Jyothy Sreedhar

എന്‍റെ തിരിച്ചറിവ്

നിന്നോടുള്ള പ്രണയം കൂടുതല്‍ വ്യക്തമാകാന്‍ തുടങ്ങുന്നു. നിന്‍റെ നാമത്തില്‍ ഞാന്‍ അദൃശ്യതകളോട് സംവദിക്കുന്നു. നിന്‍റെ മുഴങ്ങുന്ന, ഗാംഭീര്യമുള്ള പുരുഷശബ്ദം എന്‍റെ കേള്‍വിയുടെ പ്രിയഭാഷണമായ്‌ മാറുന്നു. അതിനെ ശമിപ്പിക്കാതിരിക്കുന്നു. എനിക്ക് ചുറ്റും സ്വയം സൃഷ്ടിക്കപ്പെട്ട ഒരദൃശ്യസൌരവലയത്തില്‍ നിന്നെ ഞാനറിയാതെ പ്രതിഷ്ഠിക്കുന്നു. എനിക്ക് ചുറ്റും എന്‍റെ ഗ്രഹങ്ങളായി, എന്‍റെ നക്ഷത്രങ്ങളായി നീയുണ്ട്; അതിനാല്‍ എന്‍റെ ജാതകവും.

പ്രണയം വ്യക്തമാണ്. സ്ത്രീയുടെ കടലാഴങ്ങളില്‍ ഒരു പുരുഷന്‍ പ്രവേശിക്കില്ലെന്നു ഞാന്‍ കരുതിയത്‌ തെറ്റ്. ഞാനും കാലവും തമ്മില്‍ കാത്തയെന്‍റെ രഹസ്യങ്ങള്‍ കള്ളത്താക്കോലിട്ട് നീ തുറന്നെടുത്തപ്പോള്‍ ഒരു പുരുഷസ്പര്‍ശം നിന്‍റെ കരങ്ങളില്‍ അനുഭവപ്പെട്ടു. ഞാന്‍ അതിനെ ആരാധിച്ചു.

എന്നിലെ സ്ത്രീയുടെതായ നൈര്‍മ്മല്യം എനിക്ക് കൈമോശം വന്നുവെന്നു ഞാന്‍ കരുതിയത്‌ തെറ്റ്. നിന്‍റെ അദൃശ്യമായ കരവലയം ഭൂമിയുടെ വ്യാസമായി മാറുന്നു. നീയെന്നെ പുണരുന്നതായ്‌ ഞാന്‍ അനുഭവിക്കുമ്പോള്‍, സ്ത്രീത്വം നാണം കൊണ്ട് ചുവക്കുന്നു. എന്നിലെ ലാസ്യം എനിക്കത്ഭുതമാകുന്നു.

ലോകം, ദിനങ്ങള്‍, ചിന്തകള്‍ നിന്നിലേക്ക്‌ ചുരുങ്ങുന്നത് ഞാനിഷ്ടപ്പെട്ടു തുടങ്ങുന്നു. നിനക്കു മുന്‍പും നിനക്കു ശേഷവുമായ്‌ എന്‍റെ ജീവിതം വിഭജിക്കപ്പെടുന്നു. എന്‍റെ കവിതകള്‍ തോഴികളെ പോലെ നിന്‍റെ നാമം എന്നോടടക്കം പറഞ്ഞ് എന്നെ പരിഹസിക്കുന്നു. ഞാന്‍ എഴുതുന്നതെല്ലാം നിന്നെക്കുറിച്ചാകുന്നു.

സ്വപ്നങ്ങള്‍ക്കും യാഥാര്‍ത്ഥ്യങ്ങള്‍ക്കുമിടയിലെ നേര്‍വരമ്പിലൂടെ നടക്കുമ്പോള്‍ ഭൂമിയുടെ അറ്റം വരെയ്ക്കുമെത്താന്‍ എന്നെ കൈപിടിച്ച് നീയുണ്ടാകുമെന്ന് അറിഞ്ഞാല്‍ മതി. മറ്റുള്ളതൊക്കെ പുറംകാഴ്ചകളായ് ഞാന്‍ തള്ളിക്കളഞ്ഞുകൊള്ളാം.