Jyothy Sreedhar

എന്നോട്...

എന്നോട്...   നീ അറിയാത്ത നിന്നെയാണ് ഞാന്‍ അറിയാന്‍ ശ്രമിച്ചത്‌. ചിന്തകളില്‍ തട്ടിവീഴുമ്പോഴും സ്വപ്നങ്ങളില്‍ കോട്ട പണിയുമ്പോഴും മരവിച്ചിരുന്നു നിന്റെ ജയങ്ങള്‍... തോല്‍വികള്‍ എന്ന് വിളിക്കാതെ പിടിച്ചു വച്ചു ഞാന്‍ അപകര്‍ഷത. നിനക്കു വേണ്ടിയായിരുന്നു എല്ലാം.   രണ്ടു തോല്‍വികളില്‍ ഊഞ്ഞാല്‍ കെട്ടി നീ കുതിച്ചുയരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. മുകളിലെ മേഘങ്ങളില്‍ നിന്റെ പേരെഴുതുവാന്‍ ആകാശം ഞാന്‍ തുടച്ച് വൃത്തിയാക്കി. അപ്പോള്‍ നീ കടലിലെ ചുഴികളെ എണ്ണി നിന്നു. വികാരങ്ങള്‍ ബുദ്ധിയെ കൊന്നൊടുക്കുന്നു. നീ അറിയുന്നില്ല. സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യത്തെ ചവച്ചു തുപ്പുന്നു. നീ കാണുന്നില്ല. അശരീരികള്‍ നിനക്ക് പ്രിയം. നിനക്ക് കേള്‍വിക്കുറവ്. ഞാന്‍ കൈ ചൂണ്ടുന്നിടത്തേക്കെത്താന്‍ നിന്റെ കാലുകള്‍ പിടയ്ക്കുന്നു. സമയം നിന്നെ പിറകിലേക്ക് വലിക്കുന്നു. എല്ലാം ഞാന്‍ അറിയുന്നു. നീയറിയുന്നില്ലെങ്കിലും.   സംഘര്‍ഷമാണ് നിന്റെ ഹൃദയം. നാലായി വേര്‍പിരിഞ്ഞടര്‍ന്ന നിന്റെ കാതല്‍. സത്ത്. നിന്റെ ചോരയാല്‍ നീ കൂട്ടികെട്ടേണ്ട നിന്റെ മാത്രം ജീവസ്സ്.   പിടിവള്ളി ഞാന്‍ തരാം. കെട്ടാനും കരകയറാനും. മറ്റൊന്നില്‍ നിന്ന് അടര്‍ത്തിയ ഒരു കയര്‍. നീ രക്ഷപ്പെടുക.