Jyothy Sreedhar

എന്ടെ അച്ഛന്‍

എന്ടെ അച്ഛന്റെ ആണത്... ആ രണ്ട് ജോഡി ചെരുപ്പുകള്‍. രാവിലെ മുറ്റം അടിക്കാന്‍ ഇറങ്ങിയപ്പോള്‍ വരാന്തയുടെ മുന്നില്‍ സ്ഥാനം തെറ്റി അവ കിടക്കുന്നത് കണ്ടപ്പോള്‍ അരിശത്തോടെ ഞാന്‍ റൂബിയെ നോക്കി. പേടിയോടെ അല്പം മുന്നോട്ടു വന്നു തല താഴ്ത്തി ഇരുന്ന് അവള്‍. അച്ഛന്റെ ചെരുപ്പുകള്‍ സൌകര്യപൂര്‍വ്വം ഓരോ സ്ഥലത്തിട്ട് അതില്‍ തല ചായ്ച്ചു കിടക്കുക അവളുടെ പതിവാണ്. സാങ്കല്‍പ്പികമായ അച്ഛന്റെ ആ ചൂടിലാണ് പലപ്പോഴും അവളുടെ കിടപ്പ്. "ഞാന്‍ നിന്നോട് പല തവണ പറഞ്ഞിട്ടുണ്ട്...." എന്ന് ഞാന്‍ ഒച്ച വക്കുമ്പോള്‍ അവള്‍ മുന്‍വശത്തെ ഇരുംബുമേശയുടെ അടിയില്‍ കിടന്ന വടിയിലേക്ക് ഒളികണ്ണിട്ടു നോക്കി. എന്ടെ നോട്ടം ആ വടിയിലേക്ക് പോയി തിരിച്ചു വരുമ്പോഴെക്കു അച്ഛന്റെ തലോടല്‍ അവളുടെ നെറുകില്‍ വീണിരുന്നു. അച്ഛന്റെ കാലുകളുടെ ഇടയിലേക്ക് അവള്‍ ഒതുങ്ങിയിരുന്നു, 'ഇനി ഇയാള്‍ എന്നെ എന്തോ ചെയ്യും' എന്ന അഹങ്കാരത്തോടെ. ആരോടിനി എന്നറിയാതെ ദേഷ്യപ്പെട്ടു എന്ടെ കൈകള്‍ ആ ചെരുപ്പില്‍ സ്പര്‍ശിച്ചു. എന്ടെ അച്ഛന്റെ ആണത്... ആ രണ്ട് ജോഡി ചെരുപ്പുകള്‍. മനസ്സ് ആവര്‍ത്തിച്ചു. ജോസിന്‍ എന്നെ പഠിപ്പിച്ചിട്ടുള്ള മഹത്വമുള്ള സ്വഭാവങ്ങളില്‍ ഒന്ന്- അച്ഛന്റെയോ അമ്മയുടെയോ ചെരുപ്പുകള്‍ കാല്‍ കൊണ്ട് തട്ടിമാറ്റാതെ കൈ കൊണ്ട് എടുത്തു മാറ്റണം എന്നത്. ചെറിയ ചെറിയ കാര്യങ്ങളില്‍ പോലും, ചിന്തകളില്‍ പോലും, അവരെ ബഹുമാനിക്കുക എന്നത്. അവനെ ഞാന്‍ ഇന്നും അനുസരിക്കുന്നു. സാഹസികമായ് നടന്നു തീര്‍ത്ത വഴികളെ കുറിച്ച് പറയാതെ അച്ഛനെ പോലെ തന്നെ മൂകമായ് ആ ചെരുപ്പുകള്‍ അവിടെ കിടന്നു. മനസ്സില്‍ വന്നത് റൂബിയോടു ദേഷ്യം അല്ല, ഒരു തരം അസൂയ. എന്നും രാത്രി അച്ഛന്റെ കാല്പാദത്തിന്റെ ആ ചൂടില്‍ കിടക്കുകയും രാവിലെ അച്ഛന്റെ കൂടെ ഓടിക്കളിക്കുകയും അച്ഛന്റെ അടുത്ത് കൊഞ്ചിക്കുനുങ്ങി  അച്ഛനെ മുട്ടിയുരുമ്മി ഇരിക്കുകയും ഒക്കെ അവള്‍ ചെയ്യുന്നത് കാണുമ്പോള്‍...അതേ, എനിക്ക് അസൂയ ആണ്... അവളോട്‌... എന്ടെ ഭൂതകാലത്തോടും... "എന്ടെ അച്ഛന്റെ ആണത്..." എന്ന് ഓരോ സാധനവും ചൂണ്ടിക്കാട്ടി കൂട്ടുകാരോട് അഹങ്കാരത്തോടെ പറഞ്ഞിരുന്ന എന്ടെ സ്കൂള്‍ കാലം. കാതില്‍, ഒരു പഴയ BSA എസ്സെല്ലാരിന്റെ മണിയടികള്‍ നിര്‍ത്താതെ മുഴങ്ങുന്നു. എന്നും ആ സൈക്കിളില്‍ ആണ് എന്ടെ LP section കാലം മുഴുവനും ഞാന്‍ സ്കൂളിലേക്ക് പോയിരുന്നതും തിരിച്ചു വന്നിരുന്നതും. രാവിലെ എണ്ണ മുഴുവനും പുരട്ടി രണ്ട് വശത്തും മുടി പിന്നികെട്ടി തരും അമ്മ. കുറച്ചു കഴിഞ്ഞാല്‍ "അയ്യേ, മുടി എന്താ ഇങ്ങനെ..." എന്നും പറഞ്ഞു മുഴുവനും അഴിച്ചു രണ്ട് വശത്തും പോക്കികെട്ടി തരും ചേട്ടന്‍. ഈ വാല്സല്യങ്ങള്‍ക്ക് ശേഷം ഇറങ്ങുമ്പോഴേക്കു സ്കൂളില്‍ മണി അടിക്കാറാകും. അങ്ങോട്ട്‌ 5 മിനിട്ട് മതി, പക്ഷെ മുഴുവനും കയറ്റം ആണ്. സൈക്കിളിന്റെ മുന്നില്‍ ഇരുന്ന് അച്ഛന്റെ അണപ്പ് മുഴുവനും ഞാന്‍ തൊട്ടറിയും. സ്കൂളിന്റെ മുന്നിലായി കിടക്കുന്ന ബസ്സിന്റെയും കാറുകളുടെയും ഓട്ടോകളുടെയും പുറകില്‍ ശാന്തനായ് സൈക്കിള്‍ നിര്‍ത്തിയിട്ടു അച്ഛന്‍ എന്നെ ക്ലാസ്സില്‍ കൊണ്ടുപോയി വിടും. എന്ടെ കയ്യില്‍ മുറുകെപ്പിടിച്ചു അച്ഛന്‍ നടക്കുമ്പോള്‍ ഞങ്ങളുടെ ജീവിതങ്ങള്‍ തന്നെ സൂചനാപരമായ് ആ കൈകള്‍ക്കിടയില്‍ ഒതുങ്ങും... സ്കൂള്‍ വിടുമ്പോള്‍ ക്ലാസ്സില്‍ നിന്നോടി 'എന്ടെ അച്ഛന്റെ'തായ ആ സൈക്കിളിന്റെ അരികിലെത്തും. അപ്പോഴും അച്ഛന്റെ മുഖത്ത് ശാന്തത ആയിരിക്കും. ഇറക്കങ്ങളിലൂടെ ആ സൈക്കിള്‍ തിരിചോടുമ്പോള്‍ അച്ഛന്റെ കരവലയതിനുള്ളില്‍ സുരക്ഷിതയായി, പെടലില്‍ അമരുന്ന കാലുകളുടെ ചലനം ഏറ്റു  അച്ഛന്റെ നെഞ്ചിനോട് ആഞ്ഞ്, ഞാനിരിക്കും. വീട്ടിലെത്തിയാല്‍ അമ്മയുടെയും അച്ഛന്റെയും കൂടെ ചായ. കൂടെ, വാ തോരാതെ ഞാന്‍ പറയുന്ന വിശേഷങ്ങള്‍... മത്സരിച്ചു മൂളുന്ന അച്ഛനും അമ്മയും... BSA സൈക്കിള്‍ ഒരു അമ്ബാസ്സടരിലേക്ക്   വഴി മാറിയപ്പോള്‍ ജീവിതത്തിനു മറ്റൊരു തിരിവ്. അച്ഛന് ട്രാന്‍സ്ഫര്‍, അമ്മക്ക് promotions, എന്നെക്കാള്‍ 11 വയസ്സിനു മൂത്ത ചേട്ടന്റെ മംഗലാപുരത്തെ എഞ്ചിനീയറിംഗ് പഠനം. അതില്‍ സ്പര്‍ശനങ്ങളുടെ വ്യതിയാനങ്ങള്‍ ഉണ്ടായിരുന്നു... പ്രകടനങ്ങളുടെയും... "എന്ടെ അച്ഛന്റെ ആണത്..." എന്ന് കാറുകള്‍ ചൂണ്ടിക്കാട്ടി ഇന്ന് ചന്തു പറയുമ്പോള്‍ ഞാന്‍ കാണുന്നത് എന്നെ തന്നെ ആണ്. കള്ളിമുണ്ടും, പഴകിയ ഷര്‍ട്ടും അങ്ങിങ്ങായ്‌ നരച്ച തലമുടിയും, ബാല്യമാര്‍ന്ന പുഞ്ചിരിയുമായി അച്ഛന്റെ രൂപം, അച്ഛനിരിക്കുന്ന ' എന്ടെ അച്ഛന്റെ' സൈക്കിള്‍... അത്രത്തോളം മഹത്വം ഇല്ല കുട്ടി ഈ കാറുകള്‍ക്ക് എന്ന് മനസ്സ് ഉറക്കെ പറയും. ഓര്‍മ്മകള്‍ മാത്രം അത് കേള്‍ക്കും... മറുപടികളോടെ... ഇന്ന് എന്ടെ വിശേഷങ്ങള്‍ കേള്‍ക്കാന്‍ അച്ഛന്‍ അങ്ങനെ ഇരിക്കാറില്ല. അമ്മയോടെല്ലാം പറയുന്നത് പോലെ ഞാന്‍ അച്ഛനോട് പറയാറുമില്ല. കുറ്റബോധമുണ്ട് എനിക്ക്, ഒരുപക്ഷെ അച്ഛനും... ഞാന്‍ വളര്‍ന്നിരിക്കുന്നു... അച്ഛന്റെ തലമുടി ആകെ നരച്ചിരിക്കുന്നു. കണ്ണുകള്‍ ഓര്‍മകളിലേക്ക് കുഴിഞ്ഞിരിക്കുന്നു. ഒന്നും വേണ്ടായിരുന്നു... ഈ വളര്‍ച്ച, പ്രായം, കാലം... പക്ഷെ എന്നെ അത്ഭുതപ്പെടുത്തുന്ന ചിലതുണ്ട്. വീട്ടില്‍ നിന്നു ഞാന്‍ മാറി നില്‍ക്കുമ്പോള്‍ വിശപ്പില്ലെന്നു പറഞ്ഞു അച്ഛന്‍ പോയി കിടക്കുന്നത്, ഒരിക്കലും ശ്രദ്ധിക്കാത്ത മൊബൈല്‍ കയ്യില്‍ പിടിച്ചു അതിലേക്കു ഇടക്കിടെയുള്ള അച്ഛന്റെ നോട്ടം, ഞാന്‍ ചെയ്യരുതെന്ന് പറഞ്ഞ കാര്യങ്ങള്‍ അത് എത്ര ഇഷ്ടമുള്ളതാനെങ്കിലും ചെയ്യാത്തത്, ആരും കാണാതെ ചിലപ്പോള്‍ എന്ടെ മുറിയില്‍ വന്നിരുന്നു ഷെല്‍ഫിലെ ആല്‍ബമുകളിലെ ഫോട്ടോസ് നോക്കുന്നത്- അമ്മ പറയാറുണ്ട്‌, ഇതെല്ലാം... അച്ഛന്‍ കേള്‍ക്കാതെ. അമ്മയോടൊപ്പം എന്റെയും ശബ്ദം ഇടറും. കരഞ്ഞുപോകും... പണ്ടും അച്ഛന്‍ ഇങ്ങനെ ഒക്കെ ആയിരുന്നോ....അതോ എനിക്ക് തോന്നുന്നത് പോലെ ആ പഴമയെ കുറിച്ചുള്ള നഷ്ടബോധം അച്ഛനെയും വരിഞ്ഞു കെട്ടുന്നുവോ... ഉത്തരമായ് മനസില്‍ തെളിഞ്ഞത് ഒരു മുഖം മാത്രം... എന്ടെ അച്ഛന്റെ ആണത്... ആഴമാര്‍ന്ന, ആര്‍ദ്രമായ ആ നിര്‍വികാരത. അത് എന്ടെ അച്ഛന് സ്വന്തമാകുന്നു... അച്ഛന് മാത്രം...

My achan and amma