എന്റെതായുള്ളതെല്ലാം എന്റെതല്ലാതാക്കി
ആത്മാവലിഞ്ഞ
വെറുമൊരു മനുഷ്യദേഹമാകുവാന്
ഒരു മോഹം.
നാമമടക്കം നിരാകരിച്ച്,
എന്റെ വേരുകള്‍,
ബന്ധങ്ങള്‍, വിലാസങ്ങള്‍
എല്ലാം വെട്ടിമാറ്റപ്പെട്ട്
ഞാന്‍ മാത്രം അവശേഷിക്കണം.
ശബ്ദങ്ങളില്ലാത്തയാ ലോകത്ത്
ഒന്ന് കാതോര്‍ത്താല്‍
എനിക്കെന്റെ ഹൃദയമിടിപ്പ് കേള്‍ക്കണം.
എന്റെ രക്തമോടുന്നത് അനുഭവിക്കണം.
ഞെരംബുകളുടെ തുടിപ്പ്, എന്റെ ജീവസ്സ്,
ഓരോ അണുവിലും തൊട്ടറിയണം.
എന്റെ ഓരോ വികാരവും
നാഡികളിലൂടെ ഒരു സന്ദേശമായി
ശിരസ്സിലേക്കോടുന്നതും
തിരികെ എന്റെ വികാരമായി മാറുന്നതും
എനിക്കനുഭവിക്കണം.
കാതിനിയും കൂര്‍പ്പിച്ചാല്‍,
ഭൂമി തിരിയുന്ന ശബ്ദം കേള്‍ക്കണം.
പ്രപഞ്ചത്തിന്റെ ഓംകാരം
അതിന്റെ രാഗത്തില്‍, താളത്തില്‍,
അതിന്റെ നാദമായി കേള്‍ക്കണം.
പിന്നെയും ശ്രദ്ധിച്ചാല്‍,
പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറം നിന്ന്
എനിക്ക് കേള്‍ക്കേണ്ടത്
നിന്നെ മാത്രമാണ്.