Jyothy Sreedhar

എന്റെ പുരുഷന്‍

എന്‍റെ അടച്ച മിഴികള്‍ക്കു പിന്നിലെ ദൃശ്യങ്ങളായി എന്‍റെ ചിന്തകളെ കീഴടക്കുന്നവന്‍; എന്‍റെ ഏകാന്തതയിലെ ആദ്യ വാക്ക് തന്‍റെ നാമത്തിലാക്കുന്നവന്‍; എന്‍റെ കവിതകള്‍ക്ക്‌ മറുകാവ്യങ്ങളെഴുതാന്‍ കഴിയുന്നവന്‍- എല്ലാ സ്വപ്നങ്ങളും ചേര്‍ത്ത്‌ എന്‍റെ പുരുഷനെന്നൊരാളെ വിളിക്കുവാന്‍ എനിക്ക് കൊതിയാണ്. എനിക്കു വേണ്ടത് എന്‍റെ മൌനത്തില്‍ കൈചേര്‍ത്ത്, സായാഹ്നങ്ങളില്‍ കൂടെ നടക്കുന്ന ഒരു പുരുഷനെയാണ്. അവനു ദിഗന്തങ്ങള്‍ മുഴങ്ങുന്ന ശബ്ദം വേണമെന്നില്ല. എന്നെ ജയിക്കുവാന്‍ യുദ്ധങ്ങള്‍ വേണ്ട. ഹെര്‍ക്കുലീസിന്‍റെ ശക്തിയും നെസ്റ്ററിന്‍റെ ബുദ്ധിയും എക്കില്ലസിന്‍റെ ധീരതയും സ്വപ്നം കാണുന്ന പുരുഷനെ എനിക്കു വേണ്ട. പകരം, വെയിലിനെ മറച്ച്, എനിക്കായി തണലേകുവാന്‍ മാത്രമറിഞ്ഞാല്‍ മതി. ജയിക്കേണ്ടത് രാജ്യങ്ങളെയല്ല. യോദ്ധാക്കളെയല്ല; എന്നിലെ അതിലോലമായ സ്ത്രീത്വത്തെ, അവളുടെ നിശബ്ദതയെ; അവളുടെയുള്ളിലെ ബാല്യത്തെ, അതിന്‍റെ ചാപല്യങ്ങളെ; പിന്നെ കൌമാരയൌവനങ്ങളെ, അവയിലെ പ്രണയതീവ്രതയെ. എന്‍റെ വര്‍ഷവും വേനലും എന്‍റെ കാലങ്ങളും ചേര്‍ത്ത്‌ എന്നെ ജയിക്കുന്നവനായി തോല്‍ക്കുവാന്‍ ഞാനിഷ്ടപ്പെടുന്നു. അതിനാലാണ്, ഇന്നലെ എന്‍റെ കൈകള്‍ ഒരു സ്ത്രീയുടെതായ്‌ നിനക്കനുഭവപ്പെട്ടതും, ലോകത്തെ ജയിച്ച പോലെ, എന്നെ ചേര്‍ത്ത്‌ ഒരു സായാഹ്നം കീഴടക്കി നീ നടന്നതും, എന്‍റെ പുരുഷനെന്നു നിന്നെ വിളിക്കാതെയും നിന്‍റെ പിന്നില്‍ നിന്ന് ഞാന്‍ പുഞ്ചിരിച്ചതും.