Jyothy Sreedhar

നീറൽ

നീയില്ലായ്മയിൽ നീറലായി മാറുന്നു
നീ ഉണ്ടാവലുകൾ!

പതിവുകളെ ഭജ്ഞിച്ച്
ഒരു മൗനവിടവിനാൽ പോലും
യാത്ര ചൊല്ലാതെ,
ഉമ്മയേകാതെ,
പോകേണ്ടെന്ന് ചൊല്ലി
ആത്മാവോളം ആഴത്തിൽ ഇറുകിപ്പുണരാതെ,
ഇന്നു നാം പിരിഞ്ഞു.
ഈ പകൽ എന്നേ അസ്തമിച്ചു!

നീയുണ്ടാവുന്ന ഇടങ്ങളിൽ
നിന്റെ കാൽപാട് നോക്കി
ഏറെ നേരം ഇരുന്നു, ഒറ്റയായി.
നാം എഴുതിയ പ്രണയമത്രയും
മൂർച്ചയുള്ള ഖഡ്ഗങ്ങളായി,
നിന്റെ ചുംബനപ്പാതകളിലത്രയും
എന്നെ കുത്തിനോവിച്ച് ചോര ചിന്തി.
ഒരു യുദ്ധത്തിന്റെ ശേഷിപ്പുകൾ
നീ വരുമ്പോഴും അവിടെ കണ്ടേക്കും.

ഒഴുകാതിരിക്കാൻ കഴിയാത്ത
വാക്കുകൾ, മനസ്സ്-
ശീലമില്ലല്ലോ നമുക്ക്!
ഈ സന്ധ്യയിൽ എത്രനേരം
ഞാനിരിക്കും?
രാത്രിയിലേക്ക് നടക്കുക വയ്യ.
നീയില്ലാതെ,
കറുപ്പിനെ തേടുന്ന
അരണ്ട രാത്രിയാകും വരുന്നത്.
കാണുക വയ്യ.
നിന്റെ നിഴൽ പോലും
എന്റെ ദേഹത്ത് വീഴാതെ,
അമാവാസി ഒരുക്കുന്നു രാവ്.

ഇനിയുമെഴുതട്ടെ ഞാൻ?

കുത്തിപ്പെയ്ത മഴയുടെ ഊത്തലാൽ
എന്റെ വരണ്ട ചുണ്ടുകൾ മുറിഞ്ഞത്;
നിന്റെ ശബ്ദത്തെ ദാഹിച്ച് ദാഹിച്ച്
ഒരു ശ്രവണനാഡിയുടെ അഗ്രത്ത്
നിശബ്ദതയാൽ ചോര പൊടിഞ്ഞത്;
കണ്ണുകളാൽ ശൂന്യതയിൽ എഴുതിയ
എണ്ണമറ്റ കവിതത്തുണ്ടുകൾ
പലകുറി കഷ്ണിച്ച്, കത്തിച്ച്, 
ശവദാഹത്തിന്റെ നാളങ്ങളിൽ
വീണ്ടും കവിതകൾ എഴുതിയത്;
നിന്റെ വരവില്ലെന്ന് തീർച്ചയുണ്ടായിട്ടും
കണ്ണുകളെ തിരികെ വിളിക്കാതെ
ഇടവഴിയോരത്ത് പാത്തിരുത്തിയത്;
ഇനിയും പറഞ്ഞു തീരാത്ത പ്രണയം
പകുക്കാൻ നീയില്ലാതെ ഇരട്ടിച്ച്,
അതിൻ ഭാരത്താൽ തല ചാഞ്ഞപ്പോൾ
നിന്റെ നെഞ്ചിനെ കാണാതെ നിലവിളിച്ചത്;
നീയെന്ന തോന്നലിൽ ഞാൻ ഉമ്മവയ്ക്കുന്ന
എന്റെ തലയിണയെ വലിച്ചെറിഞ്ഞ്,
നിന്റെ ദേഹമായി തുടിക്കുന്ന
എന്റെ കിടക്കയെ ഉപേക്ഷിച്ച്,
നിലയില്ലാക്കയത്തിലേക്ക് എന്ന പോലെ
വീണു പോയത്, ഭൂമി അലറിച്ചിരിച്ചത്;
നിന്റെ ഉമ്മകളാൽ തുടിയ്ക്കുന്ന
പിൻ കഴുത്തിന്റെ വഴുതലിൽ
നിന്നെ കാത്ത്
ഒരു ഗുഹാമുഖം തെളിഞ്ഞത്;
നിലാവിനാൽ പൊള്ളലേൽക്കുമെന്ന്
മനസ്സിൽ ഭയന്ന്,
സന്ധ്യയെ വലിച്ചുനീട്ടാൻ
വൃഥാ ശ്രമിച്ചത്;
മാനത്തു തെളിഞ്ഞ തിങ്കളിന്റെ
നേർത്ത പാടയെ ശപിച്ചത്;
നിന്റെ നെഞ്ചിന്റെ ചൂടിനെ തേടി
മെഴുകുതിരിയിൽ കൈത്തലം വച്ച്,
അതോളം തന്നെ ഉരുകിയത്;
ഉറക്കെ, പലവുരു,
നിന്റെ പേര് വിളിക്കുമ്പോൾ
ഈ തമോഗർത്തത്തിന്റെ വശങ്ങളിൽ
പാഞ്ഞു വന്നിടിച്ച് പ്രതിധ്വനികൾ തീർത്തത്,
എന്നിട്ടും കേൾക്കാൻ ഞാൻ മാത്രമായത്;
എന്റെ വിരഹം കേൾക്കുന്നതിനേക്കാൾ ദൂരം, പ്രകാശവർഷങ്ങൾ താണ്ടി
നീ പോയി മറഞ്ഞതിൽ പിന്നെ
ഒരു നിശ്ചലചിത്രമായി 
എന്റെ പുഞ്ചിരി ഉറഞ്ഞത്;
എത്രയോ അധികം നിന്നെ പ്രണയിക്കുന്നുവെന്ന്‌
ആരും കേൾക്കാനില്ലാതെ ഞാൻ പറഞ്ഞത്;
ഒടുവിൽ ഹൃദയച്ചാലിൽ നിന്ന്
തിളച്ച് പൊങ്ങിത്തെറിച്ച
കടുകുമണിയോളം പോന്ന
ഒരു കണ്ണീർത്തുള്ളിയിൽ
ഞാൻ തന്നെ ചുരുണ്ടൊതുങ്ങിയത്...

നീയില്ലായ്മയിൽ നീറലായി മാറുന്നു
നീ ഉണ്ടാവലുകൾ...
പിന്നെ, ഞാനില്ലായ്മയും.
നീ അറിയുവാനായി
ഞാൻ പറയുന്നില്ലെന്നേ ഉള്ളൂ.

ഒറ്റയായില്ലേ,
നീയില്ലാതെ ഞാൻ...?