Jyothy Sreedhar

എന്ടെ പൂജ

ഇന്നലെ എന്ടെ പൂജയുടെ പിറന്നാള്‍ ആയിരുന്നു. എന്ടെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍..... എന്ടെ പൂജയും,  പ്രിയയും, സരിതയും എന്നെ വിട്ടു പോയിട്ട് 3 വര്ഷം കഴിഞ്ഞു. അവര്‍ പോയതിനു ശേഷം എന്ടെ ജീവിതത്തില്‍ അന്ധകാരമാണ് എന്ന് ഞാന്‍ തിരിച്ചറിയുന്നു. അന്ന് എത്ര നല്ല ദിവസങ്ങള്‍ ആയിരുന്നു. കരയാന്‍ ഒരു കാരണം ഇല്ലാതെ ചിരിച്ചുകൊണ്ടേ ഇരിക്കുമായിരുന്നു ഞാന്‍.. അന്നൊക്കെ ഞാന്‍ ഓര്‍ക്കും എനിക്ക് ഒരു ദുഖവും ഇല്ലല്ലോ ദൈവമേ എന്ന്... അത് ദൈവം ഒരു അഹങ്കാരമായി കൂട്ടിയോ എന്നറിയില്ല. അവരായിരുന്നു എന്ടെ സന്തോഷം എന്ന് എന്നെ അറിയിപ്പിച്ചു കൊണ്ട് ജൂലൈ 3 , 2007 നു അവരെ ദൈവം കൊണ്ടുപോയി... ഒരിക്കലും ഒരുമിച്ചു ഒരു ഫോട്ടോ എടുക്കാന്‍ സമ്മതിച്ചിട്ടില്ല അവള്‍., ഫോട്ടോ എടുത്താല്‍ മനസ്സിലെ രൂപങ്ങള്‍ മാഞ്ഞു പോകുമെന്നായിരുന്നു അവളുടെ വിശ്വാസം. ഒരു പക്ഷെ അവള്‍ ശരിയായിരുന്നിരിക്കാം. ഒരു ഫോട്ടോയേക്കാള്‍ തെളിഞ്ഞ് അവളുടെ ചിരി എന്ടെ കണ്മുന്നില്‍ നില്‍ക്കുന്നത് ആ ഫോട്ടോയുടെ അഭാവം കൊണ്ടാവാം.  അവളാണ് ശരി. അങ്ങനെ ആയിരുന്നു എന്നും... അവള്‍ക്കു അത് നിര്‍ബന്ധം ആയിരുന്നു. എന്ടെ ട്രെയിന്‍ ചാട്ടത്തിനു പ്രേരണയും ശക്തിയും സാക്ഷിയുമായി അവളുണ്ടായിരുന്നു. ഞങ്ങളുടെ ജീവിതം ഞങ്ങളുടെതായ തരത്തില്‍ സാഹസികമാക്കാന്‍ ഞങ്ങള്‍ക്ക് എന്നും ഇഷ്ടമായിരുന്നു. കോമാളികളായി മറ്റുള്ളവരുടെ മുന്നില്‍ മനപൂര്‍വം നിന്നു കൊടുക്കും ഞങ്ങള്‍, വാശിയോടെ. അപ്പോള്‍ എല്ലാരും ഞങ്ങളെ നോക്കി പൊട്ടിച്ചിരിക്കും. ചുറ്റുമുള്ള ലോകത്തില്‍ പൊട്ടിച്ചിരികള്‍ ഉയരുമ്പോള്‍ ഈ ലോകത്തിനു പ്രകാശം വരുന്നത് പോലെ തോന്നും... അങ്ങനെയൊക്കെയാണ് ജീവിതത്തിലെ പരുഷമായ നിമിഷങ്ങളെ ഞങ്ങള്‍ വെല്ലുവിളിക്കുക. ഇപ്പോഴും അത് ഞാന്‍ തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നു... അവരുടെ പങ്കും ചേര്‍ത്ത്... മനസ്സും ശരീരവും തളര്‍ന്നു പോയ അവളുടെ അമ്മയുടെ മനസ്സിലും അവളുടെ പൊട്ടിച്ചിരികള്‍ ഉയരുന്നുണ്ടാവും. പറയാന്‍ കഴിയില്ല ആ അമ്മക്ക്... അപ്പോഴൊക്കെ ആണെന്ന് തോന്നുന്നു, ആന്റിയുടെ കണ്ണ് നിറയും... ഒന്ന് തുടയ്ക്കാന്‍ പോലും കഴിയാതെ കിടക്കും അങ്ങനെ തന്നെ. പതുക്കെ അത് വറ്റി വറ്റി ഒരു കാണാലോകത്തില്‍ മറയും... അവളുള്ള ഒരു ലോകത്തില്‍... അതിനു സാക്ഷിയായി ഒരിക്കലെ നിന്നിട്ടുള്ളൂ ഞാന്‍.... ആരോ എഴുതിയ വരികള്‍ അവളുടെ പേര് കൊടുത്തു ഞാന്‍ ഓര്‍ക്കുന്നു,  "അയാള്‍ മരിച്ചതിനു ശേഷവും പിറ്റേ ദിവസവും സൂര്യന്‍ ഉദിച്ചു, കിളികള്‍ പാടി, പൂക്കള്‍ വിരിഞ്ഞു, നിലാവുദിച്ചു, ഈ ലോകം ഉറങ്ങി... എല്ലാം പഴയ പോലെ... പിന്നെ എന്തിനായിരുന്നു അയാള്‍ മരിച്ചത്?" ആ അമ്മയുടെ കണ്ണുനീര്‍ എന്ടെ കണ്മുന്നില്‍ വറ്റിപ്പോയത് പോലെ എന്ടെ അക്ഷരങ്ങളും വറ്റുന്നു... പച്ച ഉണങ്ങിക്കരിഞ്ഞു സ്വയം കൂട്ടുകൂടി അടുപ്പത്തെ ചോറിനെ വേവിക്കുമ്പോള്‍ അതിനു ബലിച്ചോറിന്റെ സ്വാദാണ്. ആ വേനലില്‍ ഭൂമിയെ നനച്ച് കുതിര്‍ത്തു ഒരു പെരുമഴക്കാലം... പുറത്തേക്കിറങ്ങാതെ, ഉള്ളില്‍ തന്നെ ഒതുങ്ങിക്കൂടാന്‍ പ്രേരിപ്പിക്കുന്ന നനവ്‌, അതിന്റെ കുളിര്... അതിലെ ഓരോ തുള്ളിയും തെറിച്ചു വീണു അനുഭവങ്ങളെ അനുഭൂതികള്‍ ആക്കുന്നു.... പഴമയെ ഇന്നിലേക്ക്‌ വലിച്ചടുപ്പിക്കുന്നു... എന്നെ പുണരുന്നു അവള്‍,... ഒന്നും കൂടുതല്‍ പറയാനാകാതെ എന്നെ ശ്വാസം മുട്ടിക്കുന്നു. അപ്പോള്‍ എന്ടെ മേശപ്പുറത്തിരുന്ന ഡയറിതാളുകള്‍ മറിയുന്നു, മ്രദുലമായ ഒരു കാറ്റില്‍... അതിലേക്കു എത്തിനോക്കുമ്പോള്‍ മറിഞ്ഞു മറിഞ്ഞു അതൊരു താളില്‍ വന്നു നില്‍ക്കുന്നു, പിന്നീട് ഒരു കാറ്റിനും മറിക്കാന്‍ ആകാതെ... അതിലെ ആദ്യ വരിയിലൂടെ കണ്ണുകള്‍ നീങ്ങുന്നു.... "ഇന്ന് ഞാന്‍ എന്ടെ പൂജയെ കണ്ടു...". പുറത്തെ മഴ ശമിക്കുന്നു. വേനലിന്റെ ചൂട്. എനിക്ക്, മഴ... അന്ധത.