Jyothy Sreedhar

എന്‍റെ ഇഷ്ടങ്ങളുടെ പട്ടിക

എന്‍റെ ഇഷ്ടങ്ങളുടെ പട്ടിക.

ലോകം ചുറ്റി ഞാന്‍ വരുമ്പോഴും നിന്‍റെ നെഞ്ചിലെ ഊഷ്മാവിന് പകരം കണ്ടെത്താനാവാത്തത്,

എന്‍റെ വാഗ്ശരങ്ങളുടെ കൂര്‍മ്മത നിന്‍റെ പുഞ്ചിരിയിലെ കരുതലില്‍ തോല്‍വിയറിഞ്ഞൊടിയുന്നത്, ഹൃദയങ്ങള്‍ കീഴടക്കുമ്പോഴും നിന്‍റെ വിരല്‍ത്തുമ്പിലെ മിടിപ്പില്‍ ഞാന്‍ കീഴടങ്ങുന്നുവെന്നത്, എന്‍റെ ഗാഢനിദ്രയില്‍ പോലും സ്വപ്നങ്ങളില്‍ പുഞ്ചിരിയുണ്ടെങ്കില്‍ അത് നീ മാത്രമാകുമെന്നത്, നമുക്ക് നാം മാത്രമെന്ന് പറഞ്ഞ് ഒരായിരം വട്ടം ഏത്തമിടുന്നതാണ് നിന്‍റെയോരോ നോട്ടവുമെന്നത്, നിനക്ക് മുന്നില്‍, നിനക്കു വേണ്ടി, ഈ ജന്മവും നല്‍കി തോല്‍ക്കുവാന്‍ ഞാന്‍ കൊതിക്കുന്നുവെന്നത്, എന്‍റെ കണ്ണില്‍ നിന്നത് ഗ്രഹിച്ച് എന്‍റെ നിശബ്ദതയെ ശ്രവിക്കാന്‍ എനിക്കു നീയേ ഉള്ളൂവെന്നത്. നമുക്കിടയിലെ നിശബ്ദത ലോകത്തിന്‍റെ ശബ്ദങ്ങളെ വെല്ലുവിളിച്ചൊടുക്കുന്നുവെന്നത്. പിന്നെ, എനിക്ക് നീയാരെന്നത്, മറ്റാരും അതാകില്ലയെന്നത്. ഇനിയും ചോദിക്കരുത്. ഓരോ വാക്കും മിഥ്യയാണ്‌. ഒന്നുകില്‍ ഉള്ളതില്‍ കുറവ് പറയുന്നവ, അല്ലെങ്കില്‍ കൂടുതല്‍ പറയുന്നവ. എന്‍റെ കണ്ണിനും നിന്‍റെ കണ്ണിനുമിടയിലെ സംഭാഷണങ്ങളോളം കൃത്യത അവയ്ക്കില്ലാത്തതിനെ നമുക്ക് പൊറുക്കാം! പിന്നെ നമുക്ക്, നിശബ്ദതയ്ക്കുള്ളില്‍ ഇണ ചേര്‍ന്ന രണ്ടു ശബ്ദങ്ങളായി മാറാം.