Magazine articles My malayalam prose

സ്ത്രീത്വം- സമൂഹവും കാഴ്ചപ്പാടുകളും.

February 28, 2013

മനുസ്മൃതിയുടെ കാലം മുതല്ക്കുള്ളതാണ് സ്ത്രീയുടെ അതിര്‍വരമ്പുകളെ കുറിച്ചുള്ള വ്യത്യസ്തമായ കാഴ്ചപ്പാടുകള്. തുടര്‍ന്നുള്ള നൂറ്റാണ്ടുകളില്‍ഉണ്ടായ പണ്ഡിതചര്‍ച്ചകളില്‍സ്ത്രീത്വം എന്ന വാക്കിനു തന്നെ വ്യതിയാനങ്ങള്‍ഉണ്ടായി. നാടോടുമ്പോള്‍നടുവേ ഓടുന്ന ജനക്കൂട്ടങ്ങള്‍ക്കിടയില്‍അങ്ങിങ്ങായി സ്ത്രീകള്‍ഇടം പിടിച്ചു തുടങ്ങിയതോടെ നിര്‍വ്വചനങ്ങള്‍വീണ്ടും മാറിക്കൊണ്ടിരുന്നു. സമൂഹം എന്ന ചട്ടക്കൂടില്‍ഏറ്റവും നല്ലവള്‍എന്ന് കാണിക്കാനുള്ള ത്വരയില്‍പല സ്ത്രീകളും വീടുകളിലെ അടുക്കളയിലേക്ക് പിന്‍വലിഞ്ഞു, ചിലര്‍തങ്ങളുടെ പിന്‍തലമുറക്കാരെ അവിടെ തന്നെ കെട്ടിയിടാന്‍ശ്രമിച്ചു. അതില്‍ നിന്ന് ചിലര്‍കുതറിയോടി. അങ്ങനെ കുതറിയോടിയവരില്‍ചിലര്‍ഭൂമി വിട്ടു വരെ സഞ്ചരിച്ചു. എന്നിട്ടും സമൂഹം അസൂയയോടെ മറ്റുള്ളവരെ വിലക്കി.  അതില്‍ചിലര്‍അവരോട് വഴങ്ങി, മറ്റുള്ളവര്‍അവരെ പുച്ചിച്ചു. അങ്ങനെ ഓടിയോടി, നാട് ഇന്ന് സ്ത്രീകളെ കുറിച്ചുള്ള ചര്‍ച്ചകളുടെ മൂര്ധന്യാവസ്ഥയിലാണ്.

ബലാല്‍സംഗം ആണ് ഇന്നത്തെ പ്രധാന വാര്‍ത്ത. ആര്, ആരെ, എവിടെ വച്ച്, എങ്ങനെ എന്നതില്‍ഉള്ള വ്യത്യസ്തത വര്‍ധിച്ചു വരുന്നു. ഡല്‍ഹി ബലാല്‍സംഗം ഇന്ത്യയെ ഒന്നാകെ മുറിവേല്‍പ്പിച്ചപ്പോള്‍കലക്കവെള്ളത്തില്‍മീന്‍പിടിക്കും പോലെ സദാചാരവാദികള്‍വെള്ള ഖദര്‍ഇട്ടും ഇടാതെയും പ്രസ്താവനകള്‍ഇറക്കി വാര്‍ത്തകള്‍സൃഷ്ടിച്ചു. രസകരമായ പല വാദങ്ങളും കൊണ്ട് സമ്പുഷ്ടമായി വാര്‍ത്താ ചാനലുകള്‍. ആറു മണിക്ക് ശേഷം പെണ്‍കുട്ടികളോട് പുറത്തിറങ്ങരുത് എന്ന് പറയാനാണ് പ്രധാന മല്‍സരം.

എന്താണ് ഈ സമൂഹം? അതില്‍എങ്ങനെയാണ് സ്ത്രീകള്‍ക്ക് മാത്രം അതിര്‍വരമ്പുകള്‍ഉണ്ടാകുന്നത്, അതും പുരുഷന്മാര്‍വരയ്ക്കുന്നത്? എന്ത് കൊണ്ടാണ് പുരുഷന്മാര്‍അവരുടെ അലിഖിതമായ അതിര്‍വരമ്പുകള്‍ലംഘിക്കുമ്പോള്‍, അവര്‍ക്ക് പകരം സ്ത്രീകള്‍ക്ക് കൂടുതല്‍നിയമങ്ങള്‍ഉണ്ടാകുന്നത്? പുരുഷന്മാര്‍അത്ര നല്ലതല്ലാത്ത കാര്യങ്ങള്‍ശീലിക്കുമ്പോള്‍എന്തുകൊണ്ടാണ് അത് ‘ആണ്‍പിള്ളേരുടെ തമാശകള്‍’ എന്ന് വിളിക്കപ്പെടുന്നത്?

സമത്വം എന്നതല്ല എന്റെ വിഷയം. സമൂഹം എന്നതാണ്. പലപ്പോഴും സമൂഹം എന്നത് എനിക്ക് തമാശകളുടെ ഒരു ഉറവിടമായി തോന്നാറുണ്ട്. എന്റെ ജീവിതത്തിലെ ഒരു കാലഘട്ടം മുതല്‍ഞാന്‍തിരിച്ചറിഞ്ഞിട്ടുണ്ട്, സമൂഹം എന്നത് സ്വന്തം മനസ്സിനോളം വലുതല്ല എന്ന്. സമൂഹം എനിക്കൊരു പരീക്ഷ പേപ്പര്‍പോലെയാണ്… ഒരുപാട് ചോദ്യങ്ങള്‍, അതിന് പല നീളത്തില്‍നിരന്ന ഉത്തരങ്ങള്‍. ഉത്തരങ്ങളുടെ നീളവും അവര്‍പറയുംപോലെ. പിന്നെ ചേരും പടി ചേര്‍ക്കാനുള്ള ഭാഗങ്ങള്‍. ഒടുക്കം മാര്‍ക്കിട്ടു കിട്ടുന്ന ആന്‍സര്‍പേപ്പര്‍. പണ്ടേ ആലോചിച്ചിട്ടുള്ളതാണ് എന്തുകൊണ്ട് എനിക്ക് ശരി എന്ന് തോന്നുന്നതിനെ മറ്റൊരാള്‍കീറിമുറിക്കണം എന്ന്. അന്നത്തെ ആ ബാല്യത്തില്‍തോന്നിയ വിഡ്ഢിത്തരം ഇന്ന് സാമൂഹികമായ കാര്യങ്ങളില്‍പ്രസക്തമായ ചോദ്യം ആണെന്ന് എനിക്ക് തോന്നുന്നു. ശരിയും തെറ്റും നമ്മുടേതാണ്, അത് മറ്റുള്ളവരെ മുറിവേല്‍പ്പിക്കാത്തിടത്തോളം അതാണ്‌ശരി. മാര്‍ക്കിടാന്‍എന്നും സമൂഹം ഉണ്ടാകും. അവര്‍ഉദ്ദേശിച്ച ഉത്തരങ്ങള്‍കൊടുത്തില്ലെങ്കില്‍അവരുടെ കണ്ണില്‍നമ്മള്‍പരാജയപ്പെടും. അങ്ങനെയാണ് നിയമവും.

ഒരു പെണ്‍കുട്ടിയെ സ്വന്തം അമ്മ പോലും ആദ്യം പഠിപ്പിക്കുന്നത്‌ഭയം എന്ന വികാരമാണ്. ചുറ്റുമുള്ളവര്‍അവളെ ബലാല്‍സംഗം ചെയ്യാനാണ് ജീവിച്ചിരിക്കുന്നത് എന്നുള്ള ഒരു അരക്ഷിതബോധം അവളില്‍കുത്തിക്കയറ്റും. ചൊട്ട മുതല്‍ചുടല വരെ നീളുന്ന ആ പേടിയില്‍, അവള്‍ക്കു നഷ്ടമാകുന്നത് ജീവിതം എന്ന ഏറെ സൌന്ദര്യമുള്ള ഒരു ആത്യന്തികാവകാശമാണ്. അങ്ങനെ ജീവിക്കാനായിരുന്നെങ്കില്‍ഒരു പെണ്‍കുട്ടി എന്തിനു ജനിക്കണം എന്നത് ഞാന്‍ഇപ്പോഴും ഓര്‍ക്കാറുണ്ട്! ഠ വട്ടമുള്ള ഒരു അതിരിനുള്ളില്‍എന്തിനു അവള്‍അവളുടെ വ്യക്തിത്വത്തെ ത്യജിക്കണം! പുരുഷന്മാരെ അനുസരിക്കാന്‍, അവര്‍ക്ക് ‘തമാശകള്‍’ കാണിക്കുവാനായി മാത്രം ഒതുങ്ങിക്കൂടാന്‍, അവര്‍ക്ക് വേണ്ടി ഒരു ജന്മം തന്നെ എരിഞ്ഞു തീരുവാന്‍അതിനു വേണ്ടി മാത്രം എന്തിനു ഒരു പിറവി! എനിക്ക് ചെറുപ്പം മുതല്‍കിട്ടിയ സ്വാതന്ത്ര്യത്തിലാണ് ഞാന്‍എന്റെ വ്യക്തിത്വം കണ്ടെത്തിയത്. ഇന്ന് ആരെയും നേരിടാനും സ്വന്തം അഭിപ്രായങ്ങള്‍ഉണ്ടാകുവാനും അത് തുറന്നു പറയുവാനും ഉള്ള ധൈര്യവും ലഭിച്ചത് അതില്‍നിന്നാണ്. വ്യക്തിത്വമുള്ളത് പുരുഷന് മാത്രമെന്ന് സാധാരണ ചൊല്ലിക്കൊടുക്കുന്നു വീടുകളില്‍. സ്ത്രീത്വത്തിനു അതിന്റേതായ ഒരു ഭംഗിയുണ്ടെന്നു കരുതി അതിനു വ്യക്തിത്വമോ ഒരു ശക്തിയോ ഒന്നുമില്ലെന്ന ആശയം അടിച്ചേല്‍പ്പിക്കരുത്. അവളെ സ്വന്തന്ത്രയാകാന്‍അനുവദിക്കുക, സ്വയം രക്ഷിക്കാന്‍പഠിപ്പിക്കുക, ലോകത്തെ നേരിടുവാനും മല്‍സരിക്കുവാനും പഠിപ്പിക്കുക. ധൈര്യം എന്നത് അനുഭവിക്കാന്‍അവളെ അനുവദിക്കുക. വീടിനുള്ളില്‍ചെറുത്‌മുതല്‍വലുത് വരെയുള്ള കാര്യങ്ങളില്‍ആണ്, പെണ്ണ് എന്നുള്ള വേര്‍തിരിവ് അവരുടെ ബോധത്തിലേക്കും അബോധത്തിലേക്കും കുത്തിയിറക്കാതിരിക്കുക. വളരുവാന്‍അനുവദിച്ചാല്‍തന്നെ, നാളെ അത്തരം പെണ്‍കുട്ടികള്‍കുടുംബത്തിന്റെയും നാടിന്റെയും തന്നെ സ്വത്തുകള്‍ആയി തീരും എന്നത് ഉറപ്പാണ്.

വളര്‍ന്നു കൊണ്ട്, കൂടെയുള്ളവരെയും വളരുവാന്‍അനുവദിക്കുക എന്നത് സമൂഹത്തിന്റെ, അതിലുള്ള വ്യക്തികളുടെ ശീലമാകട്ടെ.

* * *

ഈ ലേഖനം തരംഗിണി എന്ന ഓണ്‍ലൈന്‍ മാഗസിന്‍ ഫെബ്രുവരി ലക്കത്തില്‍ പ്രസിദ്ധീകരിച്ചു:
http://www.tharamginionline.com/articles/viewarticle/36.html

Facebook comments:

Leave a Reply