Jyothy Sreedhar

ഋതുപരിണാമം

എന്നും മഴയാകരുത്. കൊടിയ ഗ്രീഷ്മങ്ങള്‍ വേണം. വസന്തങ്ങള്‍ പൂത്തുലയണം. സ്വയം പുണര്‍ത്തുന്ന ശിശിരങ്ങളും എല്ലാം കൊഴിക്കുന്ന ശരദ്കാലങ്ങളും ഋതുച്ചക്രചരിത്രങ്ങളെഴുതണം. ഞാന്‍ നോക്കുമ്പോഴൊക്കെയും മേഘങ്ങള്‍ കറുത്ത്, മഴയാകരുത്. ഋതുക്കളെന്‍റെ മോഹങ്ങളാകരുത്. എനിയ്ക്കു ദാഹിക്കണം. ഒരു മഴത്തുള്ളിയുടെ സ്പര്‍ശത്തിനായ് കൈകള്‍ നീട്ടി, ഋതുക്കളോളം, വെയില്‍ കൊണ്ട്, മഞ്ഞു കൊണ്ട് നീട്ടിയ കയ്യിലെ രോമങ്ങള്‍ മടുക്കണം. പൂത്ത പുഷ്പങ്ങളുടെ മാദകഗന്ധം എന്നെ ശിരസ്സിലും മനസ്സിലും അലോസരപ്പെടുത്തണം. ഒടുവില്‍ മഴയായ്‌ നീ വരണം. ഇരുണ്ട മാനത്തുനിന്നാദ്യതുള്ളിയാ- ലെന്ന പോലെന്നെ തൊടണം. കടുകുമണികള്‍പോലെ ഞാനെഴുതിയ കവിതകള്‍ നാലുപാടും പൊട്ടിത്തെറിച്ച് വികാരവിചാരങ്ങളായി ചിതറുമ്പോള്‍ നീ അമ്പരക്കണം. വഴിതെറ്റിവരുമ്പോഴും ഞാന്‍ കാത്തുനിന്ന അതിഥിയായ്, എന്‍റെ ദാഹത്തിനാദ്യനീര്‍ത്തുള്ളിയായ്‌ എന്‍റെ ശബ്ദത്തെ നനച്ചൊഴുകണം. ഞാന്‍ കാത്തുകാത്തിരുന്ന എന്നിലെ ആദ്യനനവാകണം. നിന്‍റെ മോക്ഷം എന്‍റെ തീവ്രപ്രണയത്തിനുള്ളിലെ- യീ അന്ത്യപരിണാമത്തിലെന്ന് കല്‍പിച്ച് നിന്നെയുള്‍ക്കൊള്ളുന്ന- യെന്‍റെ ഹൃദയത്തില്‍ ചെന്ന് നീ ലയിച്ചുകൊള്ളുക.