ഉള്ളിലെടുത്ത ശ്വാസങ്ങളിലൊന്ന്
ഒരിക്കല്‍ നിന്നെ തഴുകിയ വായു-
വെന്നറിയുന്നതു വിരഹം.
നീയിരുന്ന ഇടങ്ങളിലിരുന്ന്, അവിടെ
നിന്റെ ദേഹതാപം തങ്ങുന്നെ-
ന്നോര്ക്കുന്നതു വിരഹം.
നിന്റെ ഇഷ്ടാനിഷ്ടങ്ങളാല്‍ തിരിച്ച്,
ചുറ്റുമുള്ള ദൃശ്യങ്ങളെ കാണുന്ന-
യെന്റെ മിഴികളില്‍ വിരഹം.
ദൂരങ്ങള്‍ കവച്ചൊരു ചിന്തയായ്
നിന്റെ ഹൃദയനാഡികളില് ചേരുവാന്‍
കൊതിക്കുന്നതു വിരഹം.
പ്രണയത്തിന്റെ തീവ്രനാളത്തി-
ലെരിഞ്ഞു പതിയ്ക്കുന്ന നിഴലായ്
മാറുവതെന്റെ വിരഹം.
തൊണ്ടയില്‍ കുരുങ്ങിയ
ചെറുജലകണമായ് മാറിയെന്നെ നന-
യ്ക്കുന്നതെന്റെ വിരഹം…
എന്നിലെ ഏകമിഴിനീര്ക്കണമായ്
മാറുവതെന്റെ വിരഹം…
എന്റെ, നീയെന്ന വിരഹം…