ഒരു വരണമാല്യം ചാര്‍ത്തി, സാമൂഹ്യക്കണക്കുകളിലെ മൂഡവിവാഹചരിത്രത്തിലിടം പിടിക്കു- മെന്നു ഞാന്‍ വാക്കു പറഞ്ഞിട്ടില്ല. ജ്യോതിഷപ്പലകയിലെ ശംഖുമണികള്‍ക്കൊപ്പം രാഹുവും കേതുവും ശനിയുമായി നല്ലകാലശുക്രനെ കാത്തിരിക്കുമെന്നു ഞാനോര്‍ത്തിട്ടില്ല. ഒരു ശരീരത്തെയൊരു രാത്രി മുത- ലങ്ങോട്ടു കാമിക്കുവാനായി ജാതകം ഗണിക്കുന്നവന് തെറ്റി. എനിക്കു പരിണയമില്ല. പ്രകാശവര്‍ഷങ്ങള്‍ക്കു മുന്‍പാ- ണെന്‍റെ ജനനം, നിന്നോടൊന്നിച്ച്. ജ്യോത്സ്യന്റെ കവടിയിലെ പ്രപഞ്ചാണുക്കള്‍ നമ്മള്‍ തന്നെയാണ്. പരിണയം നശ്വരമാണ്. പ്രണയമനശ്വരം. ഇന്നിന്‍റെ നക്ഷത്രവെളിച്ചത്തിനൊപ്പം കോടിവര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ പുറപ്പെട്ടത് നിന്നോടലിഞ്ഞു നീയാകുവാനാണ്. ജ്യോതിഷപ്പലകയില്‍ രചിക്കുന്ന കഥ ലോകം പോലെയൊരു മിഥ്യയാണ്. കാരണം, പ്രപഞ്ചമുണ്ടാകുന്നതിന്‍ മുന്‍പ് കഥകളുണ്ടായിരുന്നില്ല, കവടികളും. പക്ഷെ, നാമുണ്ടായിരുന്നു. ശൂന്യതയിലെങ്ങോ.