Jyothy Sreedhar

അനാഥത്വം

ഈ വായുവില്‍ അനാഥത്വമുണ്ട്. നീയില്ലാതെ, നമ്മളില്ലാതെ, ഞാന്‍ മാത്രമായതിന്‍റെ അനാഥത്വം.

ഇവിടെ, ഓര്‍മ്മകള്‍ പെറ്റുപെരുകി എന്‍റെ കാഴ്ചകളെ പോലും മറയ്ക്കുന്നു. കേള്‍വിയെ കീഴ്പ്പെടുത്തുന്നു. അവ, തീച്ചൂളയിലെ അഗ്നിയിലൂതി കവിതകളെ ജനിപ്പിക്കുന്നു. ആ കവിതകള്‍ക്കും നാഥനില്ലാതെയാകുന്നു.

ഈ വായുവിലാണ്, വരാനിരുന്ന നിന്‍റെ ചുംബനങ്ങളെ ആദ്യമായി വരയ്ക്കപ്പെട്ടത്‌. ഈ വായുവിലാണ്, നിന്‍റെ രൂപം ആദ്യമായി ഞാന്‍ പ്രതിഷ്ഠിച്ചത്. ഈ വായുവിലാണ്, നിന്‍റെ ആലിംഗനത്തില്‍ പൂര്‍ണ്ണതയാല്‍ ഞാന്‍ സങ്കല്‍പ്പങ്ങളില്‍ ജ്വലിച്ചത്. ഈ വായുവിലാണ്, നീ തഴുകുവാനായ് മാത്രം എന്‍റെ മുടിയിഴകള്‍ മെല്ലെ പറന്നത്. ഈ വായുവിലാണ്, ഞാന്‍ നിന്നോട് പറഞ്ഞ വാക്കുകള്‍ ആദ്യമായ്‌ പതിഞ്ഞത്. ഈ വായുവാണ്, എന്‍റെ ലജ്ജയെ ആദ്യം കണ്ടത്; എന്‍റെ പ്രണയം ആദ്യം അറിഞ്ഞത്.

വേനലില്‍ പലായനം ചെയ്ത വര്‍ഷം ഇടിമിന്നലോടെ തിരികെ വരുമ്പോള്‍, കഴിഞ്ഞ മഴയില്‍, അതിനെ ദര്‍ശിച്ച് നിനക്കരികില്‍ ഇരുന്നതോര്‍ത്തു. മഴയുടെ ഊത്തല്‍ മുഖത്ത് തെറിച്ചതിനെ, ചെറുചിണുക്കത്തോടെ ഞാന്‍ പരിഭവിച്ചതോര്‍ത്തു. "മഴ"യെന്നു പറയുമ്പോള്‍, "മഴ"യെന്നു തിരിച്ചു ചൊല്ലി, തമ്മില്‍ നുള്ളിയതോര്‍ത്തു.

ഇന്ന് മഴയും അനാഥം. പ്രത്യേകതകളില്ലാതെ, ഊത്തലില്ലാതെ, പ്രണയമില്ലാതെ, പറയുവാന്‍ ഒന്നുമില്ലാതെ, മഴ പെയ്തു തീരുന്നു. ഭയം ജനിപ്പിക്കാതെ ഇടി മുഴങ്ങുന്നു. പിന്നെ ശാന്തമാകുന്നുവെന്ന്‍ നടിക്കുന്നു. ആരെയും ഉണര്‍ത്താതെ പിന്നെയും വരുന്നു, യാത്ര ചൊല്ലാതെ പോകുന്നു.

എനിക്ക് പുറകില്‍ ഭൂതകാലങ്ങള്‍ അടക്കം പറയുന്നത് ഞാന്‍ കേള്‍ക്കുന്നു. ലോകത്തെ ഞാന്‍ മറന്നിരുന്നുവെന്ന് ലോകം ചൂണ്ടിക്കാട്ടി അഹങ്കരിക്കുന്നു. ചുറ്റും അട്ടഹാസങ്ങള്‍. നീയില്ലാതെ, നമ്മളില്ലാതെ, ഈ പ്രപഞ്ചം എനിക്കന്യമാകുന്നു, എന്നെ കുത്തിനോവിക്കുന്നു. നീയില്ലാതെ ഞാന്‍ എങ്ങനെയായിരുന്നുവെന്നു കഴിഞ്ഞ കാലങ്ങളിലെ പ്രപഞ്ചവും ജാതകവും തിരഞ്ഞ്, ഒടുവില്‍ ഞാന്‍ തോറ്റുമടങ്ങുന്നു.

കേള്‍വികളില്‍ രാക്ഷഗര്‍ജ്ജനം പോലെ ഈ നിമിയും മുഴങ്ങുന്നത്, നിന്‍റെ വേര്‍പിരിയലിനെക്കാള്‍, നിന്‍റെ അവസാനവാക്കുകളാണ്: "ഇനി നമ്മളില്ല. നീയും... പിന്നെ ഞാനും."

കാലം പഴകിയിട്ടും, "നിന്നെ പ്രണയിച്ചിരുന്നു"വെന്ന് ഇന്നും എന്‍റെ ഹൃദയം നിലവിളിക്കുമ്പോള്‍, അതിന്‍റെ കാലം തിരുത്തി, മനസ്സ് അടക്കം പറയുന്നു: "നിന്നെ ഞാന്‍ ഇന്നും പ്രണയിക്കുന്നു. തീവ്രമായ്‌... ഭ്രാന്തമായ്‌..."

കേള്‍വിക്കാരനായി നീ വേണമെന്നില്ല. എന്‍റെ പ്രണയം എന്‍റെ കര്‍മ്മമാണ്- ക്രിയയില്ലാത്തത്. കാലം അങ്ങനെ വിശേഷിപ്പിച്ചുകൊള്ളും.

എന്‍റെ പ്രണയം ചെറുതല്ലാത്തതിനാല്‍, ഞാന്‍ മറയുന്ന തമസ്സോളം നിന്‍റെ വിലാസത്തില്‍ അത് നിലകൊള്ളട്ടെ.