Filmy Malayalam Prose Movie section My malayalam prose Prose

Sijoy Varghese- The Twist Man!

June 2, 2014

ഇന്നലെ ബാംഗ്ലൂര്‍ ഡെയ്സ് കണ്ടിട്ട് ഒരു ഫേയ്സ്ബുക്ക് സ്റ്റാറ്റസ് ഇട്ടിരുന്നു. കണ്ട് മനസ്സ് നിറഞ്ഞ ഒരു സിനിമ ആയതുകൊണ്ട് പുകഴ്ത്തുന്നതില്‍ തീരെ പിശുക്ക് കാണിച്ചില്ല. ആ സ്റ്റാറ്റസ് ഇട്ടതിനു ശേഷം എനിക്ക് എന്‍റെ ഒരു സുഹൃത്തായ സിജോയ്‌ വര്‍ഗീസിന്‍റെ മെസേജ് വന്നു.

“ജോ, ബാംഗ്ലൂര്‍ ഡെയ്സില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്, കോച്ചായിട്ട്.”

ഞാന്‍ ഗംഭീരമായോന്നു ഞെട്ടി. കാരണം ഇതാണ്. ആ സിനിമ കഴിഞ്ഞിട്ട് ഞാനും എന്‍റെ ഭര്‍ത്താവും സംസാരിച്ചതില്‍ ഒരു വലിയ ഭാഗം ആ കോച്ചിനെ കുറിച്ചായിരുന്നു- ആ ലുക്ക്‌, പേഴ്സണാലിറ്റി ഒക്കെ. സ്റ്റാറ്റസ് എഴുതുമ്പോള്‍ കോച്ച് എന്നെഴുതി അടുത്ത ടാബില്‍ ഗൂഗിള്‍ എടുത്ത്‌ ബാംഗ്ലൂര്‍ ഡെയ്സ് കാസ്റ്റ് എന്ന് സെര്‍ച്ച് ചെയ്തത് ആ കോച്ച് ആരാണ് എന്നറിയാന്‍ വേണ്ടിയായിരുന്നു. വികിപീഡിയ, വണ്‍ ഇന്ത്യ, പിന്നെ മറ്റേതോ സൈറ്റുകള്‍ ഒക്കെ നോക്കി. പക്ഷെ കോച്ചിനെ പറ്റി എഴുതി കണ്ടില്ല. കുറെ തപ്പി കിട്ടാതായപ്പോള്‍, സ്റ്റാറ്റസില്‍ നിന്ന് കോച്ചിനെ മാറ്റിയാലോ എന്നാലോചിച്ചു. പക്ഷെ, ഞങ്ങളുടെ സംസാരങ്ങളില്‍ ഇത്രയും വലിയ ഭാഗമായ ആ കഥാപാത്രത്തെ മാറ്റി നിര്‍ത്താന്‍ തോന്നാത്തതുകൊണ്ട് പേരില്ലാതെ കോച്ച് എന്ന് മാത്രം എഴുതി. എന്‍റെ സ്റ്റാറ്റസില്‍ സത്യത്തില്‍ ഒരു പേരില്ലാത്തത് ആ കഥാപാത്രത്തിന് മാത്രമാണ്. ഒരുപാട് അന്വേഷിച്ചത് ഞാന്‍ കുഞ്ഞുനാള്‍ മുതല്‍ക്കെ അറിഞ്ഞ സിജോയേട്ടനെ ആയിരുന്നു എന്ന് വിശ്വസിക്കാനേ പറ്റിയില്ല! ‘ആ കോച്ചിന്‍റെ ലുക്ക്‌ കൊള്ളാം, അതുപോലെ ആക്കണം’ എന്ന് തുടരെ പറഞ്ഞ എന്‍റെ ഭര്‍ത്താവും ഇതറിഞ്ഞു അന്തം വിട്ടിരുന്നു.

ഈ സിജോയ്‌ വര്‍ഗ്ഗീസ്‌ എനിക്കെന്നും ഞെട്ടലുകളാണ് ഓരോ വരവിലും തരാറ്. ഞങ്ങള്‍ തമ്മില്‍ ഉള്ള പരിചയത്തെക്കുറിച്ചും എനിക്ക് ആദ്യം തന്ന ഞെട്ടലിനെ കുറിച്ചും ഒരു ബ്ലോഗ്‌ തന്നെ ഞാന്‍ മുന്‍പ്‌ എഴുതിയിട്ടുണ്ട്. ഞാന്‍ കുട്ടിയായിരിക്കുമ്പോള്‍ വളരെ യാദൃശ്ചികമായി അഭിനയിച്ച മലബാര്‍ കോക്കനട്ട് ഓയിലിന്റെ ഒരു പരസ്യത്തിന്‍റെ സഹസംവിധായകന്‍ ആയിരുന്നു സിജോയെട്ടന്‍. സത്യത്തില്‍ ക്രൂവിലെ ഏക ഓര്‍മ എനിക്ക് സിജോയേട്ടനാണ്. ഏറ്റവും ഓര്‍മ, ഒരു വഞ്ചിയില്‍ പോകുന്ന ഷോട്ടില്‍ പങ്കായം തലയ്ക്കു വീണപ്പോള്‍ ഓടി വന്നു എന്നെ എടുത്തു പറമ്പിലൂടെ നടന്ന്‍ കരച്ചില്‍ മാറ്റിയതാണ്. പരസ്യത്തിനായി തലേന്ന് രാത്രി എന്നെ വീട്ടില്‍ വന്നു കണ്ടതും, എല്ലാം പറഞ്ഞു തന്നതും, ഒക്കെ സിജോയേട്ടനാണ്. കൂടെ ഉണ്ടായിരുന്ന ആ പരസ്യത്തിന്‍റെ മോഡല്‍ ആയ, മലയാളി അല്ലാത്ത ഇഷ ചേച്ചി ആണ് മറ്റൊരോര്‍മ. ഫോര്‍ട്ട്‌ കൊച്ചി ബീച്ചിലെ ലൊക്കേഷനില്‍ ഞാനും ഇഷ ചേച്ചിയും കൂടി ഓടിക്കളിച്ചതും പായല്‍ പെറുക്കിയതും ഒക്കെ ഓര്‍മയുണ്ട്. ഇഷ ചേച്ചിയുടെ ഒരു മഞ്ഞ സാരിയും നല്ല ഓര്‍മ. ആ ഇഷ ചേച്ചി ഇഷ കോപികര്‍ ആയി പ്രശസ്തയായി കുറെ കഴിഞ്ഞിട്ടാണ് ഇത് ആ ഇഷ ചേച്ചി ആണെന്ന് ഞാന്‍ അറിഞ്ഞത്. പിന്നെ ഒരു അക്വേറിയം പോലെയുള്ള എന്തോ ഒന്നില്‍ വെള്ളം നിറച്ച് അതിലേയ്ക്ക് നോക്കി ഡയലോഗ് പറയിപ്പിച്ച ക്യാമറമാന് വട്ടാണ് എന്ന് അന്ന് തോന്നാതിരുന്നില്ല. നടി രേവതിയുടെ സഹോദരി ആണെന്നോ മറ്റോ കേട്ടിരുന്നു ഡ്രെസ് ഒക്കെ എടുത്തു തന്ന ഒരു ചേച്ചിയെ- അതായത് കൊസ്ട്യൂം ഡിസൈനര്‍. അങ്ങനെ നേരിയ ഓര്‍മ്മകള്‍ ഉണ്ട്. സിജോയെട്ടന്‍ മാത്രമാണ് വ്യക്തമായ ഓര്‍മ.

ആ പരസ്യത്തിന് ശേഷം ഞാന്‍ സിജോയേട്ടനെ കണ്ടിട്ടില്ലായിരുന്നു. ഒരു പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം എന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ ആയ ജിസ്മോന്‍ (ബൈസൈക്കിള്‍ തീവ്സ് സിനിമയുടെ സംവിധായകന്‍), ദിനേശ്‌ (നടന്‍, 1983 ഫെയിം) എന്നിവര്‍ അവരുടെ ആഡ് കമ്പനിയില്‍ കൂടെ ഉള്ള സിജോയ്‌ എന്ന് ഒരാളെ പരിചയപ്പെടുത്തിയിരുന്നു. അന്ന് മിനിട്ടുകളുടെ ദൈര്‍ഘ്യം ഉള്ള ആ കണ്ടുമുട്ടലില്‍ ഞാനോ സിജോയ്‌ ചേട്ടനോ തമ്മില്‍ തിരിച്ചറിഞ്ഞില്ല. പിന്നെ ഫെയ്സ്ബുക്കില്‍ ജിസ്മോന്‍ ചേട്ടന്റെയും ദിനേശിന്റെയും സുഹൃത്തായ സിജോയ്‌ വര്‍ഗീസുമായി ഞാന്‍ സുഹൃത്തുക്കളായി. വളരെ യാദൃശ്ചികമായുള്ള ഒരു സംഭാഷണത്തിലാണ് പഴയ പരസ്യത്തിന്‍റെ കഥ വന്നപ്പോള്‍ അതിഭീകരമായി ഞങ്ങള്‍ രണ്ടു പേരും ഞെട്ടിയത്. അത് ഒരു ഷോക്കിനേക്കാള്‍ അപ്പുറമായിരുന്നു.

ഞങ്ങള്‍ തമ്മില്‍ എപ്പോഴും സംസാരിക്കാറില്ല. അതുകൊണ്ട് തന്നെ ഏതോ സിനിമകളില്‍ അഭിനയിക്കുന്നു എന്നല്ലാതെ ഇത് ഞാന്‍ അറിഞ്ഞിരുന്നില്ല. പക്ഷെ ഇന്നലെ ഒരു മണിക്കൂറോളം ഞാന്‍ അന്വേഷിച്ച്, തോല്‍വി സമ്മതിച്ചതിന്‍റെ ഉത്തരം സിജോയെട്ടന്‍ ആയിരുന്നു എന്ന് ഇപ്പോഴും എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല. ആ അമ്പരപ്പ് ഇന്നലെ രാത്രി കുറച്ച് നേരം വാട്സ്ആപ്പില്‍ ഞാന്‍ നിര്‍ത്താതെ പ്രകടിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ പഴയ കാര്യങ്ങളിലെയ്ക്ക്, ആ പരസ്യത്തിലെയ്ക്ക് ഒക്കെ ഞങ്ങള്‍ ഒന്ന്‍ പുറകിലേക്ക് പോയി. അന്ന് ദൂരദര്‍ശനിലും മറ്റും ഇടയ്ക്ക് വരുമായിരുന്ന ആ പരസ്യത്തിന്‍റെ ഒരു തെളിവോ, ചിത്രമോ, വീഡിയോയോ, ന്യൂസ്പേപ്പര്‍ കട്ടോ കയ്യില്‍ ഇല്ലാത്തതിന്റെ വിഷമം ഞങ്ങള്‍ രണ്ടു പേരും സംസാരിച്ചു. 1993 ആണ് വര്‍ഷം എന്ന ഏതാണ്ട് ഊഹിച്ചെടുത്തു. അപ്പോള്‍ സിജോയെട്ടന്റെ വക അടുത്ത ട്വിസ്റ്റ്‌:

“Jo, do you remember that old commercial details?”

മുന്‍പ് പറഞ്ഞത് പോലെ, ആ ക്രൂവില്‍ സിജോയെട്ടനെ അല്ലാതെ മറ്റൊരാളെയും എനിക്ക് ഓര്‍മയില്ല. സിജോയെട്ടന്‍ തുടര്‍ന്നു.

“I was an assistant director of ads during that time, in the ad you acted too.

And the credit goes like this:

Its director was Rajiv Menon. I was assisting him.

And its DOP was Ravi K Chandran.

ഞെട്ടലിന്റെ പാരമ്യത്തില്‍ എനിക്കുള്ള അവസാന ആണിയും തറച്ച് സിജോയേട്ടന്‍ പോയി. കുറെ നേരം കഴിഞ്ഞ് ബോധം വരുമ്പോള്‍ സത്യത്തില്‍ എനിക്ക് ബോധം ഉണ്ടായിരുന്നില്ല എന്നതായിരുന്നു എന്‍റെ അവസ്ഥ!

ഇനിയും ഇത് വഴി വരില്ലേ സിജോയെട്ടാ, ആനകളെയും തെളിച്ചുകൊണ്ട്… ?

Facebook comments:

Leave a Reply