Jyothy Sreedhar

ആ മഴ

അന്ന്,
കടുത്ത വേനലിൽ
വിയർപ്പിന്റെ നനവേൽക്കുമ്പോളൊക്കെ
ഒരു മഴയതിൽ ജനിക്കണമെന്ന്
നമ്മൾ കൊതിച്ചിരുന്നു.

നമ്മുടെ കണ്ണുകളിൽ നിന്ന്
സ്വപ്നങ്ങൾ നടന്നിറങ്ങിയുണ്ടായ
മിഴിപ്പാതകളിൽ അന്ന്, എന്നും, വർഷമുണ്ടായിരുന്നു.

നീയോർക്കുന്നോ?

അകലെ നിന്ന്
എന്റെ കുടക്കീഴിലേയ്ക്ക്‌ പാഞ്ഞുവന്ന
നിന്റെ കണ്ണേറിൽ തട്ടി
എന്റെ നോട്ടം ഇടറിവീണത്‌.

മഴനൂലുകൾ തീർത്ത തിരശ്ശീലയ്ക്കപ്പുറം
നിന്റെ പുഞ്ചിരി തിളങ്ങിയത്‌.

പിന്നെ,
ഓടി വന്ന നിന്റെയാ കണ്ണേറ്
മഴയെ പങ്കുവച്ച്‌
എന്നെ പുണർന്നത്‌,
കൈ ചേർത്തത്‌,
ഒന്നെന്ന് തീരുമാനിച്ചത്‌‌‌.

അന്ന്,
നമ്മുടെ ഭ്രാന്തുകളിലൊക്കെ
ആ മഴ പെയ്യുമ്പോഴൊക്കെ
ജൂൺ ജനിച്ചിരുന്നില്ല.

വേനലിനൊടുക്കം പിരിയേണ്ടി വന്നപ്പോൾ
വർഷകാല വരവറിയിച്ച്‌ മഴ പെയ്തതും,
ഒന്നിനു പകരം
രണ്ട്‌ കുടകൾ നിവർന്നതും,
നമ്മൾ ഭൂമിയുടെ രണ്ടറ്റങ്ങളിലേയ്ക്ക്‌ നടന്നതും,
ഒരു കാറ്റിൽ കലണ്ടർ മറിഞ്ഞ്‌ ജൂണായതും
ഞാനോർത്ത്‌ അത്ഭുതപ്പെടാറുണ്ട്‌.

ഇന്നും,
ഓരോ മഴയിലും,
ആരും കാണാതെ
ഞാനാ പഴയ കണ്ണേറിനായ്‌
കൂടെ ഇടം തരുന്നുവെന്നതും,
കുട പിടിച്ച്,‌ ചേർന്ന് നിന്ന്,
പാതിനനഞ്ഞ്‌ നടക്കാനൊരു കൊതിയിൽ
നിന്നെ കാത്തുകാത്ത്‌
കണ്ണുകഴയ്ക്കാറുണ്ടെന്നതും
മഴത്തുള്ളികൾക്കിടയിൽ പാട്ടാണ്‌.

വിശ്വാസമില്ലെങ്കിൽ,
എന്നും, ഓരോ മഴ തോരുമ്പോഴും,
നീ ചവിട്ടുന്ന മണ്ണിനെ
ഒന്ന് നോക്കുക.
പരിസരം മറന്ന് കഥ പറഞ്ഞ
ചില ഭ്രാന്തൻ മഴത്തുള്ളികൾ
മണ്ണിൽ പതിപ്പിച്ചു വച്ചു പോയ
നമ്മുടെ അവസാനചുമ്പനത്തിന്റെ
ചിത്രം കാണുക.

എത്ര മഴകൾ പെയ്തെടോ,
പകരങ്ങളില്ലാത്ത
ആ മഴയൊഴികെ!