Jyothy Sreedhar

December Cemetery

മരിച്ച മാസങ്ങളുടെ മരവിപ്പില്‍ വര്‍ഷാന്ത്യത്തിന്റെ ഡിസംബര്‍ തണുത്തുറയുന്നു. നെഞ്ചും കാലും കഴുത്തുമായ് പന്ത്രണ്ടു കഷണങ്ങള്‍ അടുപ്പത്തെ ചിക്കന്‍ കറി ആകുന്നു. രണ്ടും ഒന്നായ്‌ ധ്വനിക്കുന്നു. മരവിപ്പിനെ തോല്‍പ്പിച്ച് ഒറ്റ വിരുന്നിനായി വെന്ത് മനുഷ്യനവ ചൂടൊരുക്കുന്നു. പിന്നീട്, മറവിയിലെ ശിഷ്ടപ്പെട്ട എല്ലുകളാകുന്നു. ഓര്‍മയുടെ ശ്മശാനത്തില്‍ പുകമേഘങ്ങള്‍ തങ്ങുന്നു. പന്ത്രണ്ടു മാസങ്ങള്‍ പന്ത്രണ്ടു ശവങ്ങളായി ഒരു ദിനത്തിന്റെ ഓര്‍മയാകുന്നു. ഒരേ കല്ലറയില്‍ അടങ്ങുന്നു. ഇരുദഹനവും പൂര്‍ണ്ണമാകുമ്പോള്‍ ഇരുപന്ത്രണ്ടും ഇരുപത്തിനാലായി ഒരു ദിനത്തിലെ മണിക്കൂറുകളാകുന്നു. നാളേയ്ക്കവ മിനിട്ടുകളും, മറ്റന്നാള്‍ സെക്കണ്ടുകളും, പോകെപ്പോകെ, ഒന്നുമല്ലാതെയുമായി ചുരുങ്ങുന്നു. ഇന്ന് തള്ളിനീക്കപ്പെടുന്ന നിമിഷങ്ങള്‍. നാളെ, കണ്ണടച്ച് തുറക്കുമ്പോള്‍ മിന്നിമാഞ്ഞ ദിവസത്തിലെ ഓര്‍ക്കാന്‍ പറ്റാത്തയേടുകള്‍..... എന്നിട്ടും, പേപിടിച്ചോടുംപോല്‍ മനുഷ്യന്‍ ഓടുന്നു. എല്ലാം മറന്ന്, എല്ലാം കടിച്ച്, എല്ലാം കൊന്നൊടുക്കി... കുഴിച്ചു മൂടേണ്ടത് ഇന്നിനെയല്ല, നിന്നെയുമല്ല... മണിക്കൂറുകള്‍ കാട്ടുന്ന ക്ലോക്കും, ദിവസങ്ങള്‍ കാട്ടുന്ന കലണ്ടറും. നാളെയ്ക്കായ് എന്തിനു നീ ഇന്നില്‍ നീളെയോടുന്നു! നീ മറക്കേണ്ടത്‌ നാളെകളെ, ഇന്നിനെയല്ല. നാളത്തെ ശൂന്യതയാണ് മനുഷ്യാ, നീ മറന്ന് ജീവിക്കുന്ന ഈ നിമിഷവും!