Facebook My malayalam poems

സായൂജ്യം

October 29, 2013

എന്നെ ചേര്‍ത്തണയ്ക്കുമ്പോഴൊക്കെ
നീ പറയാറുണ്ട്‌
നിന്‍റെ കരങ്ങളില്‍ ഞാന്‍ മുഴുവനായുണ്ടെന്ന്-
എന്‍റെ ബാല്യം മുതലിന്നു വരെ,
എന്‍റെ പുഞ്ചിരി മുതല്‍ കണ്ണുനീര്‍ വരെ,
എന്‍റെ ചിന്തകള്‍ മുതല്‍ കവിതകള്‍ വരെ,
എന്‍റെ നാമം മുതലാത്മാവു വരെ.

സത്യമാണ്.
നീ പുണരുന്ന ഒറ്റ നിമിഷത്തിലാണ്
ഞാന്‍ പൂര്‍ണ്ണതയനുഭവിയ്ക്കുന്നത്;
എന്‍റെ ജനനം മുതലിങ്ങോട്ടുള്ള കാലങ്ങ-
ളൊരു വിശ്രമം പോലെ,
നിന്‍റെ മാറില്‍ തലചായ്ക്കുന്നത്;
എന്നെ മുഴുവനായും
നീയെന്ന പോലെ ഞാന്‍ അറിയുന്നത്.

ഏഴുജന്മം താണ്ടിയാലും,
ഈയൊറ്റ നിമിഷമില്ലെങ്കില്‍,
ഞാനില്ല.

Facebook comments:

Leave a Reply