതകളിൽ നിന്നെ ഉൾക്കൊള്ളുവാൻ എന്റെ കയ്യക്ഷരത്തേക്കാളുരുണ്ട ഭൂമിയുണ്ട്‌. അതിൽ, നിന്റെ വാക്കുകളുടെ ചൂടുപറ്റി മാത്രം തലചായ്ചുറങ്ങുന്ന എന്റെ ചിന്തകളുണ്ട്‌. നിന്റെ ഹൃദയസ്പന്ദനങ്ങളെ മാത്രം പരിചിതമായ, നിന്നോടു മാത്രം പങ്കുവയ്ക്കുന്ന എന്റെ നിമിഷങ്ങളുണ്ട്‌. നീണ്ട സംഭാഷണങ്ങൾക്കൊടുവിൽ നിന്റെ ശബ്ദം നേർത്തു മായുംബോൾ മാത്രം തുടങ്ങുന്ന എന്റെ നിദ്രകളുണ്ട്‌. നീ പുണർന്ന് ചുംബിയ്ക്കുന്ന യാമങ്ങൾ മുതൽ നീ മാത്രം നിറയുന്ന സ്വപ്നങ്ങൾ കടന്ന് എന്റെ നെറുകിലെ നിന്റെ തലോടലിൽ തീരുന്ന എന്റെ രാവുകളുണ്ട്‌. ആരുമറിയാതെ, ലോകത്തിന്റെ ഈയൊരു കോണിൽ നമ്മുടെ പ്രണയമുണ്ടെന്നോർക്കുവാൻ എന്റെ കവിതകൾക്കിഷ്ടമാണ്‌. അതിനായി, എന്റെ കവിതകൾ എഴുതപ്പെടാതെയിരിക്കുന്നു. നിന്നോടുള്ള എന്റെ പ്രണയത്തിൽ, അതിനെ ഞാൻ അനുഭവിയ്ക്കുന്നതിൽ, ഞാൻ സ്വാർത്ഥയാകുന്നു. ആർക്കും ഒരംശവും കൊടുക്കാതെ ഞാനതു കാക്കുന്നു. നമുക്കിടയിൽ മാത്രമതു തങ്ങുന്നു. ശേഷം, എന്റെ പ്രണയത്തെയറിയുന്ന കുസൃതിയാർന്ന നിന്റെ പുഞ്ചിരികൾ അവ ഹൃദ്യമായ്‌ ആലപിയ്ക്കുന്നു.