Jyothy Sreedhar

എന്‍റെ... കലോത്സവം.

എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു സംസ്ഥാന സ്കൂള്‍ കലോത്സവം എന്‍റെ കയ്യെത്തും ദൂരത്ത്‌ നടക്കുന്നത്! അല്ലെങ്കില്‍, ഒരോടിത്തൊട്ടു കളി പോലെയാണ് എപ്പോഴും കലോത്സവം എനിക്ക്. ഞാന്‍ എറണാകുളത്തുള്ളപ്പോള്‍ കലോത്സവം കോഴിക്കോട്ടും തിരുവനന്തപുരത്തും കൊല്ലത്തും ഒക്കെ. പിന്നെ ചെന്നൈയില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് വന്നു താമസമായപ്പോള്‍ കലോത്സവം പാലക്കാട്. അന്ന് ഞാന്‍ തെല്ലൊരു നഷ്ടബോധത്തോടെ വെറുതെ മനസ്സിലോര്‍ത്തു, “ഈ കലോത്സവത്തിനെന്താ ഞാന്‍ ഉള്ള സ്ഥലത്തെയ്ക്ക് വന്നാല്‍!” ഇത്തവണ, ഞാന്‍ കോഴിക്കോട്ടും കലോത്സവം എന്‍റെ നാടായ എറണാകുളത്തും ആവും എന്ന് കേട്ടപ്പോള്‍ അത് തീരുമാനിച്ചവര്‍ക്ക് ഒറ്റ അടി കൊടുക്കാന്‍ ആണ് തോന്നിയത്.

അപ്പോഴാണ്‌, പൊതുവേ നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും എട്ടിന്റെ പണി സ്ഥിരമായി കൊടുക്കുന്ന കൊച്ചി മെട്രോ റെയിലിന്റെ ജോലികള്‍ ചരിത്രത്തില്‍ ആദ്യമായി ഒരാള്‍ക്ക് ഏറ്റവും വലിയ അനുഗ്രഹമായി മാറിയത്. ഈ അടുത്തു കൊച്ചിയില്‍ പോയപ്പോള്‍ എന്നെ മടുപ്പിച്ചു വെറുപ്പിച്ചു കളഞ്ഞ നമ്മുടെ കൊച്ചി മെട്രോ പണി ഉണ്ടാക്കിയ ഒരു ഒന്നൊന്നര ട്വിസ്റ്റ്‌! “കിട്ടി കോയാ കലോത്സവം!” എന്ന മട്ടില്‍ എറണകുളത്തു നിന്ന് കലോത്സവം ഷിഫ്റ്റ്‌- അത് എന്നെ തേടി കോഴിക്കോട്ടേയ്ക്ക് എത്തുന്നു. ഞാനും കലോത്സവവും ഒരേ ജില്ലയില്‍.  കേട്ടതും മതിമറക്കുന്ന സന്തോഷം ആയിരുന്നു! എന്‍റെ ഭര്‍ത്താവ് മീഡിയ പേഴ്സന്‍ ആണ്. അതുകൊണ്ട് കലോത്സവത്തിന്റെ ഫിക്സ്ച്ചര്‍ എടുത്തു തരുന്ന കാര്യം അങ്ങോട്ട്‌ ഏല്‍പ്പിച്ചു. കലോത്സവത്തിന്‍റെ ഡേറ്റ് നേരത്തെ പറഞ്ഞ് എന്നെ പൂര്‍ണ്ണമായും ഫ്രീ ആക്കണം എന്ന് ആവശ്യപ്പെട്ടു. സത്യത്തില്‍ അദ്ദേഹത്തിന് എന്‍റെ ആവേശത്തിന്‍റെ അളവ് ആദ്യം മനസ്സിലായിരുന്നില്ല. ഓരോ ദിവസം ചെല്ലും തോറും “ഇതിന് പ്രാന്താണോ!” എന്ന് പലവട്ടം തോന്നിയിട്ടുണ്ടാവും. അങ്ങനെ കാര്യങ്ങള്‍ ഒക്കെ മനസ്സിലായപ്പോള്‍ എന്നെ പൂര്‍ണ്ണമായും ഫ്രീ ആക്കി. കരാര്‍ ഇതായിരുന്നു. രാവിലെ എന്നെ കലോത്സവ വേദിയില്‍ കൊണ്ട് പോയി വിടും. തിരിച്ചു ഞാന്‍ “പോകാം” എന്ന് പറയും വരെ ധൃതി പിടിപ്പിക്കില്ല. രാത്രി തിരികെ ഒരുമിച്ച് തിരിച്ചു വരും. അതുവരെ വേദികളില്‍ നിന്ന് മറ്റു വേദികളിലേക്ക് പോകുന്ന കാര്യങ്ങള്‍ കോഴിക്കോട് ശരിയ്ക്കും പഠിക്കാത്ത എന്‍റെ തീരുമാനമായിരിക്കും. ഒറ്റയ്ക്ക് എവിടെ പോകാനും വന്‍ കോണ്‍ഫിഡന്‍സ് ഉള്ള എനിക്ക് അതും ഓക്കേ!

ജനുവരി പതിനഞ്ച്- എന്‍റെ ജന്മദിനം. “നിങ്ങള്‍ ഉള്ളില്‍ തീവ്രമായി എന്തിനെ ആഗ്രഹിക്കുന്നുവോ, പ്രപഞ്ചം മുഴുവനും തമ്മില്‍ ഗൂഡാലോചന നടത്തി അത് നിങ്ങള്‍ക്കായി നടത്തിത്തരും” എന്ന പോളോ കേയ്ലോയുടെ ആല്‍കമിസ്റ്റ് എന്ന നോവലിലെ വരി യാഥാര്‍ത്ഥ്യമാകുന്നത് ഞാന്‍ അനുഭവിച്ചറിഞ്ഞു. ഈ കലോത്സവം അപ്പറഞ്ഞ പ്രപഞ്ചം എനിക്ക് തന്ന ഏറ്റവും മനോഹരമായ ജന്മദിന സമ്മാനമായിരുന്നു. ജനുവരി പതിനഞ്ച്, കൃത്യം പാതിരാത്രിയ്ക്ക് ചുറ്റും നിറഞ്ഞ ബര്‍ത്ത്ഡേ വിഷസ് കൊണ്ട്, ഞാന്‍ മുറിച്ച കേക്ക് കൊണ്ട് ഫ്ലാഗ് ഓഫ് ചെയ്തത് ഒരു ഉത്സവകാലമാണ്. എന്‍റെ… കലോത്സവം!

പതിനഞ്ചാം തിയതി ഉദ്ഘാടനം കഴിഞ്ഞ് മോഹിനിയാട്ടം നടക്കുന്ന പ്രധാന വേദിയില്‍ ആവും തിരക്ക് എന്ന് കണക്കുകൂട്ടി ആദ്യം പോയത് വൈകിട്ട് ആറു മണിയോടെ സാമൂതിരി ഗ്രൗണ്ടിലേയ്ക്കാണ്. കേരള നടനമാണ് ലക്‌ഷ്യം. എന്‍റെ സ്കൂള്‍ കാലത്ത് ഭരതനാട്യവും മോഹിനിയാട്ടവും കുച്ചിപ്പുടിയും എന്‍റെ മത്സര ഇനങ്ങള്‍ ആകുമ്പോള്‍ എന്‍റെ നൃത്തഗുരുവായ കലാമണ്ഡലം ഗോപിമാഷ് എന്നോട് അന്ന് ചോദിച്ചു, “ഇത്തവണ മുതല്‍ കേരള നടനം എന്നൊരു ഇനമുണ്ട്. ഞാന്‍ പഠിപ്പിച്ചു തരാം. മത്സരിച്ചാലോ?” കേട്ടതോടെ ഒരല്പം ടെന്‍ഷന്‍. എങ്ങനെയാണ് കേരളനടനം എന്ന് ചോദിച്ചപ്പോള്‍ മോഹിനിയാട്ടവും കഥകളിയും ചേരുന്ന ഒരിനമാണ്‌ എന്നായിരുന്നു മറുപടി. ഒരു റിസ്ക്‌ എടുക്കാന്‍ തോന്നിയില്ല. മറ്റുള്ളതിലാണ് മത്സരിച്ചത്. കേരളനടനം അന്ന് കണ്ടുമില്ല. അതുകൊണ്ട് തന്നെ ഇത്തവണ ആദ്യം കേരളനടനം തന്നെയാകട്ടെ എന്ന് തീരുമാനിച്ചു. ചെന്നപ്പോള്‍ ആറുമണിയ്ക്ക് തുടങ്ങേണ്ട കേരളനടനത്തിന്റെ അറിയിപ്പ് പോലും ആറു മണിയ്ക്ക് വന്നില്ല. കാത്തിരുന്നപ്പോള്‍ സ്റ്റേജ് ഒക്കെ ആകെയൊന്നു നോക്കി. അറിയാത്ത ഒരു വികാരം എന്‍റെ കണ്ണ് നനയിച്ചു. ഒന്നര മണിക്കൂര്‍ കഴിഞ്ഞ് കേരളനടനം തുടങ്ങുന്നു എന്ന അറിയിപ്പ്. വിധികര്‍ത്താക്കളെ വേദിയില്‍ പരിചയപ്പെടുത്തുന്നതിനിടയില്‍ മൂന്നാമത്തെ വിധികര്‍ത്താവിനെ അവിടെ നിന്ന് പറഞ്ഞയച്ച് മറ്റൊരാളെ കൊണ്ടുവന്നിരുത്തി. കാരണം ഒന്നുമറിയില്ല. കേരളനടനം കണ്ണ് നിറച്ചു കണ്ടു. കുറച്ച് നേരം കഴിഞ്ഞ് അവിടെ നിന്ന് പ്രധാനവേദിയായ മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ പോയി ഏറെ നേരം മോഹിനിയാട്ടവും കണ്ടിരുന്നു. തിരികെ വീട്ടിലേയ്ക്ക്.

തിളച്ചുമറിയുന്ന ആവേശത്തില്‍ ഉറക്കം ഒന്നും ശരിയാവാത്തത് കണക്കിലെടുത്തത് പോലുമില്ല. രാവിലെ നേരത്തെ എഴുന്നേറ്റ് എല്ലാ കാര്യങ്ങളും വേഗം തീര്‍ത്ത് പത്തുമണിയോടെ പ്രധാന വേദിയിലെത്തി. ഭരതനാട്യത്തിന്റെ അനൌണ്സ്മെന്‍റ് കേട്ടാണ് അങ്ങോട്ടേയ്ക്ക് കയറിയത്. ഒരു വിധികര്‍ത്താവ് പ്രശസ്ത നൃത്താചാര്യനായ ധനഞ്ജയന്‍ മാഷ്‌! ഈ കുട്ടികള്‍ക്കൊക്കെ എത്രയോ വലിയ ഭാഗ്യമാണ് ഇതൊക്കെ. ഇന്നവര്‍ അതിന്‍റെ മൂല്യം അറിയില്ല. കാലങ്ങള്‍ പിന്നിടുമ്പോള്‍ ധനഞ്ജയന്‍ മാഷിനെ പോലൊരാള്‍ തന്‍റെ നൃത്തം വീക്ഷിച്ചുവെന്ന് ഓര്‍ക്കുമ്പോള്‍ തന്നെ രോമാഞ്ചമായിരിക്കും. ഭരതനാട്യം തുടങ്ങി അല്‍പ നേരം കഴിഞ്ഞപ്പോള്‍ ഒരു കുട്ടിയ്ക്ക് വേണ്ടി ജതി പറഞ്ഞ ശബ്ദം ഞാന്‍ തിരിച്ചറിഞ്ഞു. എന്‍റെ പഴയ ഗുരുവായ RLV ആനന്ദ് മാഷ്‌. പാട്ട് പാടുന്നത് അരുണ്‍ സര്‍. പിന്നെ തുടരെ മാഷിന്‍റെ കുട്ടികളാണ് എന്ന് മനസ്സിലായി. മാഷ്‌ അവിടെങ്ങാനും ഉണ്ടെങ്കില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വികാരാര്‍ദ്രമായ ഒരു കണ്ടുമുട്ടല്‍ ആവും അത്. ബാക്ക്സ്റ്റേജ് ഭാഗത്തേയ്ക്ക് ഒന്നെത്തി നോക്കി. അങ്ങോട്ടേയ്ക്ക് ആര്‍ക്കും പ്രവേശനമില്ല. ആഹ്… പ്രപഞ്ചം… ഗൂഡാലോചന… വന്നോളും എന്ന് വിചാരിച്ചു.

കേരളത്തില്‍ പതിനാലു ജില്ലകള്‍ മാത്രമേ ഉള്ളൂ, അവിടെ നിന്ന് ഒരിനത്തിന് മത്സരിക്കേണ്ടത് പതിനാലു കുട്ടികള്‍ മാത്രമാണ്. പക്ഷെ അപ്പീലുകള്‍ വഴി, ഭരതനാട്യത്തിന് (ഹൈസ്കൂള്‍ വിഭാഗം) മത്സരിച്ചത് ഏതാണ്ട്  അന്‍പത് കുട്ടികളാണ്. അങ്ങനെ രാവിലെ ഒന്‍പതു മണിയ്ക്ക് ആരംഭിക്കാന്‍ ഉദ്ദേശിച്ച, പത്തരയ്ക്ക് തുടങ്ങിയ മത്സരം കഴിഞ്ഞത് രാത്രി എട്ടു മണിയ്ക്കോ മറ്റോ ആണ്. അതേ വേദിയില്‍ ‘ബുദ്ധിയുള്ള’ സംഘാടകര്‍ ഉച്ചയ്ക്ക് രണ്ടു മണിക്ക് മാര്‍ഗ്ഗംകളി പറഞ്ഞിരുന്നു. മൂന്നു മണിയോടെ മാര്‍ഗ്ഗംകളിക്കാര്‍ അങ്ങിങ്ങായി ഇരിക്കുന്നത് കണ്ട് ചിരിച്ചു പോയി. ഇവരൊക്കെ എപ്പോള്‍ വേദിയില്‍ കയറാനാണ്! റെവന്യൂവില്‍ നിന്നുള്ള അപ്പീലുകള്‍ ആകട്ടെ എത്രയോ ആയിരങ്ങള്‍! ഇതിനു പുറമേ സംസ്ഥാന കലോത്സവത്തിന്റെ ഫലം വരുമ്പോള്‍ റാങ്കും ഗ്രേഡും പുനപരിശോധിക്കാന്‍ വേറെ കുറെ അപ്പീലുകള്‍. ഫലം വരുമ്പോളുള്ള പട്ടിക ഒരു രാത്രി കൊണ്ട് കീഴ്മേല്‍ മറിഞ്ഞ് അടുത്ത പട്ടിക പിറ്റേന്ന് രാവിലെ വരും എന്ന തമാശ വേറെ! ഇതിനിടയില്‍ തമ്മില്‍ വാക്പയറ്റ് നടക്കും ബാക്ക്സ്റ്റേജിലും ഹൈയര്‍ അപ്പീല്‍ ഓഫീസിന് മുന്നിലും ഒക്കെ. ഒരേ ഇനത്തിനു തന്നെ പല ഫലങ്ങള്‍ ഓരോ മണിക്കൂറും പുറത്തിറങ്ങിയ സംഭവവും നടന്നു. ഗ്രേഡിംഗ് സിസ്റ്റം മത്സരവീര്യം കുറയ്ക്കാനാണത്രേ!!!! ഭയങ്കരം! 😀

എല്ലാ ദിവസവും എന്‍റെ കയ്യില്‍ ഞാന്‍ സ്ഥിരമായി എഴുതുന്ന ഡയറി ഉണ്ടായിരുന്നു. ഇടവേളകളില്‍ ഞാന്‍ ഡയറിയെഴുത്തില്‍ മുഴുകും. എല്ലാ ദിവസവും ഡയറിയുമായി വേദികള്‍ കയറിയിറങ്ങിയ ഞാന്‍ റിപ്പോര്‍ട്ടര്‍ ആണെന്ന് പലരും തെറ്റിദ്ധരിച്ചു. ചിലര്‍ ചോദിക്കുകയും ചെയ്തു. ചാനലുകളിലോക്കെയും സുഹൃത്തുക്കള്‍ ഉണ്ട്. അങ്ങനെ പലരുമായും സംസാരിക്കുന്നത് കണ്ട് ഒരു കുട്ടി ചോദിച്ചത് ഇങ്ങനെ, “റിപ്പോര്‍ട്ടര്‍ ആണെന്ന് മനസ്സിലായി. ഏതു ചാനലിലാ?” ഞാന്‍ ആരുമല്ല എന്ന് പറഞ്ഞു കൈകൂപ്പി.

ഇടയ്ക്ക് ആരോ സൗജന്യമായി വെള്ളക്കുപ്പികള്‍ വിതരണം ചെയ്തു.  നല്ല കാര്യം. വെള്ളം കുടിച്ച് നോക്കുമ്പോള്‍ ആ കുപ്പിയ്ക്ക് മുകളില്‍ ഒഡീസിയുടെ ഒരു പരസ്യ കാര്‍ഡ്.അതിനു പുറകില്‍ ഉഗ്രന്‍ ഒരു കലണ്ടര്‍.

വര്‍ഷം 2015 എന്ന് വെടിപ്പായി കുറിച്ചിട്ടുണ്ടെങ്കിലും കൊടുത്തിരിക്കുന്നത് 2014 ലെ കലണ്ടര്‍ ആണെന്ന് കണ്ടപ്പോള്‍ അവരുടെ ശ്രദ്ധ എത്രത്തോളം ഉണ്ട് എന്ന് മനസ്സിലായി. ഇടയില്‍ നടന്ന ഒരു കൊച്ചു തമാശയുണ്ട്. ഭരതനാട്യം നീണ്ടുപോയതിനിടയില്‍ വൈകിട്ട് ആറു മണിയ്ക്കോ മറ്റൊ, ഞാന്‍ ഇരുന്നതിന്റെ തൊട്ട് പുറകില്‍ ഒരാള്‍ ഓടിക്കിതച്ച് വന്നു നിന്നു. അയാള്‍ ഫോണില്‍ മറ്റൊരാളോട് പറയുന്നു, “ഞാന്‍ ഇപ്പൊ ക്രിസ്ത്യന്‍ കോളേജിലാണ്. മുഴുവന്‍ ബ്ലോക്ക് ആണ്. ലെഫ്ടും റൈറ്റും പോകാന്‍ പറ്റില്ല. കുറച്ചു നേരം ഇതൊക്കെ കണ്ടിട്ട് വരാം.” അപ്പോള്‍ സ്റ്റേജില് അടുത്ത ഭരതനാട്യത്തിനായി കര്‍ട്ടന്‍ പൊങ്ങി. ഉടനെ അയാള്‍ ഫോണില്‍: “ഇവിടെ ഉച്ച മുതല്‍ മാര്‍ഗ്ഗംകളിയാണ്. (സ്റ്റേജിലേക്ക് നോക്കുന്നു) ഹാ…. മാര്‍ഗ്ഗംകളി ഇപ്പൊ ഒറ്റയ്ക്കാണോ!” നല്ല ശബ്ദത്തില്‍ ആയതുകൊണ്ട് ചുറ്റുമുള്ളവര്‍ തിരിഞ്ഞു നോക്കി ചിരിക്കാന്‍ തുടങ്ങി. സ്റ്റേജില്‍ ഞാന്‍ നോക്കുമ്പോള്‍, സര്‍വ്വാഭരണ വിഭൂഷിതയായി ഒറ്റയ്ക്ക് വന്ന ആ ‘മാര്‍ഗ്ഗംകളിക്കാരി’!

ഭരതനാട്യത്തിന്റെ മത്സരഫലം രസമായിരുന്നു. അന്‍പത് പേരില്‍ നാല്‍പ്പത്തി ഏഴു പേര്‍ക്ക് എ ഗ്രേഡ്. ബാക്കി മൂന്നു പേര്‍ക്ക് ബി ഗ്രേഡ്! ഇടയ്ക്ക് തോന്നുന്നു, ഗ്രേഡിംഗ് സിസ്റ്റം ഒരു മത്സരപ്രതീതി തരുന്നില്ല എന്ന്. ഇതൊരു പ്രോഗ്രാം പോലെയാണ്. പലരും വന്നു കളിക്കുന്നു, പോകുന്നു. സമ്മാനങ്ങള്‍ ഇല്ല. കലാതിലകവും കലാപ്രതിഭയും ഇല്ല. പക്ഷെ മത്സരത്തിന്റെ മോശം പ്രവണതകളെ വകഞ്ഞുമാറ്റുന്നുണ്ട് ഗ്രേഡിംഗ് സിസ്റ്റം എന്ന് പറയാതെ വയ്യ. ഇത്തവണത്തെ മത്സരത്തിനുള്ള ജഡ്ജിംഗ് കുറ്റമറ്റതായിരുന്നു എന്ന് ഏറെക്കുറെ പറയാം. ചിലപ്പോള്‍ വിഷമിപ്പിച്ചത് സംഘാടക സമിതിയാണ്. ഷെഡ്യൂള്‍ തന്നെ വലിയ പ്രശ്നമായിരുന്നു. ചിലര്‍ കേരളനടനത്തിന് അവസാന ക്ലസ്റ്ററില്‍ മത്സരിച്ച് വെളുപ്പിന് രണ്ടു മണി തിരികെ പോയി വേഗം റെഡി ആയി പിറ്റേന്ന് രാവിലെ മോഹിനിയാട്ടം ആദ്യ ക്ലസ്റ്ററില്‍ മത്സരിക്കാന്‍ എത്തേണ്ടി വന്നു. ചിലര്‍ സ്റ്റേജ് പ്രശ്നങ്ങള്‍ കാരണം തെന്നിവീഴുകയും പിന്നീട് ചാന്‍സ് പോകുകയും ചെയ്തു. ഒരു കുട്ടി മത്സരിക്കാന്‍ കയറിയപ്പോള്‍ കറന്റ് പോകുകയും അയോഗ്യയാക്കുകയും ചെയ്യാന്‍ പോയതാണ്. പിന്നീട് പ്രതിഷേധങ്ങള്‍ ശക്തമായപ്പോള്‍ ആ കുട്ടിയ്ക്ക് വീണ്ടും ഒരു ചാന്‍സ് കൊടുത്തു. ഇത് ഒരു ഔദാര്യമായി ചെയ്തതിനോട് എനിക്ക് കടുത്ത പ്രതിഷേധമുണ്ട്. ഒരു കുട്ടി ഭരതനാട്യം കളിക്കുമ്പോള്‍ പകുതിയില്‍ കൂടുതല്‍ കഴിഞ്ഞപ്പോള്‍ സിഡി ഓഫ് ആയി പോയി. കുറച്ച് നേരത്തിനു ശേഷം വീണ്ടും ആ കുട്ടി ആദ്യം മുതല്‍ തുടങ്ങി. ആ ‘ഔദാര്യത്തിന്’ നന്ദിയുണ്ടെങ്കിലും, ഭരതനാട്യം ഒക്കെ ജതിയടക്കം കളിച്ചു അവസാനം ക്ഷീണിച്ചു തളര്‍ന്നു ശ്വാസം ആഞ്ഞു വലിച്ചാണ് തീര്‍ത്ത്‌ ഇറങ്ങുക. അങ്ങനെ നോക്കിയാല്‍ ആ കുട്ടി രണ്ടാമത് കളിക്കുമ്പോള്‍ ഉള്ള ക്ഷീണം എത്രത്തോളം ആണെന്ന് മനസ്സിലാക്കാവുന്നതേ ഉള്ളൂ. മറ്റൊരു കുട്ടിയ്ക്കും ഇതുപോലെ അവസാനഭാഗത്ത് സിഡി ഓഫ് ആയി പോയപ്പോള്‍ മനസ്സില്‍ പാടി ആ കുട്ടി കളിച്ചു തീര്‍ത്തത് കയ്യടിയോടെയാണ് കാണികള്‍ വരവേറ്റത്.

പ്രപഞ്ചം വീണ്ടും ഗൂഡാലോചന നടത്തി. കുച്ചിപ്പുടി വേദിയില്‍ എത്തിയ എന്‍റെ നേരെ നില്‍ക്കുന്നു സാക്ഷാല്‍ ആനന്ദ് മാഷ്‌! എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടപ്പോള്‍ മാഷ്‌ മത്സരിക്കാന്‍ വേഷമിട്ടു തയ്യാറായ കുട്ടിയോട് പറഞ്ഞു, “ഇത് എന്‍റെ പഴയ കുട്ടിയാണ്!” അത്ര മതിയായിരുന്നു എനിക്ക്. എന്തൊക്കെയോ കുറെ സംസാരിച്ച് ഞാന്‍ കുച്ചിപ്പുടി കാണാന്‍ ഇരുന്നു. പണ്ടത്തേതില്‍ നിന്ന് ഒരുപാട് മാറിയിരിക്കുന്നു കുച്ചിപ്പുടി. വ്യത്യാസമുള്ള ഇനങ്ങള്‍. കണ്ണ് ചിമ്മാതെ കണ്ടുതീര്‍ത്തു എന്ന് വേണം പറയാന്‍. നടിയും നര്‍ത്തകിയുമായ വിന്ദുജ മേനോന്‍ കുച്ചിപ്പുടി കാണുമ്പോള്‍ മീഡിയ വളഞ്ഞു. അവര്‍ ക്ഷമയോടെ കുറെ പേര്‍ക്ക് ഇന്‍റര്‍വ്യൂ കൊടുക്കുന്നത് കണ്ടു. പിന്നെയും അവര്‍ക്ക് സ്വസ്ഥത കൊടുക്കാതെ മീഡിയ വന്നു. ഒടുക്കം അവര്‍ കൈ കാണിക്കുന്നത് കണ്ട് ഞാന്‍ ചിരിച്ചുപോയി. കലയോടുള്ള യഥാര്‍ത്ഥ സ്നേഹം കൊണ്ട്, കുച്ചിപ്പുടി കാണാന്‍ വന്ന അവര്‍ക്ക് ഒരു ഐറ്റം പോലും മര്യാദയ്ക്ക് കാണാന്‍ കഴിയാതെ അത്രയും നേരം ഇരിക്കേണ്ടി വന്നു. പിന്നീട് അവര്‍ പറഞ്ഞതിന് ശേഷം മീഡിയ വരുന്നത് കണ്ടില്ല. മാധ്യമങ്ങളെ നമിച്ചുപോയി!

ഇത്തവണ ഹോട്ടലിനു മുന്നില്‍ ഹോട്ടല്‍ പൂട്ടിക്കാന്‍ എന്ന പോലെ തട്ടുകട നടന്നതുപോലെയാണ് മാധ്യമങ്ങളുടെ സ്റ്റോളുകള്‍ നിരന്നത്. എല്ലാവര്‍ക്കും എക്സ്ക്ലൂസീവ് വേണം, കണക്കു പറഞ്ഞു കാശ് മേടിച്ചു വരുന്ന സെലിബ്രിട്ടീസ് വേണം, പ്രശസ്ത ഗായകരുടെ സ്റ്റേജ് ഷോ വേണം. പ്രധാന വേദി ആയ മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൌണ്ടിലേക്ക് കയറിയാല്‍ ഇടതു വശത്താണ് വേദി. വലതു വശത്തേക്ക് നിരത്തി പണിതിരിക്കുന്നു എണ്ണമറ്റ ചാനലുകളുടെ, എഫ്എമുകളുടെ, പത്രങ്ങളുടെ സ്റ്റോളുകള്‍. ചില സ്റ്റോളുകള്‍ക്ക് വലുപ്പം കുറവ്, ചിലത് വലുത്. ചിലതിനു മുന്നിലേക്ക് കയറ്റി സ്റ്റേജുകള്‍. ‘അവിടെ കലോത്സവം, ഇവിടെ സ്റ്റേജ് ഷോ’- ഇതാണ് അവിടെ നടന്ന രീതി. ഒരു സ്റ്റൊളില്‍ പരിപാടി തുടങ്ങിയാല്‍ അവര്‍ ശബ്ദം കൂട്ടും. അപ്പോള്‍ അപ്പുറത്തെ സ്റ്റോളും അതിനേക്കാള്‍ ശബ്ദം കൂട്ടും. ഇഞ്ചോടിഞ്ച് പോരാട്ടം സത്യത്തില്‍ സ്റ്റേജിലല്ല,മീഡിയ സ്റ്റൊളുകളില്‍ തന്നെയാണ് നടന്നത്.

അതും കലോത്സവ മത്സരങ്ങള്‍ വേദികളില്‍ നടക്കുന്നതിനിടയില്‍. ആളുകള്‍ മീഡിയയുടെ മുന്നില്‍ സെലിബ്രിറ്റികളെ കാണാനും, സെല്ഫീ എടുക്കാനും, അവരുടെ പ്രോഗ്രാം കേള്‍ക്കാനും, ഇടയ്ക്ക് പറ്റുമെങ്കില്‍ ചാനലില്‍ മുഖം വരാനും മത്സരമായിരുന്നു. അവരെ കടന്ന് കലോത്സവ വേദിയില്‍ എത്തുക വലിയ ബുദ്ധിമുട്ടായിരുന്നു. ഒരു ദിവസം ജയ്ഹിന്ദ് ചാനലിന് വേണ്ടി എത്തിയത് സൂപ്പര്‍ സെലിബ്രിട്ടി സന്തോഷ്‌ പണ്ഡിറ്റ്‌. വന്നു സംസാരിച്ചു തുടങ്ങിയപ്പോഴേ ഒരാള്‍ കിട്ടിയതെന്തോ എടുത്തെറിഞ്ഞു. പുറകെ ഒരാള്‍ ചെരുപ്പ് എറിഞ്ഞത് നേരെ ക്യാമറയില്‍ കൊണ്ടു. പിന്നെ വന്ന ചെരുപ്പ് സന്തോഷ്‌ പണ്ഡിറ്റിന്റെ തലയില്‍ കൃത്യമായി കൊണ്ടു, ഷോ നിര്‍ത്തി വച്ചു പുള്ളിയെ മടക്കി അയച്ചു, മേയര്‍ മീഡിയകളോട് സെലിബ്രിട്ടികളെ കൊണ്ടുവരുന്നതിനെ വിലക്കി പ്രസ്താവന ഇറക്കി. അത് മൈന്‍ഡ് ചെയ്യാതെ ഏഷ്യാനെറ്റ് പിറ്റേന്ന് സയനോരയെ കൊണ്ടുവന്നു. ആരോ പേപ്പര്‍ സ്പ്രേ ഉപയോഗിച്ച് പരിപാടി കുളമാക്കി. അങ്ങനെ മീഡിയ കലോത്സവം പൊടിപൂരമായി എന്ന് വേണം പറയാന്‍.

കഴിഞ്ഞ ദിവസം കലോത്സവത്തിലെ മീഡിയ അതിപ്രസരത്തെ കുറിച്ചുള്ള ദര്‍ശന ടിവിയുടെ ലൈവ് ഡിസ്കഷന്‍ ഷോയില്‍ ഞാന്‍ ഗസ്റ്റ് ആയിരുന്നു. ഇതിനെക്കുറിച്ച് ദേഷ്യം പിടിച്ചിരിക്കുന്നത് കൊണ്ട് വാചാലമായി മീഡിയയുടെ ഈ ഒരു ലിമിറ്റ് ഇല്ലാത്ത കടന്ന് കയറ്റത്തെ ഞാന്‍ വിമര്‍ശിച്ചു.പ്രത്യേകിച്ച് ദേഷ്യം വന്നത് കലോത്സവവുമായി ഒരു ബന്ധവുമില്ലാത്ത, അതിനോട് തീരെ താത്പര്യമില്ലാത്ത സെലിബ്രിട്ടികള്‍ അവിടെ വന്ന് ഷോ നടത്തി കലോത്സവത്തിന്റെ യഥാര്‍ത്ഥലക്ഷ്യത്തെ വഴിതിരിച്ചതിനോടാണ്. ഇതിനിടയില്‍ ഒരു മാറ്റമായി വന്നത് ഒന്ന് വിന്ദുജ മേനോനും, പിന്നെ വയലിന്‍ മാന്ത്രികന്‍ എന്ന് പറയാവുന്ന, എന്‍റെ സുഹൃത്ത് കൂടിയായ ബാലഭാസ്കര്‍ ആയിരുന്നു. കൃത്യമായി കലോത്സവത്തില്‍ വയലിന്‍ കാണുവാന്‍ വേണ്ടി ഡേറ്റ് ഒക്കെ മുന്‍കൂട്ടി എന്നോട് ചോദിച്ചതാണ് അദ്ദേഹം.ഒരു വൈകുന്നേരം മാതൃഭൂമിയുടെ ഷോ ഉണ്ടായിരുന്നു എങ്കിലും മറ്റൊരു വേദിയിലെത്തി രാവിലെ മുതല്‍ അദ്ദേഹം വയലിന്‍ കേള്‍ക്കാനും കുട്ടികളെ പ്രോത്സാഹിപ്പിക്കാനും ഉണ്ടായിരുന്നു. ചിലര്‍ സ്റ്റേജില് കയറുന്നതിനു മുന്‍പ് ഓടി വന്നു അദ്ദേഹത്തിന്‍റെ കാല്‍ തൊട്ട് അനുഗ്രഹം വാങ്ങിക്കുന്നതും, കുറച്ച് മത്സരാര്‍ത്ഥികള്‍ ഒരുമിച്ചു നിന്ന് അദ്ദേഹത്തിന് വേണ്ടി വയലിന്‍ വായിച്ചതും ഒക്കെ തൊട്ടരികെ നിന്ന് കണ്ടപ്പോള്‍ കലോത്സവത്തില്‍ വരേണ്ട ‘സെലിബ്രിട്ടി’ അദ്ദേഹം തന്നെയാണ് എന്നെനിയ്ക്ക് തോന്നി.പലരും മനസ്സില്‍ വച്ച് ആരാധിക്കുന്ന ഒരു കലാകാരന്‍ താന്‍ പ്രാഗത്ഭ്യം തെളിയിച്ച അതേ ഇനം ആരും പ്രേരിപ്പിക്കാതെ കാണാന്‍ വന്നത് യഥാര്‍ത്ഥ കലാസ്നേഹം കൊണ്ടാണ്‌. അതുപോലെയുള്ള സെലിബ്രിട്ടികള്‍ വന്നാല്‍ അതിനൊരു അര്‍ത്ഥമുണ്ട് താനും.

രണ്ടു മൂന്നു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരു വിദ്യ പയറ്റി. പ്രധാന വേദി ഞാന്‍ ഒഴിവാക്കി. ‘ജനപ്രിയ ഇനങ്ങള്‍’ എന്ന് പറയപ്പെടുന്നത് കഴിവതും മാറ്റി, മറ്റിനങ്ങള്‍ നടക്കുന്ന വേദികളില്‍ കൂടുതലായി പോയി. നാടോടിനൃത്തം മാത്രമാണ് അല്ലാതെ കണ്ടത്. ഞാന്‍ മത്സരിച്ച 1999 കാലഘട്ടത്തില്‍ നിന്ന് അധികമൊന്നും മാറിയിട്ടില്ല നാടോടിനൃത്തം. ഇന്നും ഉയര്‍ന്ന ജാതിയില്‍ ഉള്ള ഒരു തമ്പ്രാനോ മറ്റൊ, കീഴ്ജാതിയിലുള്ള സ്ത്രീയെ പീഡിപ്പിക്കുന്നു/ സ്നേഹിക്കുന്നു, കുട്ടിയുണ്ടാവുന്നു/ഗര്‍ഭം ധരിക്കുന്നു. പിന്നീട് ആ സ്ത്രീഹൃദയത്തില്‍ ഉണ്ടാകുന്ന വികാരവിക്ഷോഭങ്ങളാണ് പ്രമേയം. മത്സരിക്കുമായിരുന്നു എങ്കിലും എനിക്ക് പണ്ടേ അത്ര ഇഷ്ടമല്ല നാടോടിനൃത്തം. ഭരതനാട്യത്തിന് ഉയര്‍ന്ന നിലവാരമുണ്ടായിരുന്നു എങ്കിലും കഥയുടെ ആവര്‍ത്തനവിരസതയും എണ്ണക്കൂടുതലും മടുപ്പിച്ചു. അത് നടന്നത് പൊടി പറക്കുന്ന പ്രധാനവേദിയിലാണ്. അവിടെ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞത് കപ്പലണ്ടിയേക്കാള്‍ മൂക്ക് പൊത്തി വയ്ക്കാന്‍ ഉള്ള ഹോസ്പിറ്റല്‍ സ്റ്റൈല്‍ മാസ്ക് ആണ്. 😀

പക്ഷെ എന്നെ ത്രസിപ്പിച്ച ഒരിനമുണ്ട്- നങ്ങ്യാര്‍ക്കൂത്ത്. ഇത്ര നാളും ആ നൃത്തരൂപം ഞാന്‍ അധികം ശ്രദ്ധിച്ചിട്ടില്ല. ഇത്തവണ ഒന്നുമറിയാതെ ഇരുന്നു. നങ്ങ്യാര്‍ കഥ പറഞ്ഞു തുടങ്ങിയപ്പോള്‍ മുദ്രകള്‍ അറിയാവുന്നത് കൊണ്ട്, അതില്‍ നിന്ന് കഥകള്‍ മനസ്സിലായിത്തുടങ്ങി. കാളീയമര്‍ദ്ദനവും പൂതനാമോക്ഷവും ഗോവര്‍ദ്ധനോദ്ധരണവും നരസിംഹാവതാരവും ഒക്കെ കഥകളായി വന്നപ്പോള്‍ ഒരു നിമിഷം ശ്രദ്ധ വഴുതിയില്ല.കഥകള്‍ ചുരുക്കിയല്ലാതെ ഡീറ്റെയില്‍ ആയി ഭാവങ്ങളും മുദ്രകളും കൊണ്ട് നങ്ങ്യാര്‍ പറഞ്ഞുതീര്‍ത്തു. നങ്ങ്യാര്‍ക്കൂത്ത് ഒരു ഭ്രമമാക്കിയാണ് ഞാന്‍ വേദി വിട്ടിറങ്ങിയത്‌. കുച്ചിപ്പുടി എനിക്ക് വളരെ ക്രേസ് ഉള്ള ഒരു ഇനമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞതും ഈ കലോത്സവത്തില്‍ ഒറ്റ ഇരിപ്പിന് മുഴുവന്‍ മത്സരവും കണ്ട് തീര്‍ത്തപ്പോഴാണ്. പിന്നെ വയലിനാണ്. ഖരഹരപ്രിയ രാഗത്തിലെ പക്കാലയും, സിംഹേന്ദ്രമധ്യമരാഗത്തിലെ നിന്നെ നംമിതിയും രണ്ടു പേര്‍ വായിച്ചത് എന്‍റെ കണ്ണ് നനയിച്ചു. ഇതിനൊന്നും കാഴ്ചക്കാര്‍ ഒരുപാടുണ്ടായില്ല. ശാന്തമായ വേദി, സ്വസ്ഥമായ ഇരിപ്പ്, ഷോ ഓഫുകള്‍ ഇല്ലാതെ യഥാര്‍ത്ഥ കലാസ്വാദകര്‍. കൃത്യമായി താളം കൊട്ടി ആസ്വദിച്ച് ഒരു കൂട്ടം കാണികള്‍.

പൊതുവേ കലോത്സവത്തിനെ കോഴിക്കോട് നഗരം വരവേറ്റ രീതി ഗംഭീരമായിരുന്നു. അതിനെക്കുറിച്ച് എടുത്തു പറയേണ്ടതുണ്ട്. ആദ്യമായ് ട്രാഫിക് ക്രമീകരണങ്ങള്‍ കൃത്യമായി ഒരു പ്ലാനോടെ അവര്‍ ചെയ്തു. വന്‍ ജനത്തിരക്കായിരുന്നു എങ്കിലും ഒരു പരിധി വരെ അവര്‍ നന്നായി നിയന്ത്രിച്ചു. വേദികള്‍ പ്ലാന്‍ ചെയ്തതില്‍ കൃത്യതയുണ്ടായിരുന്നു. ആദ്യം അവ്യക്തമായ അക്ഷരങ്ങലോടെ കിട്ടിയ ഫിക്സ്ച്ചരില്‍ പ്രോവിഡന്‍സ് എന്ന് കണ്ടത് കോളേജ് ആണെന്ന് പലരും തെറ്റിദ്ധരിച്ച് ധാരാളം സംശയങ്ങള്‍ക്ക് ഇട നല്‍കി. പിന്നീടാണ് എല്ലാ വേദികളിലേക്കും ഉള്ള മാപ്പ് സഹിതം ഫിക്സ്ച്ചരുകള്‍ കിട്ടുന്നത്. നടക്കാവുന്ന ദൂരം മാത്രം. റോഡില്‍ എവിടെ നോക്കിയാലും പോലീസും വോളന്റിയര്‍മാരും. തെല്ലും ആശങ്കയില്ലാതെ രാത്രിയും നടക്കാന്‍ കഴിയുന്ന സുരക്ഷാ കവചം പോലെ. വഴി തെറ്റുകയും ഇല്ല. കൃത്യമായി മീറ്റര്‍ ഇട്ട്, ആ കാശ് മാത്രം മേടിക്കുന്ന ഓട്ടോകള്‍. സ്ഥലം പിടിയില്ലാതെ ഒരു വേദിയില്‍ നിന്ന് മറ്റൊരു വേദിയിലേക്ക് പോകാന്‍ ഓട്ടോ വിളിച്ച എന്നോട് ഡ്രൈവര്‍ പറഞ്ഞത് ഇങ്ങനെ: “എന്തിനാ നിങ്ങളുടെ ഇരുപതു രൂപ കളയുന്നത്? ഞാന്‍ കാണിച്ചു തരാം വഴി. (അയാള്‍ ഓട്ടോയില്‍ നിന്നിറങ്ങി വളവിലെയ്ക്ക് വന്നു ചൂണ്ടിക്കാട്ടി) ദെ…അങ്ങോട്ട്‌ പോയി റൈറ്റ്.” സന്തോഷം തോന്നി. ചുറ്റും പറ്റിക്കാതെ, സഹായിക്കുന്ന നല്ല ആളുകള്‍. കലോത്സവത്തിന് വരുന്ന അന്യനാട്ടുകാരെ ഹൃദയത്തിലെ സുലൈമാനി കൊണ്ട് വരവേറ്റു കോഴിക്കോട്ടുകാര്‍. വര്‍ഷങ്ങളായുള്ള എന്‍റെ ആഗ്രഹം സാക്ഷാത്കരിച്ച് തരികയും ചെയ്തു കോഴിക്കോട്. റഹ്മത്തിലെയും പാരഗനിലെയും ഭക്ഷണവും ഇടയ്ക്കൊന്നു രുചിച്ചു. പൊതുവേ നല്ല അനുഭവങ്ങള്‍ തന്ന നല്ല ദിനങ്ങള്‍.

ഇടയ്ക്കൊക്കെ ചില ഫെയ്സ്ബുക്ക് ആളുകള്‍ തിരിച്ചറിഞ്ഞു. ചിലര്‍ വന്നു പരിചയപ്പെട്ടു സംസാരിച്ചു എങ്കിലും വലിയ ശബ്ദങ്ങള്‍ക്കും തിരക്കുകള്‍ക്കും ഇടയില്‍ വ്യക്തമായി കേള്‍ക്കാനോ സംസാരിക്കാനോ കഴിഞ്ഞില്ല എന്നതാണ് സത്യം. ഇടയില്‍ ഏറ്റവും ഹൃദ്യമായ ഒരു കാര്യം പാലക്കാട് നിന്ന് വന്ന സൌമ്യ ചേച്ചിയാണ്. ഫെയ്സ്ബുക്കില്‍ ഞാന്‍ കലോത്സവം കാണുന്നതിനെ കുറിച്ച് എഴുതുന്നത്‌ കണ്ട് ഹരം കയറി കോഴിക്കോട്ടേയ്ക്ക് വണ്ടി കയറിയതാണ്. സുഹൃത്തിന്‍റെ വീട്ടില്‍ നിന്ന് കലോത്സവം മുഴുവനും കണ്ടു. വലിയ ഒരു തിരക്കിനിടയില്‍ സൌമ്യ ചേച്ചി എന്‍റെ തൊട്ടടുത്ത്. എന്നോട്, സ്വയം പരിചയപ്പെടുത്തി കാര്യം പറഞ്ഞപ്പോള്‍ എനിക്ക് ഭയങ്കര സന്തോഷം തോന്നി. ഫെയ്സ്ബുക്ക് നല്ല രീതിയിലാണ് ഞാന്‍ ഉപയോഗിക്കുന്നതെന്ന എന്‍റെ വിശ്വാസം വീണ്ടും ഉറപ്പിക്കാന്‍ ഇത്തരം അനുഭവങ്ങള്‍ കാരണങ്ങള്‍ ആകുന്നു. ഇക്കാര്യത്തില്‍ ഇടയ്ക്ക് നടന്ന മറ്റൊരു രസകരമായ സംഭവമുണ്ട്. വെയിലത്ത് നടന്നു നടന്നു പ്രോവിഡന്‍സ് സ്കൂളില്‍ എത്തി മുകളിലെ വേദിയിലേക്ക് കയറുന്നതിനു മുന്‍പ് ടാപ്പ് കണ്ട് മുഖം കഴുകാന്‍ നടന്നു. മുഖം കഴുകി തുടയ്ക്കുന്നതിനിടയില്‍ അരികില്‍ നിന്ന് ഒരാള്‍ ഫോട്ടോ ക്ലിക്ക് ചെയ്തു. തിരിഞ്ഞ് അല്‍പം ദേഷ്യത്തില്‍ നോക്കി, എന്തിനാണ് ഫോട്ടോ എടുത്തത് എന്ന് ചോദിച്ചു. “ജ്യോതി ശ്രീധര്‍ അല്ലെ? ഞാന്‍ ചേച്ചിയുടെ ഫോളോവര്‍ ആണ്” എന്ന് മറുപടി. ഒന്ന് ചമ്മി… ചമ്മിയില്ല എന്ന മട്ടില്‍ നിന്ന് ഞാന്‍ ചോദിച്ചു, “പറഞ്ഞിട്ട് ഫോട്ടോ എടുത്തുകൂടെ?” എന്ന്. “സോറി ചേച്ചീ. അടുത്ത തവണ അങ്ങനെ ചെയ്യാം.” എന്ന് മറുപടി. ഒന്നും സംഭവിച്ചില്ല എന്ന മട്ടില്‍ ചിരിച്ചുകൊണ്ട് ധൃതിയില്‍ തിരിഞ്ഞ് വേദിയിലേക്ക് സ്റ്റെപ്പ് കയറുമ്പോള്‍ ഞാന്‍ ആ പയ്യനെ, മങ്കി പെന്‍ സിനിമയിലെ ഒരു സറിനെ പോലെ ഒന്ന് തിരിഞ്ഞു നോക്കി… “അവന്‍ എന്നെ ആക്കിയതാണോ…? ഏയ്‌…” 😀

അങ്ങനെ ഒരു ജന്മദിനോത്സവകാലത്തിനു വിരാമം. എന്നെ തേടിവന്ന കലോത്സവത്തിന് നന്ദി. അനുഭവങ്ങളുടെ, ഓര്‍മ്മകളുടെ, എഴുത്തുകളുടെ, ചിന്തകളുടെ കുത്തൊഴുക്ക്. ഈ ഓരോ ദിവസത്തെയും ഡയറിക്കുറിപ്പുകള്‍ നിറഞ്ഞുകവിഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ട കലോത്സവത്തിന്റെ ദൃശ്യങ്ങള്‍ കണ്ണുകളില്‍ ആവാഹിച്ച്, സ്വപ്‌നങ്ങളില്‍ അതിനെ പുനര്‍ജ്ജീവിപ്പിച്ച്, ഇനി ഞാന്‍ ഉറങ്ങട്ടെ…