Jyothy Sreedhar

ആദ്യചുബനം

ഈ രാത്രിമഴയിൽ ഞാനോർക്കുന്നത്
നമ്മുടെ ആദ്യചുംബനമാണ്.
നിന്റെ കണ്ണുകളെ വിഴുങ്ങാവുന്ന ദൂരത്തിൽ
എന്റെ കണ്ണുകൾ നിന്നിലേക്ക് പിടച്ചപ്പോൾ,
എന്റെ കവിളുകളെ പൊതിഞ്ഞു നിന്ന്
നിന്റെ തണുത്ത കൈത്തലങ്ങൾ
ചൂട് കാഞ്ഞപ്പോൾ,
ചെറുക്കാനാവാത്ത പ്രണയത്താൽ
എന്റെ ചുണ്ടിൽ നീ പതിച്ച
ദീർഘമായ, ആഴമേറിയ, ആദ്യ ചുംബനം.

നിന്റെ വിരലുകൾ വിറച്ചത്
എന്റെ കവിളുകളിൽ അന്ന്
ചെറുതാളമായി മാറിയത്
ഞാനോർക്കുന്നു.

തീക്ഷ്ണമായ പ്രണയോഷ്‌ണത്തിൽ
ആദ്യാനുരാഗത്തിന്റെ പിടപ്പോടെ,
നിന്റെ നെറ്റിയിൽ നിന്ന്
വിയർപ്പുതുള്ളികൾ ഒഴുകിയത്;
അതിലൊരു ചാൽ,
നിന്റെ കഴുത്തിലൂടെ
പിന്നെ എന്റെ ചുംബനവഴിയായത്,
ഞാനോർക്കുന്നു.

നമ്മുടെ ആദ്യചുംബനം പങ്കുവച്ചപ്പോൾ
എന്റെ അധരങ്ങളിൽ
ഒരിക്കലും ഉണങ്ങാത്ത
ഒരു നനവിനെയാണ്
നീ പ്രതിഷ്ഠിച്ചത്.

പിന്നെ, ഞാൻ മോചിതയായില്ല.
പിന്നെയും പിന്നെയും
നിന്റെ ചുംബനങ്ങളാൽ
നമ്മുടെ ആദ്യ ചുംബനം
ഊർജ്ജം കൊണ്ടു.
എനിയ്ക്ക് പൊള്ളാറുണ്ട്,
മരവിയ്ക്കാറുണ്ട്,
ദഹിക്കാറുണ്ട്,
പിന്നെ നിന്റെ ആദ്യചുംബനം പതിഞ്ഞ
എന്റെ ചുണ്ടുകൾക്ക് പിന്നിലെ
ദന്തഗോപുരത്തിനുള്ളിൽ
ഞാൻ പുതച്ചുറങ്ങാറുണ്ട്.

രാത്രിമഴകളിൽ,
എന്റെ അധരങ്ങളിൽ നിന്ന്
പുകയുയരുന്നത് നിനക്ക് കാണാം.
ഓർമ്മയും വിരഹവും പ്രണയവും പേറി
നീനാമമുരുവിട്ട് ഞാൻ വിളിയ്ക്കാറുണ്ട്.

ഇന്നും രാത്രിമഴയാണ്.
ചെറുക്കാനാവുന്നില്ല എനിയ്ക്ക്,
നിന്നോടുള്ള തീക്ഷ്ണപ്രണയത്തെ.

ഞാൻ നനഞ്ഞുകുതിരുന്നു.
നിന്റെ ആദ്യചുംബനത്തിന്റെ നനവാൽ,
നിന്റെ നെറ്റിയിൽ നിന്ന് ഊർന്ന വിയർപ്പാൽ,
നിന്റെ കൈത്തലത്തിലെ തുള്ളികളാൽ,
പ്രണയവിരഹങ്ങളുടെ കാലചക്രത്തിലെ
കാല്പനികമായ ജൂൺമഴകളാൽ,
ഞാൻ നനയുന്നു.
മഴ പെയ്യുന്നത്
അടഞ്ഞ ചില്ലുജാലകത്തിന്
വെളിയിലാണ്.
പക്ഷെ,
നിന്നോളം ഞാൻ നനയുന്ന മഴ
മറ്റൊന്നില്ലെടോ.