Jyothy Sreedhar

ഇനിയൊരു നാൾ

“ഇനിയൊരു നാൾ
പെയ്യുന്നൊരു മഴയിൽ
ഇന്നിന്റെ കൊടുംവേനലും പെയ്ത്‌
നിന്നെ നനയ്ക്കു”മെന്ന്
അന്ന് നീ പറഞ്ഞിരുന്നു.

ഇന്നു പെയ്യുന്നു
ആ പെരുംമഴ.

എന്നെ നനച്ചൊഴുകുകയല്ല,
ഭയന്ന് അകത്തിരിക്കുമ്പോഴും
വാശിയോടെ ജനൽ കൊട്ടിത്തുറന്ന്
എന്റെ രോമകൂപങ്ങളിൽ
തുള്ളികൾ കൊണ്ട്‌ തുളയ്ക്കുന്നു.

ഇന്ന് പെയ്യുന്നു,
ആ പെരുംമഴ.

അന്ന്,
തണൽവൃക്ഷത്തിനു കീഴെ
അതിൻ നിഴലിനെ പകുത്ത്‌
നമ്മൾ ചേർന്നിരിക്കുമ്പോൾ
ആകാശത്ത്‌ നോക്കി
നീ കൊതിച്ചത്‌.

ഇന്നു പെയ്യുന്നു
ആ പെരുംമഴ.

അന്നിൽ നിന്നിന്നു വരെ
ഓരോ നിമിയും കോർത്തു
പെയ്യുന്നു ആ പെരുംമഴ.

നിന്നിൽ നിന്നും എന്നിലേയ്ക്കുള്ള
ദൂരവും നാഴികയും താണ്ടി
പെയ്യുന്നു ആ പെരുംമഴ.

ഞാൻ എന്തു വേണം?
നനയാതിരുന്നാലോ?
ജനലുകൾ കൊട്ടിയടച്ച്‌
ഒന്നും കണ്ടില്ലെന്ന് നിനച്ചാലോ?

അങ്ങനെ,
അന്നിനെ അന്നിലേയ്ക്കു തന്നെ
പറഞ്ഞയച്ചാലോ…?