Jyothy Sreedhar

'ഭൂപടം'

(I)

ഭൂമിയുടെ ഭൂപടം കണ്ട് ഞാന്‍ ഭ്രാന്തമായി ചിരിച്ചു. എവിടെയും കൈവഴികള്‍, കടലുകള്‍, അതിര്‍ത്തികള്‍. നിന്നിലെക്കെത്തുവാനുള്ള വഴി ഇതിലേതാകും? അതോ, ഭൂമിയില്‍ തന്നെയതിനായ് ഒരു വഴിയില്ലെന്നാകുമോ?

ആകാശങ്ങളില്‍, മേഘങ്ങളില്‍, ഞാന്‍ ചുരുട്ടിയ പ്രണയസന്ദേശങ്ങള്‍ കന്യകമാരായി ഇന്നും ലജ്ജിക്കുന്നു. അവയെ നീ സ്പര്‍ശിച്ചിട്ടില്ല എന്നതുറപ്പ്. അവയെ കൈവിടാം.

ഭൂമിയും ആകാശവുമല്ലെങ്കില്‍, എനിക്കപരിചിതമായ പ്രപഞ്ചത്തില്‍ നിന്നിലേക്കുള്ള വഴിയെ തിരയുക എനിക്കസാദ്ധ്യമാണ്.

കഴിയുമെങ്കില്‍, ഭൂതവും ഭാവിയും വകഞ്ഞുമാറ്റി, എന്‍റെ ഇന്നിന്‍റെ ഭൂമികയില്‍ നിന്‍റെ ഇന്നിനെ പ്രതിഷ്ഠിക്കുമോ?

(II)

വേണ്ട. പ്രപഞ്ചങ്ങള്‍ വേണ്ട, ഭൂപടങ്ങളും.

നീ ഇവിടെയുണ്ട്, എവിടെയാണെന്നറിയിക്കാതെ. കുസൃതികള്‍ നിനക്കെന്നും പ്രിയമാണ് എന്നറിയുന്നു.

നീയുണ്ടെന്നതിനു തെളിവാണ് എനിയ്ക്ക് ചുറ്റുമുള്ളതെല്ലാം പ്രണയമായി പരിണമിക്കുന്നത്.

മഴ വെറും മഴയായി പെയ്യുമ്പോള്‍, നിന്നെക്കുറിച്ചുള്ള ചിന്തയില്‍ അത് പ്രണയമാകുന്നു. മഞ്ഞുകാലങ്ങള്‍, നിന്‍റെ നെഞ്ചിലുണ്ടായേക്കാവുന്ന ഇളംചൂടിനെ ഓര്‍മ്മിപ്പിച്ച് പ്രണയമാകുന്നു. കടുത്ത സൂര്യനില്‍, നീയെന്ന തണലിനെ കൊതിച്ച് അതും പ്രണയമാകുന്നു. ഏകാന്തതകള്‍ നിന്നെയോര്‍ത്തുള്ള ചിന്തകളില്‍ പ്രണയനിമിഷങ്ങളാകുന്നു. തിരക്കുകള്‍, വേഗങ്ങള്‍, നിന്നെക്കുറിച്ചുള്ള ചിന്തകള്‍ക്ക് മുന്നില്‍ ഒരായിരം വട്ടം തോറ്റിരിക്കും.

ഭൂപടങ്ങളെ പോലും, ഋതുക്കളെ പോലും പിന്നെ യാഥാര്‍ഥ്യത്തെയും എനിക്കായ് വെല്ലുവിളിച്ചുവല്ലോ നീ- യെന്ന എന്‍റെ പ്രപഞ്ചം!

(III)

ഇന്ന്, എന്‍റെ ദുഃഖങ്ങള്‍ നീയുണ്ടെന്നു കരുതുന്ന ശൂന്യതയോട് ഞാന്‍ പറഞ്ഞു കരഞ്ഞപ്പോള്‍, എന്‍റെ കവിളുകളില്‍ ഒരു തണുപ്പ്.

കണ്ണീരിന്‍റെ നനവില്‍ നിന്നും വ്യത്യാസമുള്ള, ഒരു നനുത്ത കൈത്തലത്തിന്‍റെ തണുപ്പ്.

കണ്ണീര്‍ വഴികളെ അപ്രത്യക്ഷമാക്കി, ഇനി വരാന്‍ തയ്യാറായ കണ്ണീര്‍ത്തുള്ളികളെ വഴിതെറ്റിച്ച്, ഭയപ്പെടുത്തി, ഇല്ലാതാക്കിയ നിന്‍റെ കൈത്തലത്തിന്‍റെ തണുപ്പ്.

ഞാന്‍ അനുഭവിച്ചതാണ്‌. അദൃശ്യനായി വന്നെന്നെ പുണര്‍ന്ന് എന്നെ ആശ്വസിപ്പിച്ചത്‌ പോലും ഞാന്‍ അനുഭവിച്ചതാണ്‌.

അതിലാണ് ആ ദുഃഖങ്ങള്‍ പോലും നിന്നോടുള്ള പ്രണയമായി പരിണമിച്ചത്.

ഇനിയെന്താണ് കാത്തിരിക്കുന്നത്...

നീ...?

പിന്നെ ഞാന്‍...?

ഈ ശൂന്യതയിലേക്ക് കഴിയുന്നത്ര നിശബ്ദതയോടെ നിന്നോട് പ്രണയം പറഞ്ഞാല്‍, ഭൂതവും ഭാവിയും വകഞ്ഞുമാറ്റി, എന്‍റെ ഇന്നിന്‍റെ ഭൂമികയില്‍ നിന്‍റെ ഇന്നിനെ പ്രതിഷ്ഠിക്കുമോ? എന്‍റെ, നീയെന്ന പ്രപഞ്ചത്തെ തരുമോ എനിക്ക് ഭൂപടങ്ങളെ വെല്ലുവിളിക്കാന്‍?

നീ വരുമെങ്കില്‍, ഞാന്‍ ഉള്‍വലിഞ്ഞുകൊള്ളട്ടെ, നിന്നിലേക്ക്‌... പിന്നെയും നിന്നിലേക്ക്‌...?