Jyothy Sreedhar

അഞ്ചു നുറുങ്ങുകള്‍.

ആത്മഹത്യ (10-09-2013) എന്റെ ആത്മം നീയാകുന്നു. എന്നില്‍ നിന്ന് നിന്നെ ഹത്യ ചെയ്ത് ഞാന്‍ വിട്ടുകൊടുക്കുന്നു- ഒരു പ്രദേശത്തിന്, ഒരു കൂട്ടം ജനത്തിന്, ഒരു പെണ്ണിന്. പിന്നെ, 'നാം' ജന്മമെടുക്കുന്ന മരണം വരെയുള്ള, നിന്റെ ലൌകികജീവിതത്തിന്. ഇന്ന് ആത്മഹത്യാവിരുദ്ധദിനം.   അറിവ്, അറിവില്ലായ്മ (11- 09- 2013) ഉള്ളിലെ പേരറിയാത്ത വികാരം സമ്മാനിച്ചത് അറിവും അറിവില്ലായ്മയുമാണ്. നവരസങ്ങളെ നീളെ കോരിയിട്ടിട്ടും വ്യഭിചാരിഭാവങ്ങളെ നിരത്തിയിട്ടും, ആ വികാരം എന്തെന്നറിയാന്‍ കഴിയാത്തത് എന്റെ അറിവില്ലായ്മ. മുഖത്തെ ഭാവച്ചുളിവുകള്‍ക്കും, കടലോളം നിറഞ്ഞ മഷിയ്ക്കു- മതീതമാണ് ചില വികാരങ്ങള്‍ എന്നത് അനുഭവത്തിലൂടെയുള്ള എന്റെ അറിവ്.   വാക്ക് (12- 09- 2013) ഇന്നു മൂന്നാം കവിത കുറിയ്ക്കുമ്പോള്‍ ഞാനോര്‍ത്തു: ഞാന്‍ വീണിരിക്കുന്നു. ഇനി വീണിടത്തു നിന്നുരുണ്ട്, ഭൂമിയോളം ചുറ്റിയുരുണ്ട്, അപരിചിതമായ ഒരു കടലിന്‍റെ കരയ്ക്കടിയാം. കടലുകളൊന്നായി ഭൂമിയെ വിഴുങ്ങുമ്പോള്‍, പേടകങ്ങള്‍ ഇല്ലാതെ എല്ലാം മുങ്ങുമ്പോള്‍, നിന്റെ ശ്വാസം ഞാന്‍ തിരിച്ചറിഞ്ഞുകൊള്ളാം. വാക്ക്.   ആകാശം (13- 09- 2013) പിരിയുമ്പോള്‍ നീ പറഞ്ഞതിതാണ്: "കാലടികളിലെ മണ്ണേ മാറുന്നുള്ളൂ, ആകാശം നമുക്കൊന്നാണ്." 'വേരുകള്‍ മനുഷ്യനും മരത്തിനും മണ്ണിലാണെ'ന്ന്‍ മലയാറ്റൂരെഴുതിയത് ഞാനോര്‍ക്കുന്നു. ഞാന്‍ നിന്നില്‍ കണ്ട സ്നേഹത്തിന്‍റെ ഗര്‍വ്വോടെ ഈ മണ്ണില്‍ വേരൂന്നി ഞാന്‍ ഉയരും, പടരും. നീ ചൂണ്ടുന്നത് ആകാശമെങ്കില്‍, അതോളം. അത് താഴെയുള്ള ഭൂമിയ്ക്കു വേണ്ടിയാകില്ല. എന്നിലേക്കു ചൂണ്ടിയ നിന്റെ വിരല്‍ത്തുമ്പിനു വേണ്ടി.   ലോകം (14- 09- 2013) നിന്‍റെ സാന്നിധ്യവും അസാന്നിധ്യവുമാണ് എന്‍റെ മാറുന്ന വിലാസങ്ങള്‍ തമ്മിലുള്ള അന്തരം. അത്, ഋതുഭേദം പോലെ, എന്‍റെ പുഞ്ചിരിയും കണ്ണീരും തമ്മിലുള്ള ദൂരമാകുന്നു. കാരണം, ഞാന്‍ നില്‍ക്കുന്നയിടം എന്റെ ലോകമാകുന്നത് അവിടെ നീയുള്ളപ്പോഴാണ്.