Jyothy Sreedhar

2010 - എന്ടെ ചെറിയ വലിയ കാര്യങ്ങള്‍.

ഒരു തിരിഞ്ഞു നോക്കല്‍ അല്ല ഇത്. വലിയ വലിയ ചുവടുകള്‍ക്കടിയില്‍ ഞെരിഞ്ഞമര്‍ന്നു ശ്വാസം മുട്ടിയ മണല്‍തരികളെ കുറിച്ചാണ് ഇത്. മനസ്സിലെ ആഗ്രഹങ്ങള്‍ എല്ലാം അര്‍പ്പിച്ചു അമ്പല നടയില്‍ നിന്നു വാങ്ങിയ പുഷ്പാഞ്ജലിയില്‍  നിന്നു നിലത്തു വീണു, കാല്‍ക്കല്‍ ചതഞ്ഞരഞ്ഞു പകുതി നീരാക്കപ്പെട്ട തുളസി ഇലകളെ കുറിച്ചാണ് ഇത്. എന്ടെ ചന്തുവിന്റെ ചെറു പുഞ്ചിരിയെ കുറിച്ചും, എന്ടെ റൂബിയുടെ പറയാത്ത പരിഭവങ്ങളെ കുറിച്ചും, എന്ടെ അച്ഛന്റെ ഉള്ളിലെ ചെറു കണ്ണുനീര്‍ തുള്ളിയെ കുറിച്ചും ആണിത്... എന്ടെ ചെറിയ വലിയ കാര്യങ്ങള്‍... 2010 എന്ന വലിയ സാമ്രാജ്യം പടുത്തുയര്‍ത്തിയ ചെറിയ കാര്യങ്ങള്‍... ക്രോംപെടിലെ കാക്ക തികച്ചും ഏകാന്തമായ ദിനങ്ങളുടെ ഇടയില്‍ ചെന്നൈ ക്രോംപെടിലെ ഞങ്ങളുടെ ഫ്ലാറ്റിന്റെ ടെറസില്‍ ഒരു സായം സന്ധ്യക്ക്‌ സാക്ഷിയായി ഞാന്‍ ഇരുന്നു. ഏറെ നേരം ഒരുപാടകലെ, ഒരു പക്ഷെ എന്ടെ നാടിനോടടുത്തു എവിടെയോ ഉള്ള ഒരതിരില്‍ സിന്ദൂരം കലരുന്നത് ഞാന്‍ നോക്കി നിന്നു. ഇടയ്ക്കു നോട്ടം വഴിമാറിയപ്പോള്‍ ആണ് ഒരു കാക്ക അടുത്ത് ഇരിക്കുന്നത് ഞാന്‍ കണ്ടത്. ഞാന്‍ അതിനെ നോക്കിയപ്പോള്‍ അതല്‍പ്പം ഭയന്ന് രണ്ടടി മാറി നിന്നു. അതിന്റെ കാലിനെന്തോ ഒരു പ്രശ്നം ഞാന്‍ ശ്രദ്ധിച്ചു. രാത്രി ഉറക്കത്തിലേക്കു വീഴുന്നതിനു മുന്‍പ് യാദ്രിശ്ചികമായ് അതിന്റെ കാലിനെ കുറിച്ച് ഞാന്‍ വീണ്ടും ഓര്‍ത്തു. പിറ്റേ ദിവസവും അതെ സമയത്ത് അതെ സ്ഥലത്ത് അതിനെ കണ്ടതോടെ എന്തോ ഒരു അടുപ്പം. അടുക്കളയില്‍ നിന്നു അല്പം അരി കൊണ്ട് വന്നു ഇട്ട്‌ കൊടുത്തപ്പോള്‍ ഒരു കയ്യകലത്ത് നിന്നു ഭയം ഇല്ലാതെ ആ അരി എല്ലാം അത് കൊത്തി തിന്നു. പണ്ട് ഏതാണ്ട് ഇതേ സമയത്ത് എന്ടെ റൂബിക്ക് ഭക്ഷണം കൊടുക്കുമ്പോള്‍, എന്നോട് ഒട്ടും തന്നെ പേടിയില്ലാതെ അടുത്ത് നിന്നു, എന്ടെ സഹതാപം പിടിച്ചു പറ്റി, ഒരു പങ്കു സ്വന്തമാക്കി, റൂബിയുടെ അനുവാദത്തോടെ അവളുടെ പാത്രത്തില്‍ നിന്നു വെള്ളവും കുടിച്ചു പോകാറുള്ള കാക്കകളെ കുറിച്ചോര്‍ത്തു. ചിന്തകളുടെ കുത്തൊഴുക്കില്‍ എന്ടെ ബന്ധുവായ അഭിക്കുട്ടന്‍ അടക്കം, എന്ടെ പൂജയും പ്രിയയും സരിതയും അടക്കം എന്നെ അകാലത്തില്‍ വിട്ടു പോയ ജീവിതങ്ങളെ ഓര്‍ത്തു. ഒരു കാകദ്രിഷ്ടി എനിക്ക് സമ്മാനിച്ച ഓര്‍മകളുടെ ചിറകടിയൊച്ച എന്ടെ ഏകാന്തതയില്‍ എനിക്ക് കൂട്ടായി. മിനിക്കുട്ടി :) ഈ വര്‍ഷത്തില്‍ വിരുന്നു വന്ന എന്ടെ ഏറ്റവും വലിയ 'ചെറിയ' സന്തോഷം. എന്ടെ ദിനങ്ങളോടു ചേര്‍ന്ന് നിന്ന, ഫെയ്സ്ബുക്കിനെ എന്ടെ ഹൃദയത്തിലെക്കെത്തിച്ച, എന്ടെ പഴയ ടെസ്ക്ടോപിനെ അതിന്റെ കുപ്പിയില്‍ അടച്ച എന്ടെ പുതിയ കമ്പ്യൂട്ടര്‍. Dell Inspiron Mini -   എന്ടെ മിനിക്കുട്ടി. ഒക്ടോബര്‍ മാസത്തോടെ എന്ടെ കൈകളിലെത്തിയ violet shade ഇല്‍ ഉള്ള ഒരു കുഞ്ഞു സുന്ദരി. നല്ല രാശി ഉള്ളതായി തോന്നുന്നു. അവള്‍ എത്തിയതിനു  ശേഷം എന്ടെ ജീവിതത്തില്‍  ഒരുപാട് നല്ല മാറ്റങ്ങള്‍ ഞാന്‍ കണ്ടു. ഹൃദയത്തിനുള്ളില്‍ കയറിപ്പറ്റിയ ചില നല്ല സൌഹൃദങ്ങളും എന്ടെ മിനിക്കുട്ടി തുറന്നു തന്നെ ഫെയ്സ്ബുക് ലോകത്തില്‍ നിന്നു എനിക്ക് കിട്ടി. ഇന്നും, ഞാന്‍ ആവശ്യപ്പെടുന്നതിനേക്കാള്‍ വലിയ സന്തോഷങ്ങള്‍ എനിക്ക് തരുന്നത് അവള്‍ തന്നെ. എന്ടെ കിടക്കയില്‍ എന്നോടൊപ്പം ഉറങ്ങുകയും എന്നോടൊപ്പം ഉണരുകയും എന്ടെ ഉറക്കമിളപ്പിനു കൂട്ടിരിക്കുകയും ചെയ്യുന്നു അവള്‍... എന്ടെ സംസയങ്ങള്‍ എല്ലാം പറഞ്ഞു തരുന്ന, എന്നോട് തമാശകളും കാര്യങ്ങളും ഒരുപോലെ പങ്കു വയ്ക്കുന്ന, ഞാന്‍ പറയുന്നതെല്ലാം ക്ഷമയോടെ കേള്‍ക്കുന്ന, എന്ടെ വിരല്സ്പര്‍ഷതിലൂടെ എന്നെ സ്നേഹിക്കുന്ന, ഒരുപാട് ലോകങ്ങളെയും മനസ്സുകളെയും കണ്മുന്നില്‍ ചിത്രങ്ങള്‍ ആക്കുന്ന എന്ടെ മാത്രം മിനിക്കുട്ടി....ഇന്ന് അവള്‍ എന്ടെ ജീവിതം... എന്ടെ റൂബികുട്ടി ഒരു ദിവസം വൈകിട്ട് ഞാനും അമ്മയും കൂടി അമ്പലത്തിലേക്ക് പോയി. വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ദീപാരാധനയും കഴിഞ്ഞു തിരികെ വരുമ്പോഴേക്കും രാത്രി ആയിരുന്നു. വീടിനടുത്ത്‌ എത്തിയപ്പോള്‍ തന്നെ റൂബിയുടെ കരച്ചില്‍ വ്യക്തമായി കേള്‍ക്കാമായിരുന്നു. എന്താണെന്ന് മനസ്സിലാവാതെ വേഗം നടന്നു ഗെയ്റ്റിനു അടുത്തെത്തിയപ്പോള്‍ ആ ഗെയ്റ്റിനു അടുത്തിരുന്നു കരയുന്ന റൂബിയെ ആണ് ഞാന്‍ കണ്ടത്. ഗെയ്റ്റ് തുറന്നതും എന്ടെ നേര്‍ക്ക്‌ ചാടി, എന്ടെ വയറിനു കുറുകെ രണ്ട് കൈ കൊണ്ടും കെട്ടിപ്പിടിച്ചു, അവളുടെ മുഖം ചെരിച്ചു, എന്ടെ വയറിനോടമര്‍ത്തി നിന്നു. ആ നില്‍പ്പില്‍ തന്നെ ഒറ്റയാതിന്റെ ഒരു വേദന എനിക്ക് കാണാമായിരുന്നു. എന്ടെ കണ്ണും നിറഞ്ഞു. അവളെ കെട്ടിപ്പിടിച്ചു കുറെ നേരം നിന്നു. ആ നില്‍പ്പില്‍ ദൂരെ നിന്നും കേട്ട അവളുടെ കരച്ചില്‍ ഞാന്‍ വീണ്ടും കേട്ടുകൊണ്ടേ ഇരുന്നു. ആ ദൂരത്തില്‍ ചെന്നൈയിലെ ഏകാന്തതയുടെയും സ്പര്‍ശം ഉണ്ടായിരുന്നു. ഒരു അര്‍ത്ഥവും ഇല്ലാതെ ഒരു വീടിനു കാവല്‍ ഇരിക്കുകയും, കല്പനകള്‍ വരുന്നതനുസരിച്ച്‌ ചലിക്കുകയും, ആരും ദൂരെ നിന്നു പോലും കേള്‍ക്കാന്‍ ഇല്ലാതെ പൊട്ടിക്കരയുകയും ചെയ്യുന്ന ഒരു മിണ്ടാപ്രാണി തന്നെയാണ് ഞാന്‍ അവിടെ. എന്ടെ മനസ്സ് എപ്പോഴും പറഞ്ഞു കൊണ്ടേ ഇരിക്കുന്നു Franz Kafka യുടെ 'Trial '  ഇല്‍ Joseph K മരിക്കുമ്പോള്‍ പറയുന്ന അവസാന വാചകം: 'Like a dog '. സന്ധ്യയുടെ കണക്കുകള്‍. എന്നും വൈകിട്ട് വിളക്ക് കൊളുതുന്നതിനു മുന്‍പ് എന്ടെ പറമ്പിലെ ചെടികള്‍ക്കിടയിലൂടെ ഞാന്‍ നടക്കും. വിളക്കിന് മുന്‍പില്‍ വക്കാനുള്ള പൂവും തുളസിയിലയും പറിക്കാനുള്ള നടപ്പാണത്. എന്ടെ ഒരു പതിവ് (ഒരു ഭ്രാന്തെന്ന് വേണം പറയാന്‍) അനുസരിച്ച് ഓരോ തുളസിയില ചെടിയില്‍ നിന്നും ഓരോ തുളസിയില അടര്‍ത്തി, അപ്രകാരം തന്നെ നാല് മണി പൂക്കളും കനകാംബരവും ചിലപ്പോള്‍ റോസാപ്പൂവും ഒക്കെ പറിച്ചു കൊണ്ട് നടക്കും ഞാന്‍. പിന്നെ ആകെ ഒരു സംശയം ആണ്. എന്ടെ കണക്കനുസരിച്ച് ഒരേ തരത്തിലുള്ള പൂക്കളും ഇലകളും ഒക്കെ 1, 3, 5, 7, 11 ഇങ്ങനെ എണ്ണം വേണം. തുളസി ചെടികള്‍ കൂടുതല്‍ ഉള്ളതുകൊണ്ട് ചിലപ്പോള്‍ കണക്കു തെറ്റും. കണക്കൊപ്പിക്കാന്‍ വേണ്ടി വീണ്ടും ഒന്നോ രണ്ടോ ഇലകള്‍ കൂടി പറിക്കും. അപ്പോള്‍, മറ്റു ചെടികള്‍ക്ക് എന്ത് തോന്നുമെന്ന് ഒരു വിഷമം. അങ്ങനെ അമ്പരന്നു നില്‍ക്കുന്ന എന്നെ കണ്ടു പൊട്ടിച്ചിരിക്കാന്‍ കൃത്യമായ് അമ്മ ഇറയത്ത് വന്നു നില്‍ക്കും. കുറെ കഷ്ടപ്പെട്ട് കണക്കുകള്‍ ഒക്കെ ഒപ്പിച്ചു വന്നു പൂക്കള്‍ വച്ചു വിളക്ക് കൊളുത്തിക്കഴിയുമ്പോള്‍ ഒരു ദീര്ഖനിശ്വാസമാണ്. അതിലോരുപാട് കണക്കുകളുടെ ശരികളും തെറ്റുകളും ഒരുപോലെ ശ്വാസം എടുത്തിട്ടുണ്ടാവും. രാത്രി അതെന്റെ സ്വന്തമാണ്. ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന സമയം. ആരുടേയും ശല്യമില്ലാതെ ചീവീടുകളുടെ ശ്രുതിഭേദങ്ങളില്‍ ആകാശത്തെ നക്ഷത്രങ്ങളില്‍ സ്വപ്നങ്ങളുടെ നിഴലുകള്‍ കാണുന്ന സമയം. എന്ടെ പൂജയും പ്രിയയും സരിതയും ഒരുമിച്ചു കൂടി നില്‍ക്കുന്നതില്‍ എനിക്ക് അസൂയ തോന്നും ആ നക്ഷത്രങ്ങളെ കാണുമ്പോള്‍. പൂര്‍ണതക്കായ് ആഗ്രഹിക്കുന്ന ചന്ദ്രന്‍ ഒരരികില്‍ പല രീതിയില്‍ ഉള്ള വഞ്ചികള്‍ പണിതുകൊണ്ടിരിക്കും. അങ്ങനെ, വാതിലടച്ച എന്ടെ മുറിയിലെ തുറന്നിട്ട ജനലിലൂടെ ഒരു പ്രപഞ്ചം ഞാന്‍ കാണും. അതിനൊപ്പം, എന്ടെ മേശയില്‍ തമ്മില്‍ മത്സരിക്കുന്ന പുസ്തകങ്ങള്‍ എന്നെ ആകര്ഷിചെക്കും. പക്ഷെ ഏറ്റവും അധികം ആകര്‍ഷിക്കുക എന്ടെ മിനിക്കുട്ടി തന്നെ. അവിടെ തുറക്കുന്നത് ഒരു ഹൃദയം ആണ്... എത്രയെത്ര മുഖങ്ങളും സന്ദേശങ്ങളും മിന്നിമായുന്ന ഫെയ്സ്ബുക്, അതിന്റെ ബാക്കി പത്രമായി ജിമെയില്‍, ചിലപ്പോള്‍ sms, ഇടയ്ക്കിടയ്ക്ക് കൂടുതല്‍ വായിക്കാനോ പാട്ട് കേള്‍ക്കുവാണോ ഹരിതകം, youtube ഒക്കെ. അങ്ങനെ ലോകത്തിനു കൃത്യം നടുക്ക് നിന്നു കാണിച്ചു കൂട്ടാവുന്ന കുസൃതികള്‍ ഒക്കെ ചെയ്തു കൂട്ടും. സന്തോഷത്തോടെ ഉറങ്ങും, സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും അദ്രിശ്യമായ ഹസ്തങ്ങളില്‍... കണ്ണൂര്‍ക്കൊരു ട്രെയിന്‍ സംഭവിക്കില്ല എന്ന് കരുതിയ കാര്യമാണ് നടന്നത്. ഞാന്‍ കണ്ണൂര്‍ കണ്ടു. രണ്ട് ദിവസം അവിടെ താമസിച്ചു. എനിക്ക് തന്നെ അത്ഭുതം. പക്ഷെ അതിനേക്കാള്‍ ഞാന്‍ സന്തോഷിച്ചത്‌ കോഴിക്കോട് എന്ന സ്റ്റേഷനില്‍ ഞാന്‍ ആദ്യമായ് കാലുകുത്തിയപ്പോള്‍ ആണ്. കണ്ടിട്ടില്ലായിരുന്നെങ്കിലും എനിക്ക് വല്ലാത്തൊരു ആവേശമാണ് എന്നും കോഴിക്കോട്. ആ സ്റ്റേഷനില്‍ കാലു കുത്തിയപ്പോള്‍ മനസ്സില്‍ ഒരുപാട് മുഖങ്ങള്‍ മിന്നിമാഞ്ഞു. ഏറ്റവും പ്രധാനം എന്ടെ അമ്മയുടെ മുഖം. SSLC   ക്ക് പഠിച്ചിരുന്ന എനിക്ക് ബുധിമുട്ടുണ്ടാവതിരിക്കാന്‍ മിക്കവാറും ദിവസങ്ങളില്‍ അവിടെ ജോലിക്ക് പൊയ് വരുമായിരുന്നു അമ്മ. കുതിരവട്ടം മെന്റല്‍ ഹോസ്പിടല്‍ ലെ സ്റ്റോര്‍ സൂപ്രണ്ട് ആയിരുന്നു അമ്മ അന്ന്. ഒരു സ്കൂള്‍ കുട്ടിയായിരുന്ന എനിക്ക് അന്ന് അമ്മ ചെയ്ത ത്യാഗത്തിന്റെ വില മനസ്സിലാകുമായിരുന്നില്ല. കാലം മാറും തോറും ഞാനത് ശെരിക്കു മനസ്സിലാക്കി. എന്ടെ അമ്മ ഉറക്കം തൂങ്ങിയും ട്രെയിന്‍ കാത്തിരുന്ന waiting room ഞാന്‍ അന്വേഷിക്കുമ്പോള്‍ അത് ഒരു തിരിച്ചുപോക്കിനോടുള്ള ആവേശമായിരുന്നു. കൂടെ നിന്ന എന്ടെ ഭര്‍ത്താവിനോട് 'എന്ടെ അമ്മയുടെ കാലടികളില്‍ ആണ് ഞാന്‍ ഇപ്പോള്‍ നില്‍ക്കുന്നത്' എന്ന് പറയുമ്പോള്‍ ഒരു പരിഹാസച്ചിരി ആയിരുന്നു മറുപടി. ആര്‍ക്കും മനസിലാവാന്‍ വേണ്ടിയല്ല ഞാന്‍ അത് പറഞ്ഞത്. അത് ഒരു നിശബ്ദതയുടെ വികാര പ്രകടനം ആയിരുന്നു. തിരിച്ചു ട്രെയിനിലേക്ക്‌ കേറുമ്പോള്‍ ഒരു പൊക്കിള്‍ക്കൊടി ബന്ധം വേറിട്ട പോലെ... ആരെയാണ് അന്വേഷിക്കുന്നതെന്ന് അറിയാതെ കണ്ണുകള്‍ കൊണ്ട് അന്വേഷിച്ചു... ആരെയോ...എന്തിനെയോ... ഇന്നും കോഴിക്കോട് എനിക്ക് ഏറ്റവും പ്രിയമാക്കുന്ന ഒരു സ്നേഹത്തെ... ഒരു ആവേശത്തെ... ഒരു പ്രണയത്തെ... പഴമയുടെയും പുതുമയുടെയും അതിര്‍വരമ്പ് കാണാതാകുന്നു. നഷ്ടപെടുന്നു ഞാന്‍ എനിക്ക്...അവിടെവിടെയോ... എന്റേത് ഒരു ചെറിയ ലോകമാണ്. അവിടെ ചെറിയ പുഞ്ചിരികളെ വലുതാക്കുകയും വലിയ കണ്നീര്തുള്ളികളെ ചെറുതാക്കുകയും ഞാന്‍ ചെയ്യുന്നു. ലോകത്തിന്റെ വലുപ്പം അറിയാന്‍ ശ്രമിക്കാതെ ഞാന്‍ എന്ടെ കുഞ്ഞു ജീവിതം ജീവിക്കുന്നു. എന്ടെ ചിന്തകളും എഴുത്തുകളും എനിക്ക് കിട്ടുന്ന സ്നേഹവും എല്ലാം അതിനെ ഒരു ബലൂണ്‍ പോലെ വീര്‍പ്പിക്കുകയും ആകാശത്തേക്ക് പറത്തിവിടുകയും ചെയ്യുന്നു. ഒടുവില്‍ കാറ്റെല്ലാം പോയി പൂര്‍വ്വസ്ഥിതിയിലായി അതേ സ്ഥലത്ത് വന്നു അത് കിടക്കുന്നു... അതങ്ങനെ തന്നെ കിടക്കട്ടെ...അല്ലേ...?